ലുലു ഐടി ട്വിന്‍ ടവര്‍ പ്രവര്‍ത്തനം ആരംഭിച്ചു; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയം ഇനി കൊച്ചിക്ക് സ്വന്തം

കേരളത്തിന്റെ അഭിമാന പദ്ധതിയെന്നും ടെക്ക് പ്രൊഫഷണലുകള്‍ക്ക് വലിയ അവസരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിലെ വിദ്യാസമ്പന്നരായ യുവജനതയുടെ റിവേഴ്‌സ് മൈഗ്രേഷന് ഊര്‍ജ്ജമേകുന്ന പദ്ധതിയെന്ന് എം.എ യൂസഫലി

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായ ലുലു ഐടി ട്വിന്‍ ടവര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്വപ്‌ന പദ്ധതിയായ ഐടി ട്വിന്‍ ടവറുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ പി രാജീവ്, ജി.ആര്‍ അനില്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബിജെപി അധ്യക്ഷനും മുന്‍ ഐടി ഇലക്ട്രോണിക്‌സ് കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ഹൈബി ഈഡന്‍ എംപി, ഉമ തോമസ് എംഎല്‍എ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.
കേരളത്തിന്റെ ഐടി വികസത്തിന് വേഗത പകരുകയാണ് ലുലു ട്വിന്‍ ടവറെന്നും, ആഗോള ടെക് കമ്പനികളുടെ പ്രവര്‍ത്തനം കൊച്ചിയില്‍ വിപുലമാക്കാന്‍ പദ്ധതി വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 1500 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ തന്നെ നടത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ തീരുമാനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐടി പ്രൊഫഷണലുകള്‍ക്ക് മികച്ച അവസരമാണ് ലുലു തുറന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

കൊച്ചി കളമേശരിയില്‍ 500 കോടി രൂപ മുതല്‍മുടക്കില്‍ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം അടക്കം കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് ലുലു ഗ്രൂപ്പ് നടപ്പാക്കുമെന്ന് എം.എ യൂസഫലി അറിയിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ വികസനത്തിന് യൂസഫലി നല്‍കുന്ന പങ്ക് എടുത്തുകാണേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ലുലു ഐടി ട്വിന്‍ ടവറിലൂടെ 30000 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്. വിദ്യാസമ്പന്നരായ യുവജനതയുടെ റിവേഴ്‌സ് മൈഗ്രേഷന് വേഗത പകരുന്നതാണ് ലുലു ഐടി ട്വിന്‍ ടവറുകള്‍ എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിനായാണ് ഇത്രവലിയ നിക്ഷേപം കൊച്ചിയില്‍ തന്നെ നടത്തിയതെന്നും മികച്ച പ്രതിഭയുള്ള കുട്ടികള്‍ക്ക് നാട്ടില്‍ തന്നെ നല്ല ജോലി എന്ന അവരുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും എം.എ യൂസഫലി വ്യക്തമാക്കി.
ടിയര്‍ 2 നഗരങ്ങളില്‍ കൊച്ചിയുടെ ഭാവി മുന്നില്‍ കണ്ടാണ് ലുലുവിന്റെ ബൃഹത്തായ ഐടി പദ്ധതി. നല്ല ടാലന്റ് പൂളുള്ള നഗരമാണ് കൊച്ചി, അടുത്ത മൂന്ന് വര്‍ഷത്തിനകം അരലക്ഷം ഐടി പ്രൊഫഷണലുകള്‍ക്ക് ലുലു ഐടി പാര്‍ക്ക്‌സിലൂടെ ജോലി നല്‍കുകയാണ് ലക്ഷ്യം. നിലവില്‍ ഇന്‍ഫോപാര്‍ക്കിലെ ലുലുവിന്റെ രണ്ട് സൈബര്‍ ടവറുകളിലായി 13,800 പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് ലുലു ഐടി ട്വിന്‍ ടവറുകളില്‍ ഒരുങ്ങുന്ന തൊഴിലവസരം.
കേരളത്തിന്റെ ഡിജിറ്റല്‍ ഇക്കോണമി മുന്നേറ്റത്തിന് ഇരട്ടി വേഗത നല്‍കുന്ന പദ്ധതിയാണ് ലുലുവിന്റേത് എന്നും റിവേഴ്‌സ് മൈഗ്രേഷന് ലുലു ഐടി ട്വിന്‍ ടവറുകള്‍ കരുത്തേകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

12.74 ഏക്കറില്‍ 30 നിലകള്‍ വീതമുള്ള ലുലു ട്വിന്‍ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിന്‍ ടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികള്‍ക്കായുള്ള ഓഫീസ് സ്‌പേസാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് – റോബോട്ടിക് പാര്‍ക്കിങ് സൗകര്യം, ഓണ്‍സൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ലുലു ഐടി ട്വിന്‍ ടവറുകളില്‍ ഒരുക്കിയിട്ടുള്ളത്. 3200 കാറുകള്‍ക്കുള്ള റോബോര്‍ട്ടിക് പാര്‍ക്കിങ്ങ്, 1300 കണ്‍വെന്‍ഷണല്‍ പാര്‍ക്കിങ്ങ് അടക്കം മൂന്ന് നിലകളിലായി 4500 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനാകും.
ഗ്രീന്‍ ബില്‍ഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സര്‍ട്ടിഫൈഡ് ബില്‍ഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിന്‍ ടവറുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വര്‍ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകള്‍, 12 എസ്‌കലേറ്ററുകള്‍, 2500 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഫുഡ് കോര്‍ട്ട്, 600 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള അത്യാധുനിക കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, ബാങ്കിങ്ങ് സൗകര്യങ്ങള്‍ കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ജിംനേഷ്യം, ഔട്ട്‌ഡോര്‍ ഗാര്‍ഡന്‍, ക്രെഷ്, ഓപ്പണ്‍ സീറ്റിങ്ങ് സ്‌പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയുമുണ്ട്.

ട്വിന്‍ ടവറുകള്‍ കൂടി പ്രവര്‍ത്തനം സജ്ജമായതോടെ കൊച്ചിയിലെ ഏറ്റവും വലിയ ഐടി അടിസ്ഥാനസൗകര്യ ദാതാക്കളായി ലുലു ഗ്രൂപ്പ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഐക്കോണിക് ഐടി ഇന്‍ഫ്രാസ്‌ക്ടച്ചര്‍ പ്രൊജ്ക്ടാണ് ലുലു ഐടി ട്വിന്‍ ടവറുകള്‍. ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, , പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന്‍ എം.,പി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഉമാ തോമസ് എം.എല്‍.എ, തൃക്കാക്കര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, ഇടച്ചിറ വാര്‍ഡ് കൗണ്‍സിലര്‍ അബ്ദു ഷാന, ലുലു ഐടി പാര്‍ക്ക്‌സ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ അഭിലാഷ് വലിയവളപ്പില്‍, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍മാരായ മുഹമ്മദ് അല്‍ത്താഫ്, സലിം എം.എ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *