കോട്ടയം : മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നൽകുക.
നേരത്തെ സർക്കാർ ബിന്ദുവിൻ്റെ സംസ്കാരത്തിനായി 50,000 രൂപ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കേണ്ടിയിരുന്നില്ല. പഴയത് പൊളിക്കാമായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം. വി എന്‍ വാസവന്റെ ഉത്തരവാദിത്തം കുറച്ചുകാണുവാന്‍ സാധിക്കില്ല. ഇത്രയും സമയം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒരുവാക്കും പറഞ്ഞിട്ടില്ല. ചാണ്ടി ഉമ്മൻ പറഞ്ഞു.
ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞുള്ള പ്രതിഷേധത്തിന് പിന്നാലെ കേസെടുത്തതിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ബിന്ദുവിന്റെ ബന്ധുവിനോട് ഒരുവാക്ക് പറഞ്ഞിട്ട് വാഹനം വിടാന്‍ തയ്യാറായിരുന്നു.-ചാണ്ടി ഉമ്മൻ പറഞ്ഞു.