സി.പി. രാധാകൃഷ്ണൻ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. നിലവിൽ മഹാരാഷ്ട്ര ​ഗവർണർ ആണ് രാധാകൃഷ്ണൻ. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നത്.

ആഴ്ചകളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് തീരുമാനം. തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ നേരത്തെ ജാർഖണ്ഡ് ​ഗവർണറായിരുന്നു.

1998-ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണൻ്റെ പാർലമെൻ്ററി ജീവിതം ആരംഭിക്കുന്നത്. 1999-ൽ അദ്ദേഹം വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംപിയായിരുന്ന കാലത്ത്, ടെക്‌സ്റ്റൈൽസിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെൻ്ററി കമ്മിറ്റി (പിഎസ്‌യു)യിലും ധനകാര്യത്തിനായുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പാർലമെൻ്ററി സ്‌പെഷ്യൽ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.

2023 ഫെബ്രുവരി 18-ന് രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറായി നിയമിതനായി. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലങ്കാന ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായും രാധാകൃഷ്ണൻ നിയോ​ഗിതനായിരുന്നു. പിന്നീട് 2024 ജൂലൈ 31 ന് മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21നായിരുന്നു ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ്‌ ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. സെപ്റ്റംബർ 9 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *