മൈസൂർ : ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന നാല് പേരെ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നു. അഗ്രഹാര മേഖലയിലെ റാമനുജ റോഡിലായിരുന്നു സംഭവം. രാജണ്ണ എന്ന യുവാവിനും കുടുംബാംഗങ്ങൾക്കുമാണ് വെട്ടേറ്റത്. രാജണ്ണയുടെ പ്രണയ ബന്ധത്തെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങളെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
രാത്രി 9:18 ഓടെ രാമനുജ റോഡിലെ12-ാം ക്രോസിനടുത്തുവെച്ച് കാറിലെത്തിയ സംഘം ഓട്ടോയെ തടഞ്ഞു. സ്ത്രീ ഉൾപ്പെടെ നാല് പേർ കാറിൽ നിന്നിറങ്ങി വാളുകളുമായി ഓട്ടോറിക്ഷയുടെ അടുത്തേക്ക് എത്തി ആക്രമിക്കുകയായിരുന്നു. രാമു, ഭാര്യ സൗമ്യ, അബ്ബയ്യ, പ്രസാദ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്നവർ നോക്കി നിൽക്കുകയായിരുന്നു. രാജണ്ണയെയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഇയാളുടെ കുടുംബാംഗങ്ങളായ കുമുദ, വിശാലാക്ഷി, രേണുകമ്മ എന്നിവരെയും ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.