മുഖ്യമന്ത്രി സംരക്ഷണ കവചമൊരുക്കി കാത്തു;സേനയിലെ ഏകാധിപത്യവും താൻ പോരിമയും തിരിച്ചടിയായി;പൂരം കലക്കലിന് പരിഹാരം തേടിയ മലകയറ്റവും വിവാദത്തിൽ

തിരുവനന്തപുരം :പിണറായി വിജയൻ സർക്കാറിന്റെ എക്കാലത്തെയും വിശ്വസ്തനായ ഉദ്യോഗസ്ഥൻ എന്ന പദവിയിൽ നിന്ന് സർക്കാറിന് ഏറ്റവും തലവേദനയുണ്ടാക്കിയ ഉദ്യോഗസ്ഥൻ എന്ന തലത്തിലേക്ക് എ ഡി ജി പി എം ആർ അജിത് കുമാർ എത്തിയത് വർഷങ്ങളെടുത്താണ്. അധികാരത്തിന്റെ സുഖശീതിളിമയിൽ ഒളി മങ്ങിയ ഉദ്യോഗസ്ഥനായി മാറി. എപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും ഇടത്പക്ഷത്തിന് പൊതുവെയും വിളിപ്പാടകലെ നിന്ന ഉദ്യോഗസ്ഥൻ. പലപ്പോഴും രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചതിലൂടെ സ്വന്തം സേനയിൽ പോലും അപ്രസക്തനായിപ്പോയ എ ഡി ജി പി.

സ്വർണക്കടത്ത്, അനധികൃത സ്വത്ത് സമ്പാദനം, ആർ എസ് എസ് ബന്ധം, പൂരം കലക്കൽ, എലത്തൂർ തീവണ്ടിയാക്രമണക്കേസിലെ ഒളിയമ്പ്, നവകേളയാത്രയിലെ രക്ഷാപ്രവർത്തനം ട്രാക്ടർ വിവാദം തുടങ്ങി ആ പട്ടിക അങ്ങനെ നീളുകയാണ്. പി വി അൻവറും പാർട്ടിയും തമ്മിൽ പിണങ്ങിയതോടെയാണ് അജിത് കുമാറിന്റെ ജാതകം മാറിയതെന്ന് പറയുന്നതാണ് ശരി. പിവി അൻവർ മുഖ്യന്ത്രിയോടെ ഇടഞ്ഞത് പോലും എം ആർ അജിത് കുമാറിന്റെ ഇടപെടലിന്റെ പേര് പറഞ്ഞാണ്.

എസ് പി സുജിത് ദാസിനെ എം ആർ അജിത് കുമാർ അമിതമായി സംരക്ഷിച്ചതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നീതി നിർവഹണത്തിൽ കൈകടത്തിയതും അതിനായി എം ആർ അജിത് കുമാറിനെ ഉപയോഗപ്പെടുത്തിയതുമാണ് പി വി അൻവൻ ആദ്യഘട്ടത്തിൽ പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം. പലഘട്ടങ്ങളിലും സുജിത് കുമാറിനെതിരെ നിലപാടെടുത്ത അൻവർ നേരിട്ടി മുഖ്യമന്ത്രിയോടെ കാര്യങ്ങൾ അവതരിപ്പിച്ചു. പൊലീസ് സ്റ്റേഷൻ വളപ്പിലെ മരംമുറിയിലാണ് ആദ്യം അൻവറിന് അടിപതറിയത്. ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി കാര്യങ്ങൾ പറഞ്ഞപ്പോഴുള്ള സമീപനമായിരുന്നില്ല പിന്നീട്. അത് എം ആർ അജിത് കുമാറിന്റെ ഇടപെടലാണെന്ന് അൻവർ വിശ്വസിച്ചു. അത് എം ആർ അജിത് കുമാറിനെ പരസ്യമായി കുറ്റപ്പെടുത്തുന്ന തരത്തിലേക്ക് എത്തി. പക്ഷേ അതിനായി ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനപ്പെട്ട രണ്ടിലും എം ആർ അജിത് കുമാർ പ്രതിസ്ഥാനത്തായി. പൂരം കലക്കലും.. ആർ എസ് എസ് നേതാവിനെ കണ്ടതും.

ഈ വിവാദത്തന്റെ തുടച്ചയായായണ് അജിത് കുമാറിന് സംസ്ഥാന പൊലീസ് മേധാവിപ്പട്ടം നഷ്ടമായത്. പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ എത്തിയതോടെ പൊലീസ് ആസ്ഥാനത്തെ എ ഡി ജി പിയായി അജിത് കുമാറെത്തുമെന്ന പ്രതീക്ഷയും ഈ ട്രാക്ടർ യാത്രാ വിവാദത്തോടെ അസ്ഥാനത്തായി.

എസ് എഫ് ഐ യുടെ എക്കാലത്തെയും ഉരുക്കുകോട്ടായ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നിന്നാണ് എം ആർ അജിത് കുമാറിന്റെ ഇക്കണ്ട വളർച്ചയിലേക്കുള്ള തുടക്കം. ജിയോളജിയിൽ റാങ്ക് നേടി പാസായ ശേഷമാണ് അജിത് കുമാർ സിവിൽ സർവീസ് പാസാകുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കമ്മീഷണറായ കാലത്താണ് അജിത് കുമാറിന്റെ നീക്കങ്ങൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

അതേ കാലത്ത് സർവീസിൽ കയറിയവരെല്ലാം കാലാകാലങ്ങളിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോഴും അജിത് കുമാർ കേരളത്തിൽ ഉറച്ചു നിന്നു. ആദ്യമായി പേരുദോഷമേറ്റത് സോളാർ കമ്മീഷൻ അന്വേഷണക്കാലത്താണ്. എന്നാൽ ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ അന്വേഷണ റിപ്പോർട്ടിലെ ക്ലീൻ ചിറ്റ് ആശ്വാസമായി.

സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ അജിത് കുമാറിന്റെ ഇടപെടലുകൾ പക്ഷേ തിരിച്ചടിയായി. അന്ന് വിജിലൻസ് ഡയറക്ടറായിരുന്ന അജിത്കുമാർ സ്വപ്നയുടെ കൂട്ടാളിയായ സരിത്തിനെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ഇത് മുഖ്യമന്ത്രിയെ സംരക്ഷിക്കാനായിരുന്നുവെന്ന് പിന്നീട് വ്യാഖ്യാനിക്കപ്പെട്ടു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായി അജിത്കുമാർ മാറിയത്. പക്ഷേ പദവി രാജിവെക്കേണ്ടി വന്നു. തുടർന്ന് താരതമ്യേന അപ്രധാനമായ സിവിൽ റൈറ്റ്സ് എ ഡി ജി പി പദവിയിലായി.

അധികം കാത്തിരിക്കേണ്ടി വന്നില്ല. ഉദ്ദിഷ്ടകാര്യത്തിലെ ഉപകാര സ്മരണ എം ആർ അജിത് കുമാറിനെ തേടിയെത്തി. നാല് മാസം കൊണ്ട് ലോ ആൻറ് ഓർഡർ പദവിയിൽ തിരികെയെത്തി. അതൊരു തിരിച്ചുവരവായിരുന്നു. ഡി ജി പിക്കും മുകളിൽ വളർന്ന എ ഡി ജി പിയായിരുന്നു അക്കാലം മുതൽ അജിത് കുമാർ. ഇതിനൊപ്പം ചില ഒളിയമ്പുകളും ഉണ്ടായിരുന്നു എ ഡി ജി പിയ്ക്ക്. അതിൽ പ്രധാനപ്പെട്ടതാണ് പി വിജയനെതിരെ ഉയർത്തിയ ആരോപണങ്ങൾ. എലത്തൂർ തീവണ്ടിയാക്രമണക്കേസിൽ പൊലീസിലെ തീവ്രവാദ വിരുദ്ധ സേനയാണ് പ്രതിയെ അതിവേഗം പിടികൂടിയത്. പ്രതിയുടെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്നതിന്റെ പേരിൽ പി വിജയനെ സസ്പെന്റ് ചെയ്തു. ഇത് സേനക്കകക്ക് വലിയ മുറുമുറുപ്പുണ്ടാക്കി. ഇതിന്റെ തുടർച്ചയായി ശബരിമലയിൽ പി വിജയൻ നടപ്പിലാക്കിയ പുണ്യം പൂങ്കാവനം പദ്ധതിയും അവതാളത്തിലാക്കി. അഴിമതി ആരോപണമാണ് പ്രധാനമായും പി വിജയനെതിരെ ഉന്നയിച്ചത്.

പി ശശിയുടെ മാനസപുത്രനായി വളർന്നതാണ് അജിത് കുമാറിന്റെ രാശിമാറ്റിയത്. മുഖ്യമന്ത്രിയുമായി നേരിട്ടായി സംഭാഷണം. ഡി ജി പി പലപ്പോഴും അപ്രസക്തനായി. അങ്ങനെയാണ് നവകേരളയാത്രയ്ക് ചുക്കാൻ പിടിക്കാൻ അജിത് കുമാർ നേരിട്ടെത്തിയത്. അക്കാലത്ത് കണ്ണൂരിലും ആലപ്പുഴയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ടാക്രമിച്ച പിണറായി മോഡൽ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചതും മറ്റാരുമല്ല.

തൃശൂർ പൂരം കലക്കലിലാണ് അജിത്കുമാറിന്റെ കഷ്ടകാലം തുടങ്ങിയത്. ഇത് ആർ എസ് ബന്ധത്തിലേക്കും വഴി തുറന്നു. ആർ എസ് എസ് നേതാവ് ദത്രാത്തേയ ഹൊസബള്ളയെ സന്ദർശിച്ചതും തൃശൂരിലെ ബി ജെ പിയുടെ ജയവും അജിത് കുമാറിന് തിരിച്ചടിയായി. തൃശൂർ പൂര ദിവസം സംസ്ഥാനത്തിന്റെ ക്രമസമാധന ചുമതലയുള്ള നേതാവായ അജിത് കുമാർ തൃശൂരിലുണ്ടായിട്ടും ചുമതലയിലില്ല. കേരളം മുഴുവൻ ചർച്ച ചെയ്ത പൂര വിവാദം ആ ദിവസം അജിത് കുമാർ അറിഞ്ഞുപോലുമില്ല. സുരേഷ് ഗോപി ആംബുലൻസിൽ അവിടെ എത്തിയിട്ടും വിളിപ്പാടകലെ ഹോട്ടൽ മുറിയിലുള്ള പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം അറിഞ്ഞേയില്ലെന്ന് വാദം സർക്കാറും പൊലീസും വിശ്വസിച്ചില്ല. ഇത് മുഖ്യമന്ത്രിയുടെ അറിവോടെ ബി ജെ പിക്ക് ഒത്താശ ചെയ്യാൻ ആർ എസ് എസ് നേതാവിന്റെ വാക് ശാസന അനുസരിച്ചതാണെന്ന് ആക്ഷേപം ഉയർന്നപ്പോഴും സർക്കാർ സംരക്ഷണ കവചമൊരുക്കി കൂടെ നിന്നു പക്ഷേ ഘടകകക്ഷിയിലെ സി പി ഐ നിലപാട് വ്യക്തമാക്കിയോടെ അജിത് കുമാറിന് മാറി നിൽക്കേണ്ടി വന്നു. അപ്പോഴും അച്ചടക്കനടപടിയില്ല. അവിടെയും പിണറായി കവചം മുതൽക്കൂട്ടായി.

തൊട്ട് പിന്നാലെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദനത്തിലും അജിത് കുമാർ ഉലഞ്ഞു. കൊട്ടാരസമാനമായ വീട് പണിയുന്ന എ ഡി ജി പിയുടെ വരുമാന സോത്രസ്സുകൾ ചർച്ചയായി. പക്ഷേ ഇതൊന്നും ഗുരുതരമായില്ല. പലതിനും ക്ലിഫ് ഹൌസിൽ നിന്നുള്ള നിർദേശത്തിലൂടെ പര്യവസാനമായി.

പൂരംകലക്കി ബി ജെ പി സഹായിച്ചത് കരുവന്നൂർ സഹകരണ ബാങ്കുമായി ഉയർന്ന സാമ്പത്തിക ക്രമക്കേടും മുഖ്യമന്ത്രുടെ മകൾക്കെതിരായ എസ് എഫ് ഐ ഒ അന്വേഷണവും ഒതുക്കിത്തീർക്കാനുള്ള കൈക്കൂലിയാണെന്ന് ആക്ഷേപം പക്ഷേ പൂർണമായും നിഷേധിക്കാനായില്ല. പൂരം കലക്കിയത് വലിയ വിശ്വാസത്തിന്റെ തിരിച്ചടിയായി കണക്കാക്കി. ചരിത്രത്തിലാദ്യമായി പകൽ വെടിക്കെട്ട് നടത്തി. ആ അനുഭവം അജിത് കുമാറിന്റെ പദവിയിലും വന്നു. ഏറെ പ്രഭാവത്തോടെ ആകാശത്ത് തെളിഞ്ഞു കത്തേണ്ടിയിരുന്ന വെടിക്കെട്ട് പകഷവെളിച്ചത്തിൽ ഒളിമങ്ങിപ്പോയി. ഡി ജി പി പദവിയിൽ തിളങ്ങേണ്ട അജിത് കുമാറിന്റെ ഭാവി പൂരം കലക്കലിലൊതുങ്ങി..

അവസാനിമിതാ ശബരിമലയിലെ ട്രാക്ടർ വിവാദവും.. നേരത്തെ പി വിജയനെ അട്ടിമറിക്കാൻ അലങ്കോലപ്പെടുത്തിയ പുണ്യം പൂങ്കാവനത്തിന് കാലം മറുപടി പറയുന്നുവെന്നാണ് സേനയിലെ ഒരു വിഭാഗം ഇതിനെ വിമർശിക്കുന്നത്. പാപപരിഹാരത്തിനായി ശബരിമലയിലെത്തിയത് ഏറ്റവും വലിയ തിരിച്ചടിയായി. മലയകറ്റം ഒഴിവാക്കി ട്രാക്ടറിൽ പോയത് ഹൈക്കോടതിയുടെ വിമർശനത്തിന് വരെ കാരണായി. ഇതോടെ നേരത്തെ സേനയിലെ മുഴുവൻ ആളുകളെയും ഏകാധിപതിയായി അടക്കി നിർത്തിയ അജിത് കുമാറിനെ സേനയിൽ ഒറ്റപ്പെടുത്തി.

നിലവിലെ സാഹചര്യത്തിൽ പിണറായി വിജയന് ഇനി അജിത് കുമാറിനെ സംരക്ഷിക്കാനാവില്ല. അതിന് പിണറായി ശ്രമിക്കാനും സാധ്യതയില്ല. ഡി ജി പി പട്ടികയിൽ പേരുണ്ടായിട്ടും ആ പേര് കേന്ദ്രം ഒരു ഘട്ടത്തിലും പരിഗണിക്കാതിരുന്നത് തന്നെ വലിയ തിരിച്ചടിയാണ്. ഈ സർക്കാറിന്റെ കാലത്ത് ഇനി അജിത് കുമാറിന് ഒരു തിരിച്ചു വരവുണ്ടാകുമോ എന്നത് സംശയമാണ്. മുന്നണിക്കകത്തും സേനക്കകത്തും ഒരു പോരെ ശത്രുനിര പണിത എം ആർ അജിത് കുമാർ എന്ന അതികായന്റെ പടിയിറക്കമാണിത്.

Leave a Reply

Your email address will not be published. Required fields are marked *