തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തിൽ കേരള സർക്കാർ തുടങ്ങി വച്ച ബെവ്കോ ആപ്പ് വീണ്ടും സജീവമാകുന്നു. ഓൺലൈൻ മദ്യവിതരണ സാധ്യതയ്ക്കുള്ള എല്ലാ വഴികളും ബെവ്കോ തേടുകയാണ്. ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ അതിപ്രസരവും വിറ്റുവരവിന്റെ എളുപ്പവും ഉപഭോക്താക്കളുടെ സമയലാഭവുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിഷയത്തിൽ ബെവ്കോ എം.ഡി സർക്കാറിന് ശുപാർശ സമർപ്പിച്ചു.
ഓണ്‍ലൈൻ വിൽപനക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും മുൻപ് അവതരിപ്പിച്ചിട്ടുണ്ട്. ഇവയിൽ കാതാലായ മാറ്റം വരുത്തി ഡെലിവറി സംവിധാനത്തിലേക്ക് എത്തിക്കുന്നതാണ് പുതിയ പരിഷ്കാരം. കോവിഡ് മഹാമാരിയിൽ ക്വാറന്റൈനും, സാമൂഹിക അകലവും നിലവിൽ വന്നതോടെയാണ് നീണ്ട എൺപത് നാളുകൾ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിട്ടത്. ഇതോടെ മദ്യം ലഭിക്കാതെ വ്യാജ മദ്യം വിപണിയിലറങ്ങുന്ന സാഹചര്യവുമുണ്ടായി.
പിന്നാലെ സർക്കാർ പ്രശ്നത്തിന് പരിഹാരമായി ബെവ്കോ ആപ്പും ക്വൂ.ആർ കോഡ് വഴി ഇഷ്ടപ്പെട്ട ഔട്ട് ലെറ്റ് തിരഞ്ഞെടുത്ത് മദ്യകുപ്പി വാങ്ങുവാനുള്ള അവസരവും ഒരുക്കിയത്. ക്വൂർ ആർ കോഡ് വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് മൂന്ന് ലിറ്റർ മദ്യം വരെ വാങ്ങാം എന്നതായിരുന്നു ബെവ്കോ പോളിസി. എക്സൈസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു വിൽപന. എന്നാൽ ക്വൂർ ആർ കോഡ് കിട്ടാത്ത പല ബിവറേജുകളിലും ബഹളങ്ങളുണ്ടായതോടെ ബാറുകൾക്കും ബിവറേജസിനും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയത്.
സ്വിഗി സൊമാറ്റോ പോലെയുള്ള ഇ -കൊമേഴ്സ് ഓൺലൈൻ സ്ഥാപനങ്ങളും, ബ്ലിൻകിറ്റ് പോലെ നിത്യോപയോഗ സാധനങ്ങളുടെ വിതരണ ശൃംഖലയും സംസ്ഥാനത്ത് കളം നിറഞ്ഞതോടെയാണ് പരിഷ്കാരത്തിന് ബെവ്കോയും ഒരുങ്ങുന്നത്. 23 വയസിന് മുകളിലുള്ള ആളുകൾക്ക് മാത്രമേ മദ്യം വാങ്ങിക്കാൻ കഴിയൂ. മദ്യം വാങ്ങുന്നതിന് മുമ്പ് പ്രായം തെളിക്കുന്ന രേഖ ഹാജരാക്കേണ്ടി വന്നേക്കും. വിൽപ്പന ഇരട്ടിയാക്കാൻ വീര്യം കുറഞ്ഞ മദ്യവും വിപണിയിലെത്തിക്കാൻ ബെവ്കോ ലക്ഷ്യമിടുന്നു. ടൂറിസ്റ്റുകളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു ആവശ്യം ഉയരുന്നതായി ബെവ്കോ പറഞ്ഞു.
വിദേശ നിര്‍മിത ബിയര്‍ വിൽപനയും അനുവദിക്കണമെന്ന ആവശ്യവും ബെവ്കോ ഉന്നയിച്ചിട്ടുണ്ട്. ബവ്കോയ്ക്ക് ഓൺലൈൻ മാതൃക വന്നാൽ ഇതേ ആപ്പിലേക്ക് സംസ്ഥാനത്തെ ത്രിസ്റ്റാർ, ഫൈഫ് സ്റ്റാർ ബാറുകളെ കൂടി പരിഗണിക്കുമോ എന്ന ആവശ്യവും ഉയരുന്നുണ്ട്. ബിവറേജസ് ഔട്ട് ലെറ്റ് പോലെ തന്നെ സംസ്ഥാനത്ത് ഉടനീളമുള്ള ബാർ ശൃംഖലയെ കൂട്ടിയോജിപ്പിച്ച് ഓൺലൈൻ വിതരണത്തിനായി നാളിതുവരെ ഒരു ആപ്ലിക്കേഷനും നിലവിലില്ല. ബിവറേജസിനൊപ്പം തന്നെ ബാഖുകളും ഓൺലൈൻ വിൽപ്പന തുടരുകയാണെങ്കിൽ മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങളും കുറയുമെന്ന വിലയിരുത്തലുമുണ്ട്.