കൊച്ചിയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. കതൃക്കടവ് റോഡിലെ ബാറിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. സിനിമാരംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ഡിജെ പാര്‍ട്ടിക്കിടെയായിരുന്നു സംഘര്‍ഷം.
ഇന്നലെ രാത്രിയാണ് ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷമുണ്ടായത്. തൊടുപുഴ സ്വദേശിയായ യുവാവിനെ ഒരു യുവതിയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. മദ്യക്കുപ്പി കൊണ്ട് യുവാവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് അക്രമത്തിന് കാരണമെന്ന് വ്യക്തമല്ല. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിച്ചു വരികയാണ്.
ഇക്കാര്യത്തില്‍ പൊലീസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. വിവരമറിഞ്ഞ് നിരവധി പേര്‍ ബാറിന് മുന്നില്‍ തടിച്ചുകൂടി. പൊലീസെത്തി ലാത്തിവീശിയ ശേഷമാണ് എല്ലാവരും പിരിഞ്ഞു പോയത്. സംഭവത്തിന് ശേഷം പൊലീസെത്തി ബാറിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു.സംഘര്‍ഷം നടന്ന സ്ഥലം വിശദമായി പരിശോധിച്ചു വരികയാണ്.
കൊച്ചി കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘം സജീവമാണെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. പരിചയക്കാര്‍ തമ്മിലുള്ള തര്‍ക്കമാണോ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതിലേക്ക് എത്തിയത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. യുവതി കസ്റ്റഡിയിലായതിനാല്‍ ഇക്കാര്യത്തില്‍ ഉടന്‍ തന്നെ വ്യക്തതയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.