ഈരാറ്റുപേട്ടയിൽ വീടിനുള്ളിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ബ്ലേഡ് മാഫിയ ഭീഷണിയെന്ന് സൂചന

പാലാ : ഈരാറ്റുപേട്ടയിലെ വാടക വീടിനുള്ളിൽ പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കൾ ഇയാളുടെ വീട്ടിലെത്തി ഭീഷണി മുഴക്കി എന്നും വിഷ്ണുവിനെ മർദ്ദിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിഷ്ണുവിൻറെ ഭാര്യയെ അവിടെയെത്തി അവഹേളിക്കും എന്ന് ഈ സംഘം ഭീഷണി മുഴക്കിയതായും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്.

വിഷ്ണുവിനൊപ്പം ജീവനൊടുക്കിയ ഭാര്യ രശ്മി ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്‌സിംഗ് സുപ്രണ്ട് ആണ്.

കെട്ടിട നിർമ്മാണ കരാറുകാരൻ ആയിരുന്ന വിഷ്ണു കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു. ബ്ലേഡ് മാഫിയ സംഘങ്ങളുടെ കെണിയിൽ പെട്ട പോയ ഇയാൾ നിരന്തരമായ ഭീഷണിക്കും വിധേയനായിരുന്നു. ചെറുകിട കരാറുകൾ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് പലിശ നൽകി മുൻപോട്ട് പോകവെയാണ് കടുത്തുരുത്തി സംഘം സമ്മർദ്ദം ശക്തമാക്കിയതും ഭീഷണി മുഴക്കിയതും മർദ്ദിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

പാലാ രാമപുരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്ന നിലയിൽ വിഷ്ണു പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആണെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൊതുപ്രവർത്തനങ്ങൾക്ക് ഇടവേള നൽകി ബിസിനസ് തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ യുവാവ്.

Leave a Reply

Your email address will not be published. Required fields are marked *