കോഴിക്കോട്- മംഗളൂരു പാതയില്‍ ട്രെയിനുകള്‍ക്കിനി 130 കി.മീ. വേഗം

കോഴിക്കോട്- മംഗളൂരു പാതയില്‍ ട്രെയിനുകളുടെ വേഗം ഉയരുന്നു. വേഗം മണിക്കൂറില്‍ 130 കിലോ മീറ്ററാക്കാന്‍ ഈ പാത സജ്ജമായി. ഓസിലേഷന്‍ മോണിറ്ററിങ് സിസ്റ്റം (ഒ എം എസ്) വാഹനം മുഖേന വേഗപരിശോധന നടത്തി. നിലവില്‍ ഇവിടെ അടിസ്ഥാനവേഗം 110 കി.മീ. ആണ്.
ഷൊര്‍ണൂര്‍ – കോഴിക്കോട് റൂട്ടും ഉടന്‍ 130 കി. മീ. വേഗതയിലേക്ക് എത്തും. തിരുവനന്തപുരം- കായംകുളം, കായംകുളം- എറണാകുളം (ആലപ്പുഴ വഴി) സെക്ഷനുകളില്‍ അടിസ്ഥാനവേഗം 110 കി.മീ. ആണ്.
13 മീറ്റര്‍ ചെറുപാളങ്ങള്‍ക്ക് പകരം കാല്‍ കിലോമീറ്ററോളം (260 മീറ്റര്‍) നീളമുള്ള ഒറ്റപ്പാളം, പാളങ്ങളില്‍ മൂന്നാം സിഗ്നല്‍ (ഡബിള്‍ ഡിസ്റ്റന്റ്) പ്രവൃത്തി, പാളംമാറ്റല്‍, വളവ് നിവര്‍ത്തല്‍, ലൂപ്പ് ലൈനില്‍ വേഗവര്‍ധനയ്ക്ക് (30 കി.മീ.ല്‍ നിന്ന് 50 കി.മീ.) തിക്ക് വെബ് സ്വിച്ച് (ടി ഡബ്ല്യു എസ്) സ്ഥാപിക്കല്‍ അടക്കമുള്ള പ്രവൃത്തികളാണ് വേഗം കൂട്ടാന്‍ റെയില്‍വേ നടപ്പാക്കുന്നത്. ഇന്ത്യയില്‍ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകള്‍ കേരളത്തിലേതാണ്. പാലക്കാട് ഡിവിഷനില്‍ 95.9 ശതമാനവും തിരുവനന്തപുരത്ത് 91.3 ശതമാനവുമാണ് സമയകൃത്യത. ഇത് 100 ആക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *