‘ഈ നേരം വരെ ആരും തിരിഞ്ഞു നോക്കിയില്ല, മന്ത്രിമാരൊന്നും അന്വേഷിച്ചത് പോലുമില്ല’ – ഗുരുതര ആരോപണവുമായി ബിന്ദുവിന്റെ വീട്ടുകാർ

കോട്ടയം മെഡിക്കൽ കോളജിൽ തകർന്ന് വീണ കെട്ടിടത്തിന് അടിയിൽ പെട്ട് ബിന്ദു മരിക്കാനിടയായിതിൽ സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. കെട്ടിടം തകർന്ന് വീണതിന് പിന്നാലെ തന്നെ തിരിച്ചിൽ നടത്തിയിരുന്നുവെങ്കിൽ ഭാര്യയെ ജീവനോടെ കിട്ടുമായിരുന്നു എന്നാണ് ഭർത്താവ് വിശ്രുതൻ ആരോപിച്ചത്. തിരച്ചിൽ നടത്തേണ്ടസമയത്ത് കെട്ടിടം ഉപയോഗശൂന്യമാണെന്ന് കള്ളം പറയാനാണ് അവർ ശ്രമിച്ചത്. ഏതെങ്കിലും മന്ത്രി വിളിക്കുകയോ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ ഇതുവരെ തന്നെ കാണാന്‍വരികയോ ചെയ്തില്ലെന്നും വിശ്രുതന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ അപകടം നടന്ന സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വന്നതിന് ശേഷം ജില്ലാ ഭരണാധികാരികളോ മന്ത്രമാരോ മറ്റേതെങ്കിലും സർക്കാർ പ്രതിനിധികളോ ഇന്ന് രാവിലെ വരെ ബിന്ദുവിന്റെ വീട്ടിലെത്തിയില്ലെന്നും ബന്ധുക്കൾ പറയുന്നു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിക്കൊപ്പം വാർഡിലുണ്ടായിരുന്ന ബിന്ദു. ഉറക്കച്ചടവ് മാറാൻ മുഖം കഴുകാനാണ് ശുചിമുറിയിലേക്ക് പോയത്. അൽപ സമയത്തിനകം തന്നെ കെട്ടിടം ഇടിഞ്ഞു വലിയ ശബ്ദത്തോടെ താഴെ പതിക്കുകയായിരുന്നു. അപ്പോള്‍ത്തന്നെ തിരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ബിന്ദുവിനെ ജീവനോടെ കിട്ടുമായിരുന്നു. അന്നേരവും അവര്‍ ഈ കെട്ടിടം ഉപയോഗശൂന്യമാണെന്നു അവിടേക്ക് ആരും പോവാറില്ലെന്നും കള്ളം പറയുകയായിരുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയില്ല എന്ന് ഉയര്‍ത്തിക്കാണിക്കാനാണ് അങ്ങനെ പറഞ്ഞതെന്നാണ് കരുതുന്നത്. രാവിലെ അവിടെ കുളിക്കാന്‍ പോയവരുണ്ടെന്ന കാര്യം അവിടെയുണ്ടായിരുന്നവർ പറഞ്ഞിരുന്നെന്നും വിശ്രുതന്‍ പറഞ്ഞു. പന്ത്രണ്ട്, പതിമൂന്ന് വാർഡിലെ രോഗികളും കൂട്ടിരിപ്പുകാരും ഇതേ ശുചിമുറിയാണ് ഉപയോഗിക്കുന്നത്. ഇക്കാര്യം ബോധപൂർവം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ കുറ്റപ്പെടുത്തി.

ബിന്ദുവിനെ ആശ്രയിച്ചാ് ആ കുടുംബം ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഒരു വസ്ത്രശാലയിൽ സെയിൽ വിഭാഗത്തിലായിരുന്നു ബിന്ദുവിന് ജോലി. ഭർത്താവ് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായതിനാൽ ജോലിക്ക് പോകുന്നുണ്ടായിരുന്നില്ല. മകളുടെ വിദ്യാഭ്യാസമുൾപ്പെടെയുള്ള കാര്യം ബിന്ദുവിന്റെ ഉത്തരവാദിത്തമായിരുന്നു. അവരത് ഭംഗിയായി നടപ്പിലാക്കി വരികയുമായിരുന്നു. ഈയിടെയാണ് മകൻ നവനീതിന് ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി കിട്ടിയത്. ആദ്യ ശമ്പളം വാങ്ങി അത് അമ്മയെ ഏൽപ്പിക്കാനായി ഓടിയെത്തിയ നവനീത് കണ്ടത് കെട്ടിട അവശിഷ്ടത്തിനിടയിൽ നിന്ന് പുറത്തെടുത്ത അമ്മയുടെ ജീവനില്ലാത്ത ശരീരമാണ്. ഏക വരുമാനമാർഗം നിലച്ച കുടുംബത്തിന് സാമ്പത്തിസഹായം നൽകുന്ന കാര്യം ഉൾപ്പെടെ പരിഗണനയിലാണ് മുഖ്യമന്ത്രി, സൂപ്രണ്ട് എന്നിവരെല്ലാം ചേര്‍ന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരണ വിവരം അറിഞ്ഞ ശേഷം സിപിഎം നേതാക്കള്‍ വീട്ടിലേക്ക് വന്നിരുന്നെന്നും മകളുടെ ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള സഹായങ്ങൾ ചെയ്യാമെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. മരണം നടന്ന് ഇത്രയും മണിക്കൂർ പിന്നിട്ടിട്ടും ഏതെങ്കിലും മന്ത്രി വിളിക്കുകയോ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ബിന്ദുവിന്റെ വീട്ടിൽ എത്തിയിട്ടില്ല. ഇക്കാര്യത്തിൽ നാട്ടുകാർക്ക് വലിയ മുറുമുറുപ്പും ഉണ്ട്. എന്നാൽ ഉച്ചയോടെ മന്ത്രി വാസവൻ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിമാരാരും തിരിഞ്ഞുനോക്കിയില്ലെന്ന വിശ്രുതന്റെ ആരോപണത്തെ മന്ത്രി തള്ളി. പലതവണ വീട്ടിലേക്ക് പോവാൻ ശ്രമിച്ചെങ്കിലും വീട്ടിൽ ആളില്ലെന്ന് അറിയിച്ചതുകൊണ്ടാണ് പോവാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹത്തിന് മുന്നിൽ അലമുറയിട്ടു കരഞ്ഞ മകൻ നവനീതും നിർവികാരയായി നന്ന മകൾ നവമികയും നെഞ്ച് നീറുന്ന കാഴ്ചയായി.

Leave a Reply

Your email address will not be published. Required fields are marked *