കളമശ്ശേരിയിൽ കളം മാറുന്നു; നിർണായക നീക്കത്തിന് കോൺഗ്രസും യുഡിഎഫും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ചർച്ചകളിലേക്ക് രാഷ്ട്രീയ കേരളം കടക്കുമ്പോൾ എറണാകുളത്ത് നിർണായക നീക്കത്തിനൊരുങ്ങി കോൺഗ്രസ്. ചില സീറ്റുകൾ വെച്ചു മാറാനുള്ള ചർച്ചകളാണ് ഇതിൽ പ്രധാനം. മധ്യകേരളത്തിൽ ലീഗിനുള്ള സീറ്റായ കളമശ്ശേരി ഏറ്റെടുക്കാനുള്ള ചർച്ചകൾ സജീവമാണ്. ഇക്കുറിയും ലീഗ് മത്സരിച്ചാൽ വിജയ സാധ്യതയില്ലെന്ന് വിലയിരുത്തലിലാണ് നീക്കം. പകരം ജില്ലയിൽ തന്നെ വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് നൽകും.

ലീഗിന്റെ കളമശ്ശേരി

മണ്ഡലം രൂപീകരിച്ച 2011 മുതൽ കളമശ്ശേരി മുസ്ലിം ലീഗിനാണ്. ആദ്യ രണ്ട് ടേമുകളിൽ വി.കെ ഇബ്രാഹിം കുഞ്ഞ് മത്സരിച്ച് വിജയിച്ച മാണ്ഡലമാണിത്. രണ്ട് തുടർവിജയങ്ങളുടെ പശ്ചാത്തലത്തിൽ ലീഗ് തങ്ങളുടെ ഉറച്ച കോട്ടയായി തന്നെ വിശ്വസിച്ചു പോരുന്ന ഘട്ടത്തിലാണ് പാലാരിവട്ടം പാലം ഉൾപ്പെടെയുള്ള അഴിമതി വിഷയങ്ങൾ ഇബ്രാഹിംകുഞ്ഞിനും ലീഗിനും തിരിച്ചടിയാകുന്നത്. ഇതോടെ ഇബ്രാഹിംകുഞ്ഞിന് മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. പകരം മകൻ അബ്ദുൾ ഗഫൂറാണ് 2021ൽ യുഡിഎഫ് സ്ഥാനാർത്ഥിയായത്. അതേസമയം ജില്ലയിലെ ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയെ തന്നെ ഇടതു മുന്നണി കളമശ്ശേരിയിൽ അവതരിപ്പിച്ചതോടെ മൂന്നാം അവസരത്തിൽ ലീഗിന് കാലിടറി.

തിരിച്ചുപിടിക്കാൻ കോൺഗ്രസ്

യുഡിഎഫിന് ഇപ്പോഴും വിജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലമാണ് കളമശ്ശേരി. 2021ൽ പി രാജീവിനോട് 15000ത്തിൽ പരം വോട്ടിനാണ് പരാജയപ്പെട്ടതെങ്കിലും മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം. എന്നാൽ പാലം അഴിമതി കേസ് ഇപ്പോഴും തുടരുന്നതിനാൽ വീണ്ടും ഇവിടെ മത്സരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ലീഗിനകത്തെ തന്നെ അടക്കം പറച്ചിൽ. ഈ സാഹചര്യത്തിലാണ് മണ്ഡലം തിരികെ പിടിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. അങ്ങനെയെങ്കിൽ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും.

പകരം പെരുമ്പാവൂർ

സീറ്റ് കോൺഗ്രസ്സിന് നൽകാൻ ധാരണയായാൽ ലീഗിന് പകരം പെരുമ്പാവൂർ നൽകാനാണ് സാധ്യത. ജാതി സമവാക്യങ്ങളും ഇവിടെ അനുകൂലമാണ്. പെരുമ്പാവൂരിലെ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക്‌ എതിരെ കേസുകളും ആരോപണങ്ങളും ഉള്ളതിനാൽ വീണ്ടും മത്സരിക്കുന്നതിൽ യുഡിഎഫിലും കോൺഗ്രസ്സിനുള്ളിൽ തന്നെയും എതിർപ്പുണ്ട്. സീറ്റ് ലീഗിന് വിട്ടു നൽകുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് യോജിപ്പാണ്.

കളം പിടിക്കാൻ ഷിയാസ്

മുഹമ്മദ്‌ ഷിയാസ് ഇക്കുറി മത്സരിക്കണമെന്ന ആവശ്യവും ജില്ലാ കോൺഗ്രസിൽ ശക്തമാണ്. ഷിയാസ് മത്സരിച്ചാൽ കളമശ്ശേരി സീറ്റ് തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ കോൺഗ്രസിന് ഉജ്ജ്വല നേതൃത്വം നൽകുന്ന ഷിയാസ് കേരളത്തിലെ ഡിസിസി പ്രസിഡണ്ടുമാരിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരാളാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിശ്വസ്തൻ കൂടിയായതിനാൽ കാര്യങ്ങൾ ഷിയാസിന് അനുകൂലമാകും എന്നാണ് വിലയിരുത്തൽ.

ഇടത് പ്രതീക്ഷകൾ

മൂന്നാം തവണയും അധികാരത്തിലെത്തുകയെന്ന വലിയ ദൗത്യമാണ് ഇടതു മുന്നണിയുടേത്. മധ്യകേരളത്തിൽ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രമായി തുടരുന്ന എറണാകുളം ജില്ലയിൽ പി രാജീവിന്റെ വിജയം ഏറെ ആഘോഷിക്കപ്പെട്ടതാണ്. രാജീവിലൂടെ കളമശ്ശേരി നിലനിർത്താമെന്ന പ്രതീക്ഷയിൽ തന്നെയാണ് സിപിഎം ഉള്ളത്. എംഎൽഎ എന്ന നിലയിലും മന്ത്രി എന്ന നിലയിലും രാജീവിന്റെ പ്രവർത്തനങ്ങളും ജനകീയമായമാണെന്ന വിലയിരുത്തൽ അണികൾക്കിടയിലുണ്ട്.

കളമൊരുങ്ങുന്നത് മധ്യകേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രിയ പോരാട്ടത്തിന്

നിലവിലെ സാഹചര്യത്തിൽ പി രാജീവ് വീണ്ടും മത്സരിക്കുകയാണെങ്കിൽ ലീഗ് സ്ഥാനാർത്ഥികൾ വെല്ലുവിളി സൃഷ്ടിക്കുന്നില്ല. എന്നാൽ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുകയും ഷിയാസ് സ്ഥാനാർത്ഥിയായി വരികയുമാണെങ്കിൽ പോരാട്ടം ശക്തമാകും. കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി അഭിമാന പോരാട്ടത്തിൽ അണിനിരക്കും എന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. രാജീവിന്റെ തുടർച്ചയ്ക്ക് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ തന്നെ മറുപടി പറയാൻ ഇറങ്ങിയാൽ മികച്ച രാഷ്ട്രീയ പോരാട്ടത്തിന് ആയിരിക്കും കളമശ്ശേരിയിൽ കളമൊരുങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *