വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളര്‍ മങ്ങി: 36,500 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

ഹോദരിയുടെ കല്യാണ നിശ്ചയത്തിനായി വാങ്ങിയ സാരി ഉടുത്തപ്പോള്‍ കളര്‍ പോയതിനെ തുടര്‍ന്ന് പരാതിപെട്ടപ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത എതിര്‍കക്ഷിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. സ്ഥാപനത്തിന് കോടതി 36,500 രൂപ പിഴ ചുമത്തി. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്‌ളാവോസ്, ആലപ്പുഴയിലെ ഇഹാ ഡിസൈന്‍സ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഭാര്യക്കും മറ്റു ബന്ധുക്കള്‍ക്കും 89,199 രൂപയ്ക്ക് 14 സാരികള്‍ ആണ് പരാതിക്കാരന്‍ വാങ്ങിയത്. മികച്ച ഗുണമേന്മയുള്ളവയെന്ന് എതിര്‍ കക്ഷി വിശ്വസിപ്പിച്ചുവെന്ന് പരാതിക്കാരന്‍ പറയുന്നു. അതില്‍ 16,500 രൂപ വിലയുള്ള സാരി ഉടുത്ത് ആദ്യ ദിവസം തന്നെ കളര്‍ നഷ്ടമായി. വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനാണ് സാരി വാങ്ങിയത് എന്നതിനാല്‍ പരാതിക്കാരനും ഭാര്യയ്ക്കും ഏറെ മന:ക്ലേശം ഉണ്ടായി. ഈമെയില്‍,വക്കില്‍നോട്ടീസ് എന്നിവയിലൂടെ സാരിയുടെ ന്യൂനത എതിര്‍കക്ഷിയെ അറിയിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ല.
‘കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന സുപ്രധാനമായ ചടങ്ങില്‍ ധരിച്ച സാരിയുടെ കളര്‍ പോയി എന്ന പരാതി പരിഹരിച്ചില്ല എന്ന എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും ആണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉപഭോക്തൃ സൗഹൃദം അല്ലാത്ത ഇത്തരത്തിലുള്ള വ്യാപാരികളുടെ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്ക് നിശബ്ദമായിരിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍ ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നല്‍കണം. കൂടാതെ, നഷ്ടപരിഹാരം, കോടതി ചിലവ് എന്നിവക്ക് 20,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.
പരാതിക്കാരന് വേണ്ടി അഡ്വ.ആല്‍വിന്‍ ജ്വല്‍ എസ്.എസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *