വെബ് ഡെസ്ക് പ്രതിനിധി
ആഷാഢ മാസത്തിലെ പൗർണമി ദിനം ആചരിക്കുന്ന ഗുരു പൗർണമി ഇന്ത്യയിലെ ഭാരതീയ ദർശനങ്ങളിൽ ഇന്നും ആചരിച്ചു പോരുന്ന കീഴ് വഴക്കമായിട്ടാണ് കൊണ്ടാടുന്നത്. വിശേഷിച്ച് ഹിന്ദു മതസ്ഥർക്കിടയിൽ. പുരാതാനമായ ഭാരതിയ ദർശനങ്ങളിലെല്ലാം ഗുരു പൂർണിമ ആഘോഷങ്ങളുടെ പങ്കും വ്യാപ്തിയും ആഴവും തെളിഞ്ഞു കാണാം. പർണശാല വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്ന് മാറി മനുഷ്യൻ ആധുനിക യുഗത്തലേക്ക് കാൽ വച്ചപ്പോൾ ഈ രീതികൾക്ക് കാതലായ മാറ്റം വന്നു. വൈദേശികാധിപത്യത്തിൽ ഭാരതത്തിന്റെ ഗുരുദർശനങ്ങളിൽ വിശിഷ്ടമായ മാറ്റം വന്നതും ശ്രദ്ധേയമാണ്. അവയിൽ പ്രാധ്യാന്യം അർഹിക്കുന്നവയാണ് ഗുരുകുല സമ്പ്രദായ നിന്ന് എഴുത്തു പള്ളിക്കുടങ്ങളും, പിന്നീട് സ്കൂളുകളും ആയോധന കല അഭ്യസിക്കുന്ന കളരികളും വ്യാപിച്ചത്. ഇന്ന് കളരികൾ മൺമറഞ്ഞെങ്കിലും ആധുനികമായ വിദ്യാഭ്യാസ പദ്ധതിയിൽ ഇന്ത്യയിലെ യുവത്വം മുന്നേറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ചർച്ച ഗുരുപൂർണിമ ദിനത്തിലെ ഗുരു വന്ദനം പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും അധ്യാപകരെ ആദരിക്കുന്ന ചടങ്ങുകൾ നടന്നു പക്ഷേ, കേരളത്തിൽ എന്തുകൊണ്ട് ഗുരുപൂജ ചർച്ചയായി എന്നിടത്താണ് ചില ചോദ്യങ്ങളും, സംശയങ്ങളും ഉയരുന്നത്.
കേരള സർവകലാശാലയും ഗവർണറുമാണ് കേരളത്തിലെ ആദ്യ വിവാദത്തിന് തിരി കൊളുത്തിയത്. ഔദ്യോഗിക ചടങ്ങുകളില്‍ ആര്‍എസ്എസിന്റെ കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന ഗവര്‍ണറുടെ ആവശ്യത്തെ എതിര്‍ത്ത് കൃഷി വകുപ്പ് മന്ത്രി രംഗത്തെത്തി. പിന്നാലെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭാരതാംബ വിഷയത്തില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തു.
പിന്നാലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സംഘടിപ്പിച്ച പരിപാടിയിലും രാജ്ഭവന്‍ വിവാദ ഭാരതാംബ ചിത്രം ഉപയോഗിച്ചു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി.
ഗവര്‍ണര്‍ ഭരണഘടനക്ക് അതീതനല്ലെന്ന് മന്ത്രി വ്യക്തമാക്കിയപ്പോൾ. ഇതിന് തിരിച്ചടിയായി മന്ത്രി പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കേരള സർവകലാശാല സെനറ്റിൽ സംഘടിപ്പിച്ച സർവകലാശാലയുടേത് അല്ലാത്ത പരിപാടിയിലും ഭാരതാംബ ചിത്രം ഉയർന്നു. കേരള സർവകലാശാല സെനറ്റ് ഹാളിൽ ആർഎസ്എസ് ചിത്രം പ്രദർശിപ്പിച്ചതിനെതിരെ നിലപാടെടുത്തതിൽ രജിസ്ട്രാർക്കെതിരെ പ്രതികാര നടപടിയുമായി വൈസ് ചാൻസലർ പിന്നാലെ രംഗത്തെത്തിയത്.
രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത് വൈസ് ചാൻസലർ മോഹനൻ കുന്നമ്മൽ ഉത്തരവിറക്കി. രജിസ്ട്രാർക്ക് വീഴ്ചയുണ്ടായെന്ന് ഉത്തരവിൽ ആരോപിക്കുന്നു. വേദിയിൽ ഉപയോഗിച്ച മതചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്ന വിചിത്രവാദവും വി സിയുടെ ഉത്തരവിലുണ്ട്. ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനാണ് പകരം ചുമതല. പിന്നാലെ ഹൈക്കോടതി വിഷയം ഏറ്റെടുത്തു. സസ്പെൻഷന് നടപടി റദ്ദാക്കി. കൊടിയുമേന്തി വിദ്യാർത്ഥി സംഘടനകൾ സംസ്ഥാനത്തിന്റെ വിവിധ സർവകലാശാല കാര്യാലയങ്ങൾ വളഞ്ഞു.
ആധുനിക വിദ്യാഭ്യാസം നേടിയ മനുഷ്യർ പ്രാക്യത ആചാര രീതികളിലേക്ക് പോകേണ്ടതകില്ലെന്നും ആർ.എസ്.എസിനും സംഘപരിവാർ അഡണ്ടകൾക്കും വിദ്യാഭ്യാസ മേഖലയെ അടിയറവ് വയ്ക്കേണ്ടതില്ലെന്നുമാണ് കമ്യൂണിസ്റ്റ് പാർട്ടിയും മറ്റ് ഇടത് സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഉയർത്തുന്ന പ്രതിഷേധം. പക്ഷേ കേരളത്തിൽ പാദപൂജ നടന്നോ? ഇവയിൽ സത്യാവസ്ഥ എന്താണ് ? ഭാരതാംബയ്ക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അടുത്ത വിവാദം സ്കൂളുകളിലെ ഗുരുപൂജയായിരുന്നു.
ഗുരുക്കന്മാരുടെ കാല് മാത്രമല്ല. കൂട്ടത്തിൽ അവിടെയെത്തിയ ബി.ജെ.പി പ്രവർത്തകരുടെ കാലിലും പൂക്കളിട്ടു. സ്കൂളുകളില്‍ കുട്ടികളെ കൊണ്ട് പാദപൂജ ചെയ്യിച്ച ദൃശ്യങ്ങള്‍ പലയിടങ്ങളില്‍നിന്നും പുറത്തുവന്നിതാണ് ചർച്ചയ്ക്ക് ആധാരമായത്. . ഇത് മതനിരപേക്ഷതയെയും ജനാധിപത്യ അവബോധത്തെയും തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. അധ്യാപകരെ ബഹുമാനിക്കണമെന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ പാദപൂജ ഫ്യൂഡല്‍ കാലത്തെ അടിമത്വ മനോഭാവമെന്നായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗേവിന്ദൻ മാസ്റ്ററുടെ പ്രതികരണം.
അതേസമയം മഹത്തായ ഭാരതീയ ദർശനമാണ് ഗുരു വന്ദനമെന്ന് ഗവർണർ ആലേക്കറും ആർഎസ്എസ് അടക്കമുള്ള തീവ്ര വലതുപക്ഷ സംഘടനകളും വാദിക്കുന്നു. ഇവിടെ ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് നടക്കുന്നത് എന്ന് പറയുന്നതിൽ തെറ്റില്ല! ആധുനിക ലോകത്തെ രൂപപ്പെടുത്തുന്ന കമ്യൂണിസ്റ്റ് ആശയങ്ങൾ ഒരു വശത്തും ഭാരതീയ ദർശനങ്ങളെ വിദ്യാഭ്യാസ മേഖലയിലേക്ക് വ്യാപിക്കാനൊരുങ്ങുന്ന വലത് ചിന്താധാരകളും തമ്മിലുള്ള ദാർശനിക യുദ്ധങ്ങളാണ് നാം കാണുന്നത്.
ആദ്യ ഘട്ടത്തിൽ സർവകലാശാലകളിലേക്ക് കടന്നുകയറിയ കാവിയേന്തിയ ഭാരത മാതാവും പിന്നാലെ ഗുരുപൂജയും എത്തുമ്പോൾ പർണാശ്രമ സംവിധാനത്തിലേക്ക് സർവകലാശാലകളെ മാറ്റി മറിക്കുമെന്നതാണ് ആധുനിക മനുഷ്യരുടെ വ്യാകുലതകൾ. എന്നാൽ അധ്യാപകരെ കാലിൽ പൂവിട്ട് തൊഴുന്നത് മഹത്തായ ഭാരതീയ സംസ്കാരമെന്ന് വിശ്വസിക്കുന്നതായി വിവാദത്തിന് പിന്നാലെ ആലപ്പുഴയിലെ വിവാദത്തിനിടയായ സ്കൂളിലെ വിദ്യാർത്ഥിനികൾ പ്രതികരിച്ചത്. ആരുടേയും നിർബദ്ധത്തിന് വഴങ്ങിയല്ല കാലിൽ തൊട്ടത്. അതൊരു ബഹുമാനത്തിന്റേയും സംസ്കാരത്തിന്റേയും ഭാഗമാണെന്ന് പറഞ്ഞു വയ്ക്കുന്നു.
കോളജ് ക്യാമ്പസുകളിൽ പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ, മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിന്റെ കസേരയ്ക്ക് തീയിട്ട, പ്രിൻസിപ്പലിനെ പ്രതീകാത്മകമായി കൊന്ന് ശവക്കുഴി കലാലായത്തിൽ തോണ്ടിയ ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനം സമരമുഖങ്ങളുമായി രംഗത്തെത്തുമ്പോൾ കേവലമായ സംശയം ഇവരുടെ ഗുരുഭക്തിയെ ചുറ്റിപ്പറ്റിയുള്ളതാണ്, ഇത്തരത്തിലും ഭക്തിയാകാമെന്ന കൂട്ടരും ഇവർക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും മുദ്രാവാക്യം മുഴക്കി നടക്കുന്നുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലേക്ക് ഹിന്ദുത്വ അജണ്ടകളെ തിരികി കയറ്റുമ്പോൾ വിപ്ലവവഴികളും നവോദ്ധാന ഇന്നലകളും കളം വിടുന്ന കാഴ്ചയായി സമീപകാലങ്ങളിലെ കടന്നുകയറ്റങ്ങൾ മാറുകയാണ്.