മില്ലറ്റ് പോലുള്ള വാണിജ്യ വിളകൾക്ക് വർഷങ്ങളായി യാതൊരുവിധ പരിഗണനയും കിട്ടിയിരുന്നില്ല. ഇതിലൂടെ കർഷകർക്ക് വരുമാനം കുറയുകയും അനിശ്ചിതമായ ഭാവിയിലേക്ക് അവരെ കൊണ്ടെത്തിക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ നിന്നുള്ള ജൈവ കർഷകനായ അരവിന്ദ് കുമാറും ഈ കൂട്ടത്തിൽ പെടുന്നയാളായിരുന്നു. മില്ലറ്റ് വിളകൾക്ക് വേണ്ടത്ര പ്രാധാന്യം കിട്ടാതെ വന്നതോടെ അദ്ദേഹത്തിന്റെ വരുമാനവും മറ്റു പല കർഷകരെയും പോലെ കുത്തനെ ഇടിഞ്ഞു.
എന്നാൽ, ‘സത്ഗുരു സൂപ്പർഫുഡ്സ്’ സ്ഥാപകയായ പലക് അറോറയെ കണ്ടുമുട്ടിയതോടെ കുമാറിന്റെ ജീവിതത്തിൽ മാറ്റം സംഭവിച്ചു. മില്ലറ്റ് കൃഷി ഉപേക്ഷിച്ച ഗ്രാമീണരായ കർഷകരെ കൂട്ടുപിടിച്ചുകൊണ്ട് പലക് തുടങ്ങിയ മില്ലിയം എന്ന ഫുഡ് ബിസിനസ് ബ്രാൻഡ് ഇന്ന് പ്രതിമാസം 3 ലക്ഷം രൂപ വരുമാനം ഉണ്ടാക്കുന്നു.
2020 ലെ കോവിഡ്-19 ലോക്ക്ഡൗണിന്റെ സമയത്ത്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റിൽ (NIFTEM) മൂന്നാം വർഷം പഠിക്കുമ്പോഴാണ് ബിസിനസ് എന്ന ആശയം പലക്കിന്റെ മനസിലേക്ക് ചേക്കേറിയത്. പ്രതിരോധശേഷി വർധിപ്പിക്കുന്നതും പോഷകസമൃദ്ധവുമായ ഭക്ഷണത്തിനായുള്ള ഒരു വ്യക്തിപരമായ അന്വേഷണമായിട്ടാണ് ബിസിനസ് ആരംഭിച്ചത്. പക്ഷേ, പിന്നീട് അത് ഗ്രാമീണരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ദൗത്യമായി പരിണമിച്ചു.
“രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയുന്നതും എളുപ്പത്തിൽ പാചകം ചെയ്യാവുന്നതുമായ ആരോഗ്യകരവുമായ ഭക്ഷണങ്ങൾക്കായി ഞാൻ ഓൺലൈനിൽ തിരഞ്ഞു. പക്ഷേ പാകം ചെയ്യാൻ തയ്യാറായതോ കഴിക്കാൻ തയ്യാറായതോ ആയ ഉൽപ്പന്നങ്ങൾ കണ്ടെത്തിയില്ല. തിന പോഷകസമൃദ്ധമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു, പക്ഷേ ആരും അവ സൗകര്യപ്രദമായി ഉണ്ടാക്കിയിരുന്നില്ല, ”പാലക് പറയുന്നു.
ഭക്ഷ്യ സാങ്കേതികവിദ്യയിലെ കഠിന പരിശീലനവും FSSC 22000 ലീഡ് ഓഡിറ്റർ എന്ന നിലയിൽ സർട്ടിഫിക്കേഷനും കാരണം തിനകൾക്ക് പ്രത്യേക സംസ്കരണം ആവശ്യമാണെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. ഗോതമ്പ് ഉണക്കി പൊടിച്ച് ആട്ടമാവ് തയ്യാറാക്കി തൽക്ഷണ ഉപയോഗത്തിന് പാകമാക്കാം. എന്നാൽ, ചെറുധാന്യങ്ങൾക്ക് കുതിർക്കുക, ഉണക്കുക, വറുക്കുക തുടങ്ങിയ ഘട്ടങ്ങൾ ആവശ്യമാണ്.
മഹാമാരിക്കാലത്ത് കോളേജ് ലാബ് അടച്ചിട്ടതോടെ, ഫരീദാബാദിലെ തന്റെ വീടിന്റെ ടെറസ് ഒരു താൽക്കാലിക ഗവേഷണ അടുക്കളയാക്കി മാറ്റി. എല്ലാത്തിനും കൂട്ടായി അമ്മ ഒപ്പം നിന്നു. “ഞാൻ എപ്പോഴും സ്വയം എന്തെങ്കിലും ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. മണിക്കൂറുകൾ പാചകം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, അതിനാൽ 10 മിനിറ്റോ അതിൽ കുറവോ സമയത്തിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഞാൻ ലക്ഷ്യമിട്ടത്,” അവർ പറഞ്ഞു.
മുളപ്പിച്ച മില്ലറ്റ് കഞ്ഞി, പച്ചക്കറികൾ നിറഞ്ഞ ഇഡ്ഡലി, പഞ്ചാബി ശൈലിയിലുള്ള ചീല (രുചികരമായ പാൻകേക്കുകൾ) എന്നിവയായിരുന്നു ആദ്യകാല ഉൽപ്പന്നങ്ങൾ. 2021 സെപ്റ്റംബറിൽ സത്ഗുരു സൂപ്പർഫുഡ്സ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു, 2022 ജൂണിൽ മില്ലിയം വിജയകരമായി ആരംഭിച്ചു. ടെറസിനു മുകളിലെ അടുക്കളയിൽ നിന്ന് ആരംഭിച്ച പ്രവർത്തനം, ഫരീദാബാദിലെ ഒരു വലിയ നിർമ്മാണ യൂണിറ്റായി വളർന്നു. 2025 ലെ കണക്കനുസരിച്ച്, ബ്രാൻഡ് പ്രതിമാസം എട്ട് ടൺ റെഡി-ടു-കുക്കും 21 ടൺ റെഡി-ടു-ഈറ്റ് മില്ലറ്റ് ഉൽപ്പന്നങ്ങളും ഉത്പാദിപ്പിക്കുന്നു.
റാഗി സൂപ്പ്, മില്ലറ്റ് നൂഡിൽസ്, പാസ്ത, മില്ലറ്റ് പോഹ, പാൻകേക്ക് മിക്സുകൾ എന്നിവയുൾപ്പെടെ പതിനഞ്ച് ഇനങ്ങളിൽ ഉത്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ചെറിയ പായ്ക്കുകൾക്ക് 55 രൂപ മുതൽ വലിയ ബൾക്ക് പായ്ക്കുകൾക്ക് 640 രൂപ വരെയാണ് വില.