ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, സ്തനാർബുദത്തിന്റെ സൂചനയാകാം

സ്ത്രീകളിൽ സ്തനാർബുദം ഇന്ന് സാധാരണയായി കണ്ടുവരുന്നുണ്ട്. കാൻസർ മരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്തനാർബുദത്തിനുള്ളത്. പലരും അവസാന ഘട്ടത്തിലാണ് രോഗം തിരിച്ചറിയുന്നത്. രോ​ഗ നിർണയം വൈകും തോറും അപകട സാധ്യത കൂടുതലാണ്. നേരത്തേയുള്ള രോഗനിർണയവും ശരിയായ ചികിത്സയും സ്തനാർബുദം ഭേദപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സ്തനങ്ങളിൽ കാണപ്പെടുന്ന മുഴയാണ് സ്തനാർബുദത്തിന്റെ ആദ്യലക്ഷണമായി പലരും കരുതുന്നത്. എന്നാൽ, മറ്റ് അനവധി ലക്ഷണങ്ങൾ സ്തനാർബുദത്തിന്റേതാണ്. ഇത്തരത്തിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

  1. ചർമ്മത്തിലെ നിറവ്യത്യാസം

സ്തനത്തിലുള്ള ചർമത്തിനുണ്ടാകുന്ന വ്യത്യാസം ലക്ഷണങ്ങളിലൊന്നാണ്. ചർമത്തിൽ ചുവപ്പ്, ചർമത്തിന് കട്ടിവരുക, ചർമത്തിൽ ചെറിയ കുഴികൾ പോലെ ഉണ്ടാകുക, ഓറഞ്ചു തൊലിയോട് സാമ്യമുള്ള തരത്തിൽ ചർമത്തിന് മാറ്റം വരുക ഇതെല്ലാം ഇൻഫ്ലമേറ്ററി ബ്രസ്റ്റ് കാൻസ (IBC) റിന്റെ ലക്ഷണങ്ങളാകാം. ചർമത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾ തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കണം.

  1. മുലക്കണ്ണിൽനിന്ന് സ്രവം

മുലക്കണ്ണിൽ നിന്ന് നിറമില്ലാത്തതോ രക്തനിറമുള്ളതോ ആയ സ്രവം വരുകയാണെങ്കിൽ സ്തനാർബുദത്തിന്റെ ലക്ഷണമാകാം. ഗർഭകാലത്തും കുഞ്ഞിനെ മുലയൂട്ടുന്ന സമയത്തും ഇത് സാധാരണമാണ്. എന്നാൽ മുലയൂട്ടാത്തവരിൽ ഇത്തരത്തിൽ സ്രവം ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ആരോഗ്യ വിദഗ്ധനെ കാണണം.

  1. മുലക്കണ്ണ് ഉള്ളിലേക്ക് വലിയുക

മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞ് പരന്ന പോലാകുന്നത് ട്യൂമറിന്റെ ലക്ഷണമാകാം. ഒരു സ്തനത്തിലോ രണ്ട് സ്തനങ്ങളിലോ ഈ മാറ്റം പ്രകടമാകാം. ഇത്തരത്തിൽ മുലക്കണ്ണിന് മാറ്റം ഉണ്ടായാൽ ഡോക്ടറെ കാണണം.

  1. സ്തനങ്ങളിൽ വേദന

സ്തനത്തിന്റെ ഒരു ഭാഗത്ത് തുടർച്ചയായി വേദന ഉണ്ടാകുകയും ആർത്തവചക്രമനുസരിച്ച് വേദനയിൽ വ്യത്യാസം വരാതിരിക്കുകയും ചെയ്താൽ വൈദ്യപരിശോധന നടത്തണം.

  1. സ്തനത്തിന്റെ വലുപ്പത്തിലും ആകൃതിയിലും വ്യത്യാസം

ഒരു സ്തനത്തിന്റെ വലുപ്പത്തിലും ആകൃതിയിലും വ്യത്യാസം പെട്ടെന്ന് ഉണ്ടാവുകയാണെങ്കില്‍ അത് സ്തനാർബുദത്തിന്റെ ലക്ഷണമാകാം. ഇത്തരത്തിൽ മാറ്റങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ സമീപിക്കണം.

Leave a Reply

Your email address will not be published. Required fields are marked *