ദേശീയ വിദ്യാഭ്യാസ നയം ഇവിടെ വേണ്ട; തമിഴ്‌നാട് സ്വന്തം വിദ്യാഭ്യാസ നയം പുറത്തിറക്കി

ചെന്നൈ: കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) ബദലായി തമിഴ്‌നാട് സ്വന്തം വിദ്യാഭ്യാസ നയം പുറത്തിറക്കി. തമിഴ്‌നാട് കോട്ടൂർപുരത്തെ അണ്ണാ സെന്റിനറി ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാന വിദ്യാഭ്യാസ നയം (SEP) പ്രഖ്യാപിച്ചു.

പുതിയ നയം തയ്യാറാക്കുന്നതിനായി റിട്ട. ജസ്റ്റിസ് മുരുകേശന്റെ നേതൃത്വത്തിൽ 14 അംഗ സമിതി 2022 ൽ രൂപീകരിച്ചിരുന്നു. പാനൽ 2024 ജൂലൈയിൽ മുഖ്യമന്ത്രിക്ക് ശുപാർശകൾ സമർപ്പിച്ചു. തുടർന്ന് ഇന്ന് വിദ്യാഭ്യാസനയ രേഖ ഔദ്യോഗികമായി പുറത്തിറക്കി. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോർമുല പാടെ നിരസിക്കുന്നതാണ് സംസ്ഥാനത്തിന്റെ പുതിയ ദ്വിഭാഷാ നയം. ആർട്സ്, സയൻസ് കോഴ്സുകളിലേക്കുള്ള ബിരുദ പ്രവേശനം പൊതു പ്രവേശന പരീക്ഷയ്ക്ക് പകരം 11, 12 ക്ലാസുകളിലെ ഏകീകൃത മാർക്കിന്റെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.

3, 5, 8 ക്ലാസുകളിലെ പൊതു പരീക്ഷകൾക്കുള്ള എൻഇപിയുടെ നിർദ്ദേശത്തിനെതിരെയും സംസ്ഥാനം എതിർപ്പ് പ്രകടിപ്പിച്ചു. ഇത് പിന്തിരിപ്പൻ നയമാണെന്നും തികച്ചും സാമൂഹിക വിരുദ്ധവും കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാവുമെന്നും സംസ്ഥാന കമ്മിറ്റി പറഞ്ഞു. കൂടാതെ കേന്ദ്ര സർക്കാർ നയം വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിനും കാരണമാകുമെന്ന് തമിഴ്‌നാട് വാദിച്ചു.

കൂടാതെ, വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരാനും എസ്ഇപി ശുപാർശ ചെയ്തിട്ടുണ്ട്. ശാസ്ത്രം, എ ഐ , ഇംഗ്ലീഷ് എന്നിവയ്ക്ക് വലിയ പ്രോത്സാഹനം നൽകണമെന്നും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഗണ്യമായ നിക്ഷേപം നടത്തണമെന്നും കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഫണ്ടുകളുടെ കാര്യത്തിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നയം പുറത്തിറക്കിയത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേന്ദ്രം 2,152 കോടി രൂപ തടഞ്ഞുവച്ചതായി തമിഴ്‌നാട് ആരോപിച്ചു.

സംസ്ഥാനം നീറ്റ് അംഗീകരിച്ചാൽ മാത്രമേ ഫണ്ട് അനുവദിക്കൂ എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. കേന്ദ്രം 1,000 കോടി രൂപ നൽകിയാലും തമിഴ്‌നാട് എൻഇപി നടപ്പാക്കില്ല. ഒരു രൂപത്തിലും അടിച്ചേൽപ്പിക്കുന്നത് തമിഴ്‌നാടിന് ഇഷ്ടമല്ലെന്നു എസ്‌ഇപിയുടെ ഉദ്ഘാടന വേളയിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *