ന്യൂഡൽഹി: ട്രംപിന്റെ ഭീഷണിക്ക് ചെവി കൊടുക്കാതെ രാജ്യം. ഇന്ത്യ-റഷ്യ സംയുക്ത പദ്ധതിയായ ബ്രഹ്മോസ് മിസൈലുകൾക്ക് വിപുലമായ ഓർഡറുകൾ നൽകി ഇന്ത്യൻ കരസേനയും നാവികസേനയും. ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയിൽ ഇന്ത്യയുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വഴി പാകിസ്ഥാന് നൽകിയത് കനത്ത പ്രഹരമായിരുന്നു. പാക് തീവ്രവാദ കേന്ദ്രങ്ങളും സൈനികത്താവളങ്ങളും ആക്രമിച്ചത് കരയിൽ നിന്ന് കരയിലേക്ക് ലക്ഷ്യം സ്ഥാനം നിർണയിച്ച് തൊടുക്കുന്ന ബ്രഹ്മോസ് മിസൈലിലൂടെയാണ്.
റഷ്യയുടെ പങ്കാളിത്തത്തോടെ ഇന്ത്യ നിർമ്മിക്കുന്ന ബ്രഹ്മോസിനായി കര, നാവികസേനഹകൾ ബൃഹത്തായ ഓർഡറുകളാണ് നൽകിയിരിക്കുന്നത്. കര, വ്യോമയുദ്ധങ്ങളിൽ നിന്ന് മാറി, സൈനിക നാശങ്ങൾ കുറയ്ക്കുന്ന ടെക്നോളജി സാധ്യതകൾ യുദ്ധതന്ത്രമായി പ്രയോഗിക്കുകയാണ് ഇതിലൂടെ രാജ്യം. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് സഹായമായത് റഡാർ കരുത്തും ബ്രഹ്മോസ് വഴിയുള്ള പ്രഹരവുമായിരുന്നു. പാക് വ്യോമതാവളങ്ങൾ അടക്കം തകർത്ത തിരിച്ചടിയിൽ ചൈനയുടെ മിസൈൽ വേഥാ സംവിധാനങ്ങൾ പോലും കാര്യക്ഷമായി പ്രവർത്തിച്ചിരുന്നില്ല.
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി ധാരാളം ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നതിനും ഇന്ത്യൻ വ്യോമസേനയ്ക്കായി ഈ ആയുധങ്ങളുടെ കര, വ്യോമ പതിപ്പുകൾ ഉടൻ വാങ്ങുന്നതിനും ഉന്നതതല പ്രതിരോധ മന്ത്രാലയ യോഗം അനുമതി നൽകുമെന്ന് പ്രതിരോധ വകുപ്പിന്റെ പ്രസ്താവന. നാല് ദിവസത്തെ പോരാട്ടത്തിൽ പാകിസ്ഥാൻ വ്യോമതാവളങ്ങളെയും ആർമി കന്റോൺമെന്റുകളെയും ആക്രമിക്കാൻ മിസൈലുകൾ വലിയ തോതിൽ ഉപയോഗിച്ചു.നാവികസേന തങ്ങളുടെ വീർ-ക്ലാസ് യുദ്ധക്കപ്പലുകൾ സജ്ജമാക്കാൻ മിസൈലുകൾ ഉപയോഗിക്കുമ്പോൾ, ഇന്ത്യൻ വ്യോമസേന റഷ്യൻ ഉത്ഭവമുള്ള സു-30 എം.കെ.ഐ യുദ്ധവിമാനങ്ങളും അതിലേക്ക് ബ്ഹ്മോസ് പതിപ്പ് ഇറക്കാനുമാണ് ആലോചന.
ഓപ്പറേഷൻ സിന്ദൂരിൽ, തദ്ദേശീയ ആയുധങ്ങളുടെ കഴിവുകൾ ലോകം കണ്ടു. നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ ‘ആത്മനിർഭർ ഭാരതിന്റെ’, പ്രത്യേകിച്ച് ബ്രഹ്മോസ് മിസൈലുകളുടെ ശക്തി തെളിയിച്ചിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശദീകരണം. പ്രതിരോധ വകുപ്പിനേയും ഡി.ആർ.ഡി.ഒ അടക്കമുള്ള സംവിധാനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. ഇന്ത്യ ആക്രമണം നടത്തിയപ്പോൾ, അതിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര ആസ്ഥാനവും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലഷ്‌കർ ഇ തൊയ്ബയും ഉൾപ്പെടുന്നു, ഇന്ത്യൻ വ്യോമസേനയുടെ പ്രധാന ആയുധം ബ്രഹ്മോസ് മിസൈലായിരുന്നു, അത് വളരെ കൃത്യതയോടെ ലക്ഷ്യങ്ങൾ ആക്രമിച്ചു എന്നാണ് പിന്നാലെ സൈന്യത്തിന്റെ വിശദീകരണവും എത്തിയത്. ഇതിന് പിന്നാലെയാണ് സൈന്യത്തെ മോഡിഫൈ ചെയ്ത് കൊണ്ട് സാങ്കേതിക വിദ്യയുദ്ധ രംഗത്തേക്ക് കൂടുതലായി കൊണ്ടുവരാൻ ശ്രമിക്കുന്നത്.
മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ശത്രുരാജ്യവും യുദ്ധകോപ്പുകൾ സജ്ജമാക്കുന്നുണ്ട്. സാങ്കേതികവിദ്യയെ ആശ്രയിച്ചായിരുന്നു ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാന്റെ തിരിച്ചടിയും. ഇതിന് ഉപയോഗിച്ചതാകട്ടെ തുർക്കി നിർമ്മിത ഡ്രോണുകളും. സൈന്യത്തെ സാങ്കേതികപരമായി മാറ്റത്തിന് വിധേയമാക്കുന്നതാണ് പുതിയ പദ്ധതി. ഇന്ത്യയ്ക്ക് 25 ശതമാനം നികുതിയും, റഷ്യയോട് സഹകരിക്കുന്നതിന് പത്ത് ശതമാനം പിഴചുങ്കവും അമേരിക്കൻ ഭരണകൂടം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ-റഷ്യ സൈനിക കോമ്പോ ആയ ബ്രഹ്മോസ് ട്രംപിന് തലവേദനയാകും.