നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എംപിമാര്‍. 2026 ല്‍ യുഡിഎഫിനു അധികാരം ലഭിക്കുമെന്നും സംസ്ഥാന മന്ത്രിയാകാമെന്നും സ്വപ്‌നം കണ്ടാണ് പല കോണ്‍ഗ്രസ് എംപിമാരും ഡല്‍ഹി വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്.
അടൂര്‍ പ്രകാശിനു പച്ചക്കൊടി, ബെന്നി ബെഹനാനും സുധാകരനും സാധ്യത
ആറ്റിങ്ങല്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശ് ആണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നവരില്‍ പ്രമുഖന്‍. യുഡിഎഫ് കണ്‍വീനര്‍ കൂടിയായതിനാല്‍ അടൂരിനു ഹൈക്കമാന്‍ഡ് പച്ചക്കൊടി വീശിയേക്കും. കോന്നി നിയമസഭാ സീറ്റാണ് അടൂര്‍ പ്രകാശ് ആഗ്രഹിക്കുന്നത്. 1996 മുതല്‍ 2019 വരെ കോന്നി എംഎല്‍എയായിരുന്നു അടൂര്‍ പ്രകാശ്. കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലം 2019 ല്‍ കൈവിട്ടു പോകുന്നത് അടൂര്‍ പ്രകാശ് ലോക്‌സഭയിലേക്ക് പോയതോടെയാണ്. അടൂര്‍ പ്രകാശ് എത്തിയാല്‍ കോന്നി തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസും കരുതുന്നു. അതിനാല്‍ അടൂര്‍ പ്രകാശിനു സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് അവസരമൊരുക്കും.
കണ്ണൂര്‍ എംപി കെ.സുധാകരന്‍, ചാലക്കുടി എംപി ബെന്നി ബെഹനാന്‍, പത്തനംതിട്ട എംപി ആന്റോ ആന്റണി എന്നിവരും എംപി സ്ഥാനം വിട്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തിയേക്കും. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ അപമാനിച്ചാണ് നീക്കം ചെയ്തതെന്ന വിഷമം സുധാകരനുണ്ട്. സുധാകരനെ രമ്യതപ്പെടുത്താന്‍ നിയമസഭാ സീറ്റും സംസ്ഥാന മന്ത്രിസ്ഥാനവും നല്‍കാന്‍ പോലും യുഡിഎഫ് തയ്യാറാണ്. അങ്ങനെയെങ്കില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാകും സുധാകരന്‍ മത്സരിക്കുക.
കെപിസിസി അധ്യക്ഷനാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട നേതാവായിരുന്നു ആന്റോ ആന്റണി. എന്നാല്‍ അവസാന സമയത്താണ് സണ്ണി ജോസഫ് അധ്യക്ഷ പദവിയിലേക്ക് എത്തിയത്. ചില ഗ്രൂപ്പ് തര്‍ക്കങ്ങളാണ് തനിക്കെതിരായ നീക്കത്തിനു കാരണമെന്ന് ആന്റോ ആന്റണിയും കരുതുന്നു. അതുകൊണ്ട് നിയമസഭാ സീറ്റ് നല്‍കി ആന്റോ ആന്റണിയെ രമ്യതപ്പെടുത്തുകയാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. ബെന്നി ബെഹനാനും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. അടൂര്‍ പ്രകാശിനൊപ്പം ഇവര്‍ മൂന്ന് പേര്‍ക്കും ഹൈക്കമാന്‍ഡ് ഇളവ് അനുവദിക്കും.
മറ്റുള്ളവര്‍
കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.കെ.രാഘവന്‍ എന്നിവരും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡിനു അനുകൂല നിലപാടല്ല.
ഷാഫിക്ക് ‘ട്രാപ്പ്’
പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിനു സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ടെങ്കിലും 2026 ല്‍ അത് സാധ്യമാകില്ല. വടകര എംപിയായ ഷാഫി പറമ്പില്‍ ഈ ടേം പൂര്‍ത്തിയാകും വരെ ലോക്‌സഭയില്‍ തുടരണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അടുത്ത തവണ ലോക്‌സഭയില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കാമെന്നും നിയമസഭയിലേക്ക് മത്സരിക്കാമെന്നുമാണ് ഷാഫിക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഉറപ്പ്.