വയനാട് ദുരന്തബാധിതര്‍ക്ക് വീടുവച്ച് നല്‍കുമെന്ന പ്രഖ്യാപനം നടപ്പായില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസില്‍ പരാതി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠന ക്യാമ്പില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

യനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം എട്ടുപേര്‍ക്കെതിരെയാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കോലഞ്ചേരി സ്വദേശി ടി.ആര്‍.ലക്ഷ്മിയാണ് പരാതിക്കാരി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. സാമ്പത്തിക ദുരുപയോഗത്തില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠന ക്യാമ്പില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി. ഡിവൈഎഫ്‌ഐ വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടും യൂത്ത് കോണ്‍ഗ്രസിന് ഒരു വീടിന്റെ പോലും നിര്‍മ്മാണം തുടങ്ങാനായില്ലെന്നാണ് കുറ്റപ്പെടുത്തല്‍. വയനാട്ടിലെ പ്രതിനിധികളാണ് ചര്‍ച്ച തുടങ്ങിവച്ചത്. ഇത് മറ്റു ജില്ലകളിലെ പ്രതിനിധികളും ഏറ്റെടുത്തു.
വീട് നിര്‍മ്മാണത്തിനായി ഒരു മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ പിരിച്ചെടുക്കണം എന്നായിരുന്നു നിര്‍ദേശം. പണം പിരിച്ചു തരാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെ മാറ്റുമെന്നും പറഞ്ഞിരുന്നു. ഭൂരിപക്ഷം കമ്മിറ്റികളും പണം നല്‍കിയിട്ടും വീടുപണി തുടങ്ങിയില്ല. ഇത് വലിയ നാണക്കേടുണ്ടാക്കിയെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. 88 ലക്ഷം രൂപയാണ് അക്കൗണ്ടില്‍ വന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശനത്തിനുള്ള മറുപടിയില്‍ വിശദീകരിച്ചു. കെപിസിസിയുമായി ചേര്‍ന്ന് ഭവന പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന നേതൃത്വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *