പ്രകൃതിവിഭവങ്ങളുടെ വര്‍ധിച്ച ആവശ്യകതയിലേക്കു മനുഷ്യന് എത്തിയിരിക്കുന്നു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ അശങ്കയിലാക്കുന്ന സ്ഥിതിയിലെത്തിച്ചു. ആഗോളതാപനില (Global Warming) ഉയരുന്നു, കാലാവസ്ഥാവ്യതിയാനങ്ങളുടെ ആവര്‍ത്തനം ലോകമെമ്പാടുമുള്ള സസ്യങ്ങളെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. മഴയില്‍ അനുഭവപ്പെട്ട കുറവും കാട്ടുതീയും വലിയൊരളവു വനം നശിപ്പിച്ചു. പോയ വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ഹെക്ടര്‍ വനമാണു കാട്ടുതീയില്‍ നശിച്ചത്. വടക്ക്, തെക്കന്‍ ധ്രുവങ്ങളിലെ ഹിമാനികള്‍ ഉരുകുന്നതും പ്രതികൂലമായി ഭവിക്കുന്നതുമാണ് ഇന്നു കാണുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ മനുഷ്യരാശിയെ അതിരൂക്ഷമായി ബാധിക്കാന്‍ തുടങ്ങും വരുംവര്‍ഷങ്ങളില്‍.
ജിഡിപി 16 ശതമാനം കുറയും
എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ലെറ്റേഴ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, ആഗോളതാപനം മനുഷ്യജീവിതത്തിന്റെ സമസ്തമേഖലയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പുനല്കുന്നു. ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നത്, ആഗോളതാപനം സമ്പത്തികമേഖലയില് വരുത്തിവയ്ക്കാവുന്ന പ്രത്യാഘാതങ്ങളാണ്. ആഗോള താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചാല്‍, ശരാശരി വ്യക്തിയുടെ വരുമാനം 40 ശതമാനം വരെ കുറയും! ഇതു മുന്‍ കണക്കുകളേക്കാള്‍ ഏകദേശം നാലിരട്ടി കൂടുതലാണ്. താപനില വെറും രണ്ട് ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചാല്‍ ആഗോള ജിഡിപിയില്‍ 16 ശതമാനം കുറവുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. നേരത്തെ 1.4 ശതമാനം കുറവുവരുമെന്നായിരുന്നു ഗവേഷകരുടെ നിഗമനം.
ആഗോള കാലാവസ്ഥാ വ്യതിയാനകാലത്തെ അടിവരയിടുന്ന സാമ്പത്തികപദ്ധതികള്‍ വിശകലനം ചെയ്യുന്നു ഗവേഷകര്‍. രാജ്യങ്ങള്‍ ഹ്രസ്വകാല, ദീര്‍ഘകാല കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നേടിയാലും ആഗോള താപനില 2.1 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നുതന്നെ പഠനം സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള സാമ്പത്തിക സ്ഥിരതയിലും വ്യക്തികളുടെ സമ്പത്തികസ്ഥിതിയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ പഠനം എടുത്തുകാണിക്കുന്നു.
സാമ്പത്തികമാതൃകകള്‍ പുനഃസജ്ജമാക്കേണ്ടതുണ്ട്
യുഎന്എസ്ഡബ്ല്യു-ലെ (UNSW)കാലാവസ്ഥാ ശാസ്ത്രജ്ഞനും ഗവേഷകനുമായ പ്രൊഫസര്‍ ആന്‍ഡി പിറ്റ്മാന് ഭാവിയില്‍ സംഭവിക്കുന്ന പ്രതികൂലാവസ്ഥകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. സമകാലിക അവസ്ഥകളും വിതരണ ശൃംഖലകളില്‍ അതിന്റെ സ്വാധീനവും കണക്കിലെടുത്ത് സാമ്പത്തികമാതൃകകള്‍ പുനഃസജ്ജമാക്കേണ്ടത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണ്. അങ്ങനെ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക ദുര്‍ബലതകള്‍ വലിയൊരളവില്‍ പരിഹരിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും കഴിയുമെന്ന് പിറ്റ്മാന് പറയുന്നു.
കാനഡ, റഷ്യ, വടക്കന്‍ യൂറോപ്പ് തുടങ്ങിയ ചില ശൈത്യരാജ്യങ്ങള് കലാവസ്ഥാ വ്യതിയാനത്തില്നിന്നുള്ള ആഗോളനഷ്ടം ഭാഗികമായി സന്തുലിതമാക്കുമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നു. എന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥ വ്യാപാരത്താല്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ആഗോളതാപനം എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്നും വാദമുഖങ്ങള്‍ ഉയര്‍ത്തുന്നു ചില ഗവേഷകര്‍.
ചില രാജ്യങ്ങളില്‍ കാലാവസ്ഥാവ്യതിയാനം കൃഷിയെ പ്രതികൂലമായി ബാധിച്ചാലും വര്‍ധിച്ച ഉത്പാദനം മറ്റിടങ്ങളില്‍ ഉണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാ നയവിദഗ്ധനായ പ്രൊഫസര്‍ ഫ്രാങ്ക് ജോറ്റ്സോ അഭിപ്രായപ്പെടുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ വിഭവങ്ങളില്‍ വലിയ ദൗര്‍ലഭ്യം നേരിടില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. എന്നാലും, കാലാവസ്ഥാ വ്യതിയാനം ഭാവിയിലെ ലോക സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.