‌മേഘവിസ്ഫോടനം: ഉത്തരാഖണ്ഡ് പ്രളയബാധിതപ്രദേശത്ത് രക്ഷാപ്രവർത്തനവുമായി കര സേനയും ദ്രുതകർമ്മ സേനയും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ നാല് മരണം. നിരവധി വീടുകൾ ഒഴുകിപ്പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ 60 പേരെ കാണാനില്ലെന്ന് ഭരണകൂടത്തിന്റെ അനൗദ്യോ​ഗിക കണക്ക്. ദുരന്തമുഖത്ത് ഇന്ത്യൻ ആർമിയുടെ 150 പേരടങ്ങുന്ന സംഘം രക്ഷാ ദൗത്യത്തിന് എത്തിച്ചേർന്നിട്ടുണ്ട്. അർദ്ധ സൈനിക വിഭാ​ഗമായ ഇൻഡോ ടിബറ്റൻ പോലീസിന്റെ സേനാം​ഗങ്ങളും ദുരന്തസ്ഥലത്ത് എത്തിച്ചേരും. അ​ഗ്നിരക്ഷാ സേനയും സംസ്ഥാന ദുരന്തനിവാരണ സേനകളുടേയും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മേഘവിസ്ഫോടനത്തെ തുടർന്നുള്ള മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും താഴ്വരയിലെ ​ഗ്രാമമാകെ ഒലിച്ചുപോയ അവസ്ഥയാണ്. വെള്ളക്കെട്ടിൽ കല്ലും മണ്ണും കെട്ടിടാവശിഷ്ടങ്ങളും മൂടിയതിനാൽ തന്നെ രക്ഷാപ്രവർത്തനം ദുർഘടമാണ്.

എല്ലാ പിന്തുണയും അറിയിച്ച് മോദിയും അമിത്ഷായും

ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലാണ് അപകടമുണ്ടായത്. അഭസംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും എല്ലാവിധത്തിലുള്ള കേന്ദ്രസർക്കാർ പിന്തുണയും സംസ്ഥാന ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), ഇന്തോ ടിബറ്റൻ അതിർത്തി പട്രോൾ (ഐ‌ടി‌ബി‌പി) എന്നിവയുടെ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്‌ഡി‌ആർ‌എഫ്) ഒരു സംഘവും സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ അറിയാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹം ചെയ്തു. “സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ, ദുരിതാശ്വാസ, രക്ഷാ സംഘങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് സഹായം നൽകുന്നതിൽ ഒരു കാലും പാഴാക്കില്ല,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

സഹായം വാ​ഗ്ദാനം ചെയ്ത് രാഹുൽ ​ഗാന്ധി

നാശനഷ്ടങ്ങൾ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. പറഞ്ഞു.ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അദ്ദേഹം ഭരണകൂടത്തോട് അഭ്യർത്ഥിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭരണകൂടവുമായി സഹകരിക്കാനും ആവശ്യമുള്ളവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാനും കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം ആവശ്യപ്പെട്ടു.

അവശിഷ്ടങ്ങൾക്കിടയിൽ ഏകദേശം 10-12 പേർ കുടുങ്ങിയിരിക്കാമെന്ന് ഗ്രാമവാസിയായ രാജേഷ് പൻവാർ വാർത്ത ഏജൻസിയായ പിടിഐയോട് പ്രതികരിച്ചത്.. 20-25 ഹോട്ടലുകളും ഹോം സ്റ്റേകളും ഒലിച്ചു പോയിക്കാണുമെന്നാണ് പ്രദേശവാസിയുടെ പ്രതികരണം.വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ഒലിച്ചു പോകുകയോ ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്, ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നാട്ടുകാർ പ്രതികരിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ ജനങ്ങൾ അലമുറയിട്ട് ഓടുന്നതിനും പ്രാണരക്ഷക്കായി നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് അപ്‌ഡേറ്റുകൾ ലഭിക്കും,” ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു, “ഈ പ്രകൃതി ദുരന്ത സമയത്ത് നമ്മുടെ പൗരന്മാരെ പിന്തുണയ്ക്കാൻ സൈന്യം ദൃഢനിശ്ചയത്തോടെ നിലകൊള്ളുന്നു. നിലവിൽ രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവിടെ സൈന്യവും വൈദ്യസഹായം നൽകുന്നുണ്ട്. വിവിധ സേനകളുടെ രക്ഷാപ്രവർത്തനത്തിൻരെ വീഡിയോ കരസേന തങ്ങളുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *