കൊച്ചി :തായ്‌ലൻഡിൽ നിന്ന് വന്യജീവികളെ അനധികൃതമായി കടത്തിക്കൊണ്ടു വന്ന ദമ്പതികളെ നെടുമ്പാശേരി വിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടി.
പത്തനംതിട്ട സ്വദേശികളായ ജോബ്സൺ ജോയ്, ഭാര്യ ആര്യമോൾ എന്നിവരാണ് പിടിയിലായത്.
ആറ് വന്യജീവികളെയാണ് ഇവർ കടത്തിയത്. മക്കാവു തത്ത, മൂന്നു മർമോ കുരങ്ങുകൾ, രണ്ട് ടാമറിൻ കുരങ്ങുകൾ എന്നിവയാണ് കണ്ടെടുത്തത്. ഇവയ്ക്ക് വിപണയിൽ ലക്ഷക്കണക്കിന് രൂപ വില വരും. പ്രത്യേക പെട്ടിയിലാക്കിയാണ് ഇവയെ എത്തിച്ചത്.
അഞ്ചു കുഞ്ഞൻ കുരങ്ങുകളെയും മക്കാവു തത്തയയുമാണ് കടത്താൻ ശ്രമിച്ചത് .കോമൺ മർമോസെറ്റ് ഇനത്തിൽപ്പെട്ട മൂന്നു കുരങ്ങുകളും വൈറ്റ് ലിപ്ഡ് ടാമറിൻ ഇനത്തിൽപ്പെട്ട രണ്ടു കുരങ്ങുകളും നീല നിറമുള്ള ഒരു ഹയസിന്ത് മക്കാവോ പക്ഷിയുമാണ് ബാഗേജിൽ മൂന്നു പെട്ടികളിലാക്കി ഒളിപ്പിച്ചിരുന്നത്. കൈക്കുള്ളിൽ ഒതുങ്ങുന്ന കുഞ്ഞൻ കുരങ്ങ് ആണ് മാർമോസെറ്റ് മങ്കി. ഒരെണ്ണത്തിന് മൂന്നു ലക്ഷം രൂപ വരെ വിലയുണ്ട്.
ഇരുവരും കാരിയർമാരെന്നാണ് കസ്റ്റംസ് നിഗമനം. പിടിയിലായവരെയും ഇവർ കൊണ്ടു വന്ന ജീവികളെയും വനം വകുപ്പിന് കൈമാറി.വനം വകുപ്പ് ഇവരെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. മൃഗങ്ങളെ തൃശൂർ പുത്തൂർ മൃഗശാലയിലേക്കു മാറ്റി.