കോഴിക്കോട്: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർ വിശദീകരണം തേടി. കാലിക്കറ്റ് വിസിയോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയത് ഏത് സാഹചര്യത്തിലാണ് എന്ന് വിശദമാക്കണമെന്നാണ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരിക്കുന്നതു.
ബിഎ മലയാളം നാലാം സെമസ്റ്ററിലായിരുന്നു വേടൻ്റെ പാട്ട് ഉള്‍പ്പെടുത്തിയത്. ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ടാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുളള താരതമ്യ പഠനമാണ് ഈ പാഠഭാഗത്തുളളത്.
ഇതിനെതിരെ കാലിക്കറ്റ് സര്‍വ്വകലാശാലാ ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാന്‍സലര്‍ പി രവീന്ദ്രന് കത്ത് നല്‍കി. വേടന്‍ ലഹരിവസ്തുക്കളും, പുലിപ്പല്ലും കൈവശം വെച്ചതിന് അറസ്റ്റിലായ വ്യക്തിയാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.വേടന്റെ പല വീഡിയോകളും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതാണ്. വേടന്റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാള്‍ ജീവിതത്തില്‍ പിന്‍തുടരുന്ന അനുകരണീയമല്ലാത്ത വഴികള്‍ പകര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുമെന്നും അനുരാജിന്റെ പരാതിയില്‍ പറയുന്നു.