ദീർഘകാല നിക്ഷേപങ്ങളിലൂടെ മൂച്വൽ ഫണ്ടിലെ എസ്ഐപിയിലൂടെ കോടികൾ വരെ സമ്പാദിക്കാൻ സാധിക്കും. ഓഹരി വിപണിയിൽ നേരിട്ട് ഇടപെടാൻ താത്പര്യമില്ലാത്തവർക്കും, ദീർഘ കാലയളവിൽ വലിയൊരു സമ്പാദ്യം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ.
എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടില്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് എസ്‌ഐപി അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതിയാണ്.
ചിട്ടയായ നിക്ഷേപത്തിലൂടെ സമ്പത്ത് വളര്‍ത്താന്‍ എസ്ഐപി നിങ്ങളെ സഹായിക്കുന്നു. കേവലം 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് എത്ര തുക വേണം, എത്ര കാലം നിക്ഷേപിക്കണം എന്നൊക്കെ നിങ്ങൾക്ക് തീരുമാനിക്കാം. വെറും 99 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് എസ്ഐപി തുടങ്ങാനാകും. അടുത്തിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ 3 മ്യൂച്വൽ ഫണ്ടുകൾ പരിചയപ്പെടാം.
എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട്
2013 ജനുവരിയിലാണ് ഈ ഫണ്ട് അവതരിപ്പിച്ചത്. മൊത്തം 75639 കോടി രൂപയുടെ കൈകാര്യ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഇതൊരു ഹൈബ്രിഡ് ഫണ്ട് ആയതു കൊണ്ട് 65-80% ഇക്വിറ്റിയിലും, 20-35% വരെ ഡെബ്റ്റ് ഫണ്ടിലുമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. 5 വർഷത്തിൽ 16.92% സിഎജിആർ വളർച്ചയും മൂന്ന് വർഷത്തിൽ 13% വളർച്ചയുമാണ് കൈവരിച്ചിട്ടുള്ളത്. ഫിനാൻഷ്യൽ സെക്ടറിലാണ് കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് , കൊട്ടക് മഹിന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സോളാർ ഇൻഡസ്ട്രീസ് എന്നി ഓഹരികളിലാണ് കൂടുതൽ വെയിറ്റേജ് നൽകിയിട്ടുള്ളത്.
മിറെ അസ്സെറ്റ് ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട്
2015 ലാണ് ഈ ഫണ്ട് അവതരിപ്പിച്ചത്. ഫണ്ടിന് 9058 കോടി രൂപയുടെ കൈകാര്യ ആസ്തിയാണ് ഉള്ളത്. ഈ ഫണ്ടും 65-80% വരെ ഇക്വിറ്റിയിലും , 20-35% വരെ ഡെബ്റ്റിലുമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ലോക്ക് ഇൻ പീരീഡ് ഇല്ല. ഏറ്റവും കുറഞ്ഞത് 99 രൂപ മുതൽ എസ്ഐപി തുടങ്ങാൻ സാധിക്കും. 5 വർഷം കൊണ്ട് 17% , മൂന്ന് വർഷം കൊണ്ട് 14% , ഒരു വർഷത്തിൽ 4% എന്നിങ്ങനെയാണ് സിഎജിആർ വളർച്ച. എച്ച്ഡിഎഫ്സി , ഐസിഐസിഐ ബാങ്ക് , എസ്ബിഐ , റിലയൻസ് തുടങ്ങിയ ലാർജ് ക്യാപ് ഓഹരികൾക്കാണ് കൂടുതൽ മുൻതൂക്കം നൽകിയിരിക്കുന്നത്.
കാനറാ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട്
ഈ ഫണ്ട് 2013 ലാണ് അവതരിപ്പിച്ചത്. 16617 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ലോക്ക് ഇൻ പീരീഡ് ഇല്ല. കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് എസ്ഐപി തുടങ്ങാം. മൂന്ന് വർഷത്തിൽ 16% വളർച്ചയും, 5 വർഷത്തിൽ 20% വളർച്ചയും ഫണ്ട് കൈവരിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, റിലയൻസ് , ഇൻഫോസിസ് പോലുള്ള പ്രധാന ബ്ലൂ ചിപ്പ് കമ്പനികൾക്കാണ് കൂടുതൽ വെയിറ്റേജ് നൽകിയിരിക്കുന്നത്.