ന്യൂഡൽഹി: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായി കേസിൽ തന്റെ മൊഴി ശരിയായി രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ലെന്നും തെറ്റായ മൊഴി നൽകാൻ ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു എന്ന നിർണായക വെളിപ്പെടുത്തലുകളുമായി കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികളിൽ ഒരാൾ. സ്വന്തം ഇഷ്ടപ്രകാരമാണ് അവരോടൊപ്പം പോയതെന്നും കന്യാസ്ത്രീകൾ നിരപരാധികൾ ആണെന്നും കമലേശ്വരി പ്രഥാൻ (21) പറഞ്ഞു.
തന്നെ ആരും കടത്തിക്കൊണ്ടു പോയതല്ല. കഴിഞ്ഞ അഞ്ചുവർഷമായി തങ്ങളുടെ കുടുംബം ക്രിസ്തുമത വിശ്വാസം പിന്തുടരുന്നു എന്നും തന്റെയും രക്ഷിതാക്കളുടെയും ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകൾക്ക് ഒപ്പം ആഗ്രയിലേക്ക് പോകാൻ തയ്യാറായതെന്നുമാണ് കമലേശ്വരി പറയുന്നത്. ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോൾ ബജ്റംഗ്ദൾ പ്രവർത്തകനായ ജ്യോതി ശർമ തങ്ങളോട് തെറ്റായ മൊഴി നൽകാൻ ആവശ്യപ്പെടുകയും മുഖത്തടിക്കുകയും ചെയ്തു എന്ന് യുവതി ആരോപിച്ചു.
പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള താൻ ദിവസവും പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടി ജോലിക്ക് പോകുമ്പോൾ 250 രൂപ മാത്രമാണ് കിട്ടിയിരുന്നത്. പള്ളിയിൽ വെച്ച് പരിചയപ്പെട്ട സുഖ്മാൻ മാന്ധവ്യയാണ് ആശുപത്രിയിലെ ജോലിയെ കുറിച്ച് പറഞ്ഞത്. സുഖ്മാന്റെ സഹോദരിയോടൊപ്പം ആ മേഖലയിലെ ഒരുപാട് സ്ത്രീകൾ ഭോപ്പാലിലെ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്.
ഭക്ഷണവും വസ്ത്രങ്ങളും താമസവും പതിനായിരം രൂപ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നുവെന്നും അവർ വ്യക്തമാക്കി. ആഗ്രയിൽ നിന്ന് ഭോപ്പാലിലെ ആശുപത്രിയിലേക്ക് പോകാനായിരുന്നു ഉദ്ദേശം. അതിനിടയിലാണ് ഒരാൾ വന്നു എതിർപ്പ് ഉന്നയിക്കുകയും പിന്നീട് ബജ്റംഗ്ദൾ പ്രവർത്തകർക്കൊപ്പം ചേർന്ന് തങ്ങളെ അപമാനിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങിയതെന്നും കമലേശ്വരി പറഞ്ഞു. റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴും ഭീഷണികൾ തുടർന്നു. യുവതികളെ പിന്നീട് പോലീസ് വിട്ടയച്ചിരുന്നു.