സ്ത്രീകളെ വശത്താക്കി കവര്‍ച്ച, ഒടുവില്‍ കൊന്ന് കുഴിച്ചുമൂടും; ചേര്‍ത്തല ഞെട്ടലില്‍ ! ആരാണ് സെബാസ്റ്റ്യന്‍?

ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ എത്ര സ്ത്രീകളെ കൊന്നിട്ടുണ്ടാകും? ഒരു കൊലപാതക കേസില്‍ നിന്ന് ആരംഭിച്ച ദുരൂഹത ചേര്‍ത്തലയെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.

സംശയങ്ങളുടെ തുടക്കം ജയ്‌നമ്മ കേസില്‍ നിന്ന്

ജയ്‌നമ്മ എന്ന സ്ത്രീയുടെ തിരോധന കേസിനെ തുടര്‍ന്നുള്ള അന്വേഷണമാണ് സെബാസ്റ്റ്യന്റെ അറസ്റ്റിലേക്ക് നയിക്കുന്നത്. കോട്ടയം സ്വദേശിനിയായ ജയ്‌നമ്മ എന്ന സ്ത്രീയെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത്. ഈ ചോദ്യം ചെയ്യലില്‍ ജയ്‌നമ്മ കൊല്ലപ്പെട്ടെന്ന് വ്യക്തമാകുന്നു. തൊട്ടുപിന്നാലെ ചേര്‍ത്തലയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീ തിരോധാന കേസുകളില്‍ സെബാസ്റ്റ്യനെതിരെ ആരോപണം ഉയരുന്നു.

തെളിവെടുപ്പ്, ദുരൂഹത നിറഞ്ഞ 2.15 ഏക്കര്‍ ഭൂമി

ചേര്‍ത്തല തിരോധാന കേസുകളില്‍ സെബാസ്റ്റ്യനു പങ്കുണ്ടോയെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ചേര്‍ത്തലയില്‍ നിന്നും 2020 ല്‍ കാണാതായ സിന്ദു എന്നു വിളിക്കുന്ന ബിന്ദു, 2006 കാണാതായ ബിന്ദു പത്മനാഭന്‍, 2012ല്‍ കാണാതായ ചേര്‍ത്തല സ്വദേശി ഐഷ തുടങ്ങിയ സ്ത്രീകളുമായി സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ഇതിന്റെ ഭാഗമായി സെബാസ്റ്റ്യനെ ചേര്‍ത്തല പള്ളിപ്പുറത്തുള്ള വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. സ്ത്രീയുടേതെന്ന് സംശയിക്കുന്ന ഒരു മൃതദേഹ അവശിഷ്ടം കഴിഞ്ഞ ദിവസം സെബാസ്റ്റിയന്റെ വീട്ടുവളപ്പില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹാവശിഷ്ടം ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ഇന്നലെ (തിങ്കള്‍0 പള്ളിപ്പുറത്തെ വീട്ടില്‍ സെബാസ്റ്റ്യനെ എത്തിച്ചുള്ള തെളിവെടുപ്പിനിടെ വീടിന് സമീപത്ത് കുഴിയെടുത്ത് നടത്തിയ പരിശോധനയില്‍ വീണ്ടും അസ്ഥികഷണങ്ങള്‍ കണ്ടെടുത്തിരുന്നു. പുരയിടത്തിലെ കുളത്തില്‍ നിന്ന് സ്ത്രീകളുടേതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രഭാഗങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റി. സെബാസ്റ്റ്യന്റെ പുരയിടം, രണ്ടേകാല്‍ ഏക്കര്‍ വരുന്ന ഭൂമിയും പൊലീസ് പരിശോധിക്കുകയാണ്. കുളം വറ്റിച്ചും ആഴത്തില്‍ കുഴിയെടുത്തും പരിശോധന തുടരുകയാണ്. ഒന്നിലധികം സ്ത്രീകളെ സെബാസ്റ്റിയന്‍ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വീടിന്റെ തറ പൊളിച്ചും പൊലീസ് പരിശോധന നടത്തി.

ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല

സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 2006 ല്‍ കാണാതായ ബിന്ദു പത്മനാഭനുമായി ബന്ധപ്പെട്ടുള്ള പരാതി ലഭിക്കുന്നത് 2017 ലാണ്. അതിനുശേഷം പള്ളിപ്പുറത്തെ പുരയിടത്തിലേക്ക് സെബാസ്റ്റ്യന്‍ വരുന്നത് കുറഞ്ഞു. ഇടയ്ക്ക് ചില സ്ത്രീകളുമായി ഇവിടെ എത്താറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നുണ്ട്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും സെബാസ്റ്റ്യന്‍ സഹകരിക്കുന്നില്ല.

സെബാസ്റ്റ്യന്‍ സൈക്കോയോ?

സെബാസ്റ്റ്യന്‍ ഒരു സൈക്കോ കില്ലര്‍ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ത്രീകളാണ് ഇയാളുടെ ഇര. വസ്തുവ്യാപാരിയായ സെബാസ്റ്റ്യന്‍ വ്യാജരേഖ ചമക്കല്‍ അടക്കം നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ കൊന്ന് അവരുടെ സ്വര്‍ണാഭരണങ്ങളും വസ്തുക്കളും കൈക്കലാക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. ചേര്‍ത്തലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഒരു ആരാധനാലയം കേന്ദ്രീകരിച്ചാണ് ഇയാള്‍ സ്ത്രീകളെ വശത്താക്കിയിരുന്നതെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *