കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ആയുര്‍വേദം. മുഖത്തെ ബാധിക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഫലപ്രദമായ പ്രതിവിധികളുണ്ട്. മുഖത്തെ അയഞ്ഞ ചര്‍മം, ചുളിവുകള്‍, മുഖത്തെ പാടുകള്‍ തുടങ്ങിയ പലവിധ പ്രശ്‌നങ്ങളും ഇതില്‍പ്പെടുന്നു. ദോഷങ്ങളും ഇല്ലാത്തവയാണ് ആയുര്‍വേദമെന്നു പറയാം. അല്‍പനാള്‍ അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.
ആയുര്‍വേദത്തില്‍ മുഖസൗന്ദര്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കുങ്കുമാദി തൈലം. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണിത്. കുങ്കുമാദി തൈലം ശുദ്ധമായതു നോക്കി വാങ്ങുക എന്നതാണ് പ്രധാനം. ചുവന്ന നിറത്തില്‍ കൊഴുപ്പോടെയുള്ള ഈ തൈലം രണ്ടോ മൂന്നോ തുള്ളി പുരട്ടിയാല്‍ മതിയാകും . കുങ്കുമാദി തൈലം പുരട്ടുന്നതു കൊണ്ടുള്ള സൗന്ദര്യ ഗുണങ്ങളെക്കുറിച്ചറിയൂ.
ചേരുവകൾ
കുങ്കുമപ്പൂവാണ് ഇതിലെ മുഖ്യ ചേരുവ. കുങ്കുമപ്പൂ മാത്രമല്ല, ചന്ദനം, രക്തചന്ദനം, മഞ്ഞള്‍ തുടങ്ങിയ ഒരു പിടി ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ ഓയിലാണിത്. 26-ാളം ആയുര്‍ വേദ ചേരുവകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ മുഖത്തെ ഒരു പിടി സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരവുമാണ് ഇത്. ചര്‍മത്തിനു നിറം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുങ്കുമാദി തൈലം പുരട്ടുന്നത്. ഇതിലെ മഞ്ഞള്‍, ചന്ദനം, കുങ്കുമപ്പൂ തുടങ്ങിയവ നിറം ലഭിയ്ക്കാനുളള എളുപ്പ വഴിയാണ്. ഇവ ചേരുമ്പോള്‍ ചര്‍മത്തിനു സൗന്ദര്യ ഗുണങ്ങള്‍ വര്‍ധിക്കും.
താമര, നീലോത്‌പലം തുടങ്ങിയ പുഷ്പങ്ങളുടെ സത്തും ഇതിൽ ചേർക്കുന്നുണ്ട്. ഇത് ചർമ്മത്തിൻറെ തിളക്കത്തിന് ഏറെ ഗുണകരമാണ്. ചർമ സുഷിരങ്ങളിലൂടെ അതിവേഗം ഇറങ്ങി ചെല്ലാനും മികച്ച രീതിയിൽ പ്രവർത്തിയ്ക്കാനും ഇതിനു കഴിയും.ചന്ദനം, രക്ത ചന്ദനം എന്നിവ പോലെ ശരീരത്തെ തണുപ്പിയ്ക്കുന്ന സസ്യങ്ങളിൽ നിന്ന് സ്വാംശീകരിച്ചെടുത്ത സസ്യ എണ്ണകളും ഇതിലുൾപ്പെടുന്നു. പൊതുവേ ചൂട് കൂടിയ കാലാവസ്ഥയിൽ ഉള്ളവർ ഇത് പതിവാക്കുന്നത് നല്ലതാണ്.
സൂര്യപ്രകാശം മൂലം മുഖത്തുണ്ടാകുന്ന കരുവാളിപ്പ് മാറാനുള്ള എളുപ്പ വഴി കൂടിയാണ് കുങ്കുമാദി തൈലം. സ്വാഭാവിക ബ്ലീച്ച് ഗുണം നല്‍കുന്ന തികച്ചും പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഒന്നാണിത്. കണ്ണിനടിയിലെ കറുപ്പു മാറാനും തൈലം ഉപയോഗിക്കാം. ഇത് കണ്‍തടത്തിലെ രക്തപ്രവാഹം വര്‍ധിപ്പിക്കും. ഇതാണു കറുപ്പു നിറം അകറ്റാന്‍ സഹായിക്കുന്നത്. കണ്ണിനടിയില്‍ പുരട്ടാന്‍ തികച്ചും സുരക്ഷിതമായ ഒന്നു കൂടിയാണിത്. പ്രായ വ്യത്യാസമില്ലാതെ ആർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് കുങ്കുമാദി തൈലം. വരണ്ട സ്വഭാവമുള്ളതോ പരുക്കൻ തൊലിയോട് കൂടിയതോ ആയ ചർമമാണെങ്കിൽ അതിനെ മൃദുവാക്കാനും തിളക്കം നൽകാനും കുങ്കുമാദി തൈലത്തിനു കഴിയും.
ഉപയോഗിക്കേണ്ട വിധം
കുങ്കുമാദി തൈലം കുറച്ചു നാളത്തേക്കു പുരട്ടിയാലേ ഗുണം ലഭിയ്ക്കൂ. വ്യാജ ഉത്പന്നങ്ങളല്ലാതെ ശുദ്ധമായതു നോക്കി വാങ്ങുക. അല്‍പം വില കൂടുതലാണെങ്കിലും കൊഴുപ്പുള്ള ഓയിലായതു കൊണ്ടു തന്നെ അല്‍പം മാത്രം ഉപയോഗിച്ചാല്‍ മാതിയാകും. സാധാരണ ഗതിയില്‍ ചെറിയൊരു കുപ്പി തന്നെ രണ്ടോ മൂന്നോ മാസത്തേയ്ക്കു ധാരളമാണ്. മറ്റ് കൃത്രിമ സൗന്ദര്യ വര്‍ധക വസ്തുക്കളേക്കാള്‍ ഗുണം നല്‍കും.









