തിരുവനന്തപുരം: സന്യാസിനിമാർ മതേതര ഭാരതത്തിന് അഭിമാനമാണെന്നും അവരുടെ സേവനങ്ങൾ പതിനായിരക്കണക്കിന് ആളുകളെ മുഖ്യധാരയിലേക്കെത്തിച്ചുവെന്നും മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷൻ കർദ്ദിനാൾ മാർ ക്ളീമ്മിസ് കാത്തോലിക ബാവ. ചത്തീസ്ഗഡ്ഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ തുറങ്കിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുർഗിലെ സെഷൻസ് കോടതി കന്യാസ്‌ത്രീമാർക്ക് ജാമ്യം നിഷേധിച്ചപ്പോൾ ഒരുവിഭാഗം ആഹ്ലാദിക്കുന്നത് കണ്ട് വലിയ സങ്കടം തോന്നിയെന്നും മാർ ക്ലിമ്മിസ് പറഞ്ഞു. രണ്ട് കന്യാസ്‌ത്രീകളെ ആറ് ദിവസമായി അകാരണമായി തുറുങ്കിലടച്ചതിന്റെ കാരണം ഭരണകൂടം പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. കന്യാസ്ത്രീകളുടെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി ബുധനാഴ്ച തള്ളിയിരുന്നു. കേരളത്തിലെ ബി.ജെ.പി നേതൃത്വം സംഭവത്തിൽ വെട്ടിലായതോടെ ബി.ജെ.പി ആർ.എസ്.എസ് പോരും മുറുകിയിരിക്കുകയാണ്. കന്യാസ്ത്രീ വിഷയത്തിൽ ഇടപെട്ട രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് ഹിന്ദു ഐക്യവേദിയും ബംജറംഗ് ദളും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ കേരളത്തിൽ നിന്നുള്ള ഒരു എം.പി പോലും ഇടപെടാത്തത് ദൗർഭാഗ്യകരമെന്നാണ് ക്രിസ്തീയ സംഘടനകൾ ആരോപിക്കുന്നത്.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനുപ് ആന്റണി സംഭവസ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തിയെങ്കിലും മോചനം സങ്കീർണം എന്നാണ് പിന്നീട് പ്രതികരിച്ചത്. കേസ് എൻ.െഎ.എ കോടതിയ്ക്ക് വിടണമെന്ന് ബജറംഗ് ദൾ ആവശ്യവും ചോദ്യമാകുകയാണ്. നിർബന്ധിതമതപരിവർത്തനം നടന്നിട്ടില്ലെന്നാണ് കന്യാസ്ത്രീകൾ വ്യക്തമാക്കുന്നത്.