തിരുവനന്തപുരം: തൊട്ടാൽ കൈ പൊള്ളുന്ന വിലയുമായി വെളിച്ചെണ്ണ കുതിപ്പ് തുടരുന്നു. ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വിൽപ്പന വില 564 രൂപ മുതൽ 592 രൂപ വരെ ആയിരിക്കുകയാണ്. മലയാളിയും വെളിച്ചെണ്ണയും തമ്മിലുള്ള അഭേദ്യമായ ബന്ധം കണക്കിലെടുത്താൽ പകരക്കാരനെ കണ്ടെത്താൻ മലയാളികൾ ഏറെ ബുദ്ധിമുട്ടേണ്ടി വരും. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത
പരമാവധി വിൽപ്പന വില എന്നത് 675 രൂപയായാണ് മിക്ക ബ്രാൻഡുകളും കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാൻഡഡ് വെർജിൻ വെളിച്ചെണ്ണയുടെ വില 700 രൂപ മുതൽ 850 രൂപവരെ ആണ്. വിപണിയിൽ വെളിച്ചെണ്ണ വില ഉയർന്നപ്പോൾ മറ്റ് പാചക എണ്ണകളുടെ വിലയും ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ബ്രാൻഡഡ് റൈസ് ബ്രാൻ ഓയിൽ, ലിറ്ററിന് 157 രൂപ മുതൽ 185 രൂപ വരെ വില ഉയര്‍ന്നു. ബ്രാൻഡഡ് സൺഫ്ലവർ ഓയിലിന് ലിറ്ററിന് 165 രൂപ മുതൽ 195 രൂപ വരെയാണ് വില. നല്ലെണ്ണയ്ക്ക് ലിറ്ററിന് 390 രൂപ മുതൽ 450 രൂപ വരെയും വിലയായി.
അതേസമയം കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ കിട്ടുമെന്ന പ്രതീക്ഷയിൽ സപ്ലൈകോ ഔട്ട്‍ലെറ്റുകളിൽ എത്തുന്നവർക്ക് നിരാശയാണ് ഫലം. സപ്ലൈകോയിൽ വെളിച്ചെണ്ണ വന്നിട്ട് മാസങ്ങളായി. ഓണക്കാലമാകുമ്പോഴെങ്കിലും സർക്കാർ ഇടപെട്ട് വില കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. ഇങ്ങനെ പോയാൽ വെളിച്ചെണ്ണ വാങ്ങാൻ മലയാളി ലോണെടുക്കേണ്ട അവസ്ഥയാണ്. ഉയർന്ന വില വീട്ടിലെ ബജറ്റിനെ തന്നെ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ് വീട്ടമ്മമാര്‍.
വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിപണി വില നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ന്യായവിലയ്ക്ക് സപ്ലൈക്കോ വഴി വെളിച്ചെണ്ണ ലഭ്യമാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസം 277 രൂപയ്ക്ക് നല്‍കിയ വെളിച്ചെണ്ണ ഈ മാസം 321 രൂപയ്ക്കാണ് നല്‍കുന്നത്. നിലവിലെ സ്റ്റോക്ക് പരിമിതമാണ്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വെളിച്ചെണ്ണ കേരളത്തിലെ വിപണിയില്‍ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓണവിപണിയില്‍ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട്ലറ്റില്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്നു മന്ത്രി ഉറപ്പു നൽകി. മറ്റ് സംസ്ഥാനങ്ങളിലെ ഭക്ഷ്യമന്ത്രിമാരുമായി ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തുമെന്നും സപ്ലൈകൊയ്ക്ക് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകുന്നവർക്ക് 15 ദിവസത്തിനകം പണം നൽകുമെന്നും ജി ആര്‍ അനില്‍ പറഞ്ഞു.