ഹമാസിനെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യത്തില്‍നിന്ന് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന് ആവർത്തിച്ച് ഇസ്രയേല്‍. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ പ്രസ്താവന. ചര്‍ച്ചകളിലൂടെ ഗാസയിലെ ഹമാസിന്റെ അവശേഷിപ്പ് ഇല്ലാതാക്കാനാകുമോ എന്ന് നോക്കാം. ഇല്ലെങ്കില്‍ മറ്റു വഴികളിലൂടെ ലക്ഷ്യം കാണേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു. ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധം അവസാനിച്ചിട്ടില്ലെന്നും, ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ പോലും ഹമാസിന്റെ സൈനിക, ഭരണ ശേഷിപ്പുകള്‍ ഇല്ലാതാക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിൽ നിന്ന് പിന്നാക്കം പോവാൻ കാരണമാവില്ലെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
ചര്‍ച്ചയിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ സമാധാനത്തിലേക്കുള്ള വഴിയല്ല. ഇസ്രയേൽ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകളായ, ഹമാസിന്റെ പൂര്‍ണ്ണമായ നിരായുധീകരണം, ഭരണം അവസാനിപ്പിക്കുക എന്നിവയ്ക്ക് സമ്മതിച്ചാല്‍ മാത്രമേ സമാധാന പാത തുറക്കാൻ കാരണമാവുകയുള്ളൂ എന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. നിലവിൽ ചർച്ചകളിലൂടെ നേടിയെടുക്കാനാണ് ശ്രമിക്കുന്നത് അങ്ങനെ നടന്നാൽ നല്ലത്.അല്ലെങ്കിൽ സൈന്യത്തിന്റെ ശക്തി ഉപയോഗിച്ച് അത് നേടേണ്ടിവരുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്
നേരത്തെ രണ്ട തവണ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നപ്പോൾ അത് ഇസ്രായാൽ നിരാകരിക്കുകയായിരുന്നു. അന്ന് മുന്നോട്ട് വെക്കുന്ന കരാറുകൾ അംഗീകരിക്കാൻബുദ്ധിമുട്ടായിരുന്നു. രണ്ടു തവണയും പോരാട്ടം തുടരേണ്ടിവന്നു. ഇപ്പോഴിതാ മൂന്നാം തവണയും ഇതേ കാര്യം ആവർത്തിക്കുകയാണ്. ഗാസയിൽ ഇസ്രായേൽ പോരാട്ടം കനക്കുമെന്ന സൂചനയാണ് അമേരിക്കൻ സന്ദർശനത്തിന് ശേഷം വന്ന ആദ്യ പ്രതികരണത്തിലൂടെ നെതന്യാഹു പറഞ്ഞത്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷംവെടിനിർത്തൽ പ്രഖ്യാപനമുണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്നതിന് പിന്നാലെയാണ് ആക്രമണം കടുപ്പിക്കുമെന്ന് നിലപാട് വ്യക്തമാക്കി ഇസ്രായേൽ വീണ്ടും രംഗത്തെത്തുന്നത്.
ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്തുന്നതിനായി ശേഷിക്കുന്ന ബന്ദികളില്‍ 10 പേരെ വിട്ടയക്കാന്‍ തയ്യാറാണെന്ന് ഹമാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍നടന്ന നാലുദിവസത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം.
പലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്തുന്നതിനും അവരുടെ സുരക്ഷയും സ്വാതന്ത്ര്യവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കുന്നതിനുമായി മധ്യസ്ഥരുമായി ഗൗരവതരമായ ചര്‍ച്ചകൾ അന്തർദേശീയ തലത്തിൽ പുരോഗമിക്കുകയാണ്.