തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ അതിക്രമം നടത്തുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഇൻഫ്ളുവൻസർ രേവന്ത് ബാബു അറസ്റ്റിൽ. തൃശൂരിലെ ഓട്ടോ ഡ്രൈവർ കൂടിയായ രേവന്ദ് സമൂഹമാധ്യമങ്ങളിൽ വേറിട്ട സമരമുറകളിലൂടെ ശ്രദ്ധേയനാണ്. ടോൾ നൽകാൻ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ടോൾ ഉദ്യോഗസ്ഥരെ മർദിക്കുകയും വാഹനങ്ങൾ കടത്തിവിടുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരിൽ വിഷ്ണു എന്ന പോലീസുകാരനെ രേവന്ദ് മർദിച്ചു.
ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അക്രമാസക്തനായ പ്രതിയെ വിലങ്ങ് വെച്ചാണ് പൊലീസ് കൊണ്ടുപോയത്. വ്യത്യസ്തമായ സമരമുറകളിലൂടെയാണ് രേവന്ത് സോഷ്യൽ മീഡിയയിൽ താരമായത്. അരികൊമ്പൻ കാട്ടാനയ്ക്കായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്നും, കലാഭവൻ മണിക്കായി നാടൻപാട്ടുകൾ പാടിയും, ആലുവയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി ബാലികയുടെ ശവസംസ്കാര കർമ്മം നടത്തിയുമാണ് രേവന്ദ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
അതേസമയം പാലിയേക്കര ടോള്‍ പ്ലാസയിലെ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവ് ഇന്നെത്തിയിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും കോടതി നിര്‍ദേശം നല്‍കി. ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.