2022 ഡിസംബര്‍ 10 നു കരുണ്‍ നായര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു, ‘ പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി തരൂ’. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുമ്പോഴും രാജ്യാന്തര ക്രിക്കറ്റില്‍ അവസരം ലഭിക്കാത്തതില്‍ കരുണിനു കടുത്ത നിരാശ ഉണ്ടായിരുന്നു. എന്നാല്‍ പിന്നോട്ടു നടക്കാന്‍ താരം തയ്യാറല്ലായിരുന്നു. വീണ്ടും പരിശ്രമിച്ചു, ആഭ്യന്തര ക്രിക്കറ്റില്‍ ഞെട്ടിക്കുന്ന പ്രകടനങ്ങള്‍ ഉണ്ടായി. ഒടുവില്‍ 33-ാം വയസ്സില്‍ വീണ്ടും രാജ്യാന്തര ക്രിക്കറ്റിലേക്ക് ക്ഷണം..!
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിക്കുമ്പോള്‍ വലിയ സ്വപ്‌നങ്ങളായിരുന്നു കരുണിനുണ്ടായിരുന്നത്. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും ടീമില്‍ സ്ഥിരം സാന്നിധ്യമാകാന്‍ ഇംഗ്ലണ്ട് പരമ്പര ഒരു അവസരമാണെന്ന് മനസിലാക്കി. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്തു ഉയരാന്‍ സാധിക്കാതെയാണ് കരുണ്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ പോകുന്നത്.
ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നാലിലും കരുണ്‍ കളിച്ചു. എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് താരം നേടിയത് വെറും 205 റണ്‍സ് മാത്രം !
ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് (109 പന്തില്‍ 57 റണ്‍സ്) കരുണിന്റെ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ കരുണിന്റെ സ്‌കോറുകള്‍: 0, 20, 31, 26, 40, 14, 57, 17
ശരാശരി – 25.62
കണക്കുകള്‍ പരിശോധിച്ചാല്‍ കരുണിനു രാജ്യാന്തര തലത്തില്‍ ഇനിയൊരു മത്സരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.
രാജ്യാന്തര കരിയര്‍
2016 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് കരുണ്‍ ഇന്ത്യക്കായി അരങ്ങേറിയത്. ഈ പരമ്പരയില്‍ ട്രിപ്പിള്‍ സെഞ്ചുറി അടിച്ച് കരുണ്‍ ഞെട്ടിച്ചു. എന്നാല്‍ കരുണിനു ഓര്‍ത്തിരിക്കാനും ആഘോഷിക്കാനും രാജ്യാന്തര കരിയറില്‍ ആകെയുള്ളത് ഈ ട്രിപ്പിള്‍ സെഞ്ചുറി മാത്രം.
രാജ്യാന്തര ടെസ്റ്റ് കരിയറില്‍ 10 മത്സരങ്ങളില്‍ 15 ഇന്നിങ്‌സുകളിലായി 41.36 ശരാശരിയില്‍ 579 റണ്‍സാണ് കരുണ്‍ ആകെ നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ട്രിപ്പിള്‍ സെഞ്ചുറി ഇന്നിങ്‌സ് ഒഴിച്ചു നിര്‍ത്തിയാല്‍ 14 ഇന്നിങ്‌സുകളില്‍ നിന്ന് 19.71 ശരാശരിയില്‍ വെറും 276 റണ്‍സ് മാത്രം ! 2016 ലെ ട്രിപ്പിള്‍ സെഞ്ചുറിക്കു ശേഷം കരുണിന്റെ വ്യക്തിഗത സ്‌കോര്‍ 50 എത്തുന്നത് ഇപ്പോള്‍ ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലാണ്.
ഇനിയുള്ള സാധ്യതകള്‍
പരിശീലകന്‍ ഗൗതം ഗംഭീറിനു പ്രിയപ്പെട്ട താരമാണ് കരുണ്‍. തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി കരുണിനെ പിന്തുണയ്ക്കാനാണ് ഗംഭീറിന്റെ തീരുമാനം. ഇംഗ്ലണ്ടില്‍ പരാജയപ്പെട്ടെങ്കിലും കരുണിനു ഒരു അവസരം കൂടി ലഭിക്കാനാണ് സാധ്യത. ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനമുണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ കരുണ്‍ ടീമിലുണ്ടാകാനാണ് സാധ്യത. രാജ്യാന്തര കരിയറില്‍ കരുണിനു ലഭിക്കുന്ന നിര്‍ണായക അവസരമായിരിക്കും ഇത്. ഇന്ത്യന്‍ സാഹചര്യത്തില്‍ കൂടി കരുണ്‍ പരാജയപ്പെട്ടാല്‍ രാജ്യാന്തര കരിയറിനു ഫുള്‍സ്റ്റോപ്പാകും ഇത്.