തിരുവനന്തപുരം : ആർ എസ് എസ് ഉപയോഗിക്കുന്ന ചിത്രമാണ് ഭാരതാംബയെന്ന നിലപാട് രാജ്ഭവൻ തിരുത്തിയെങ്കിൽ നല്ല കാര്യമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.രാജ്ഭവൻ നിലപാട് തിരുത്തിയെന്ന വാർത്ത ശരിയാണെങ്കിൽ സി പി ഐ അതിനെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നു. രാജ്ഭവനുമായി അകാരണമായ സംഘർഷത്തിന് സി പി ഐ ആഗ്രഹിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതമാതാവ് ചിത്രം ഉൾപ്പെടുത്തുകയും അതിനുമുന്നിൽ വിലക്ക് കൊളുത്തുകയും വേണമെന്ന് വന്നതോടെ കൃഷിമന്ത്രി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടും രാജ്ഭവന് തയ്യാറാകാതിരുന്നതിനാലാണ് വിവാദം ഉടലെടുത്തത് .തുടർന്ന് സിപിഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കെ രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനിച്ചു. ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് ഭാരതാംബ ചിത്രവും വിളക്കും ഒഴിവാക്കുമെന്ന് രാജ്ഭവൻ അറിയിച്ചു എന്നാണ് വിവരം.