സൈബർ സുരക്ഷ റിസേർച്ചർ ആകൂ, ശമ്പളം നിങ്ങൾക്ക് തീരുമാനിക്കാം

നിങ്ങൾ ഒരു സൈബർ സുരക്ഷ റിസേർച്ചർ ആണോ എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ശമ്പളം തീരുമാനിക്കാം. ഇന്റർനെറ്റിന്റെ ഉപയോഗവും ഡാറ്റാ സയൻസ് വിപുലപ്പെടുതുന്നതിനോടൊപ്പം തന്നെ ആ മേഖലയിലെ സുരക്ഷാ ഭീഷണികളും വർധിച്ചു വരുന്നു. സൈബർ ഭീഷണികളിൽ നിന്നും ഹാർഡ് വെയർ, സോഫ്റ്റ്‌വെയർ, ഡാറ്റ എന്നിവ ഉൾപ്പെടെയുള്ള ഇന്റർനെറ്റുമായി ബന്ധപെട്ടിട്ടുള്ള എല്ലാ സിസ്റ്റങ്ങളെയും സംരക്ഷിക്കുകയാണ് സൈബർ സുരക്ഷയിലൂടെ ഉറപ്പാക്കുന്നത്.

ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്ന സൈബർ വെല്ലുവിളികൾക്കൊപ്പം തന്നെ അതിനെ നേരിടാനുള്ള സുരക്ഷാ പദ്ധതികളും വിപുല പെടുത്തുന്നുണ്ട്. ബിസിനസുകൾക്കും സൈബർ സുരക്ഷ ആവശ്യമാണ്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്‍റെ സങ്കീർണതയും ആഗോള ഭീഷണികളും വർധിക്കുമ്പോൾ അവരുടെ ഡാറ്റയും സിസ്റ്റങ്ങളും സംരക്ഷിക്കാൻ സൈബർ സുരക്ഷ പ്രഫഷനലുകൾക്ക് സമ്മർദം ഉണ്ടാകുന്നു. ഇതോടൊപ്പം തന്നെ ഈ മേഖലയിൽ നിരവധി തൊഴിൽ സാധ്യതകളും തുറന്നിടുന്നു. ഇതിൽ നിന്നു തന്നെ സൈബർ സുരക്ഷ കോഴ്സുകൾ എത്ര ത്തോളം ആവശ്യമാണെന്ന് നമുക്ക് മനസ്സിലാക്കാം.

പ്ലസ് ടു കഴിഞ്ഞ ആർക്കും സൈബർ സുരക്ഷ കോഴ്സുകൾ ചെയ്യാം. ബി.എസ്.സി, ബി ടെക്, ബിസി എ, സൈബർ സെക്യൂരിറ്റി, സൈബർ ഡിഫെൻസ്, സൈബർ ഫോറെൻസിക്, സൈബർ ലോ തുടങ്ങിയ കോഴ്സുകളും ഇന്ന് ലഭ്യമാണ്. രണ്ടാഴ്ച മാത്രം സമയ പരിധിയുള്ള കോഴ്സ് മുതൽ 5 വർഷം കാലയളവുള്ള കോഴ്സുകൾ വരെ ഇന്ന് ലഭ്യമാണ്.

3 ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെ (വർഷത്തിൽ ) എക്സ്പീരിയൻസ് ഉള്ളവർക്ക് 10 മുതൽ 20 ലക്ഷം വരെയും ശമ്പളം വാഗ്ദാനം ചെയ്യുന്ന കമ്പനികൾ ഇന്ത്യയിലും പുറത്തുമുണ്ട്. എക്സ്പീരിയൻസ് കൂടുതൽ ഉള്ളവർക്ക് അവരുടെ ശമ്പളം കമ്പനിയോട് നേരിട്ട് അങ്ങോട്ട് ഡിമാൻഡ് ചെയ്യാം. വിദേശത്ത് 50,000 മുതൽ 80,000 ഡോളർ വരെ ശമ്പളമുണ്ട്..

പെനട്രേഷൻ ടെസ്റ്റർ

പെനട്രേഷൻ ടെസ്റ്റിങ്/ പെൻ ടെസ്റ്റിങ് (Pen Testing) എന്നത് ഒരു സിസ്റ്റം, നെറ്റ്‍വർക്ക്, വെബ് ആപ്ലിക്കേഷൻ എന്നിവ ഹാക്ക് ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കുന്ന സുരക്ഷാ പരിശോധനയാണ്. ഹാക്കിങ് ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ഉപയോഗത്തിലൂടെ സുരക്ഷാ പാളിച്ചകൾ പരിഹരിക്കുന്ന, ഹാക്കിങ്ങിൽ വൈദഗ്ധ്യമുള്ള സുരക്ഷാ പ്രഫഷനലുകളാണ് പെനട്രേഷൻ ടെസ്റ്റർമാർ.

ഒരു കമ്പനിയുടെയോ ഓർഗനൈസേഷന്‍റെയോ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ ഇവർ സഹായിക്കുന്നു. നെറ്റ്‍വർക്കിനെ കുറിച്ച് വിവരങ്ങൾ ശേഖരിച്ച് സുരക്ഷാ പോരായ്മകൾ കണ്ടെത്തി ഹാക്ക് ചെയ്ത് നേരത്തേ കണ്ടെത്തിയ തകരാറുകൾ ശരിയാക്കി പ്രശ്നങ്ങളും പരിഹാരങ്ങളും റിപ്പോർട്ട് ചെയ്യുകയാണ് പെൻ ടെസ്റ്ററുടെ ജോലി.

വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും സുരക്ഷിതമാക്കാനും ബാങ്കുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും കമ്പനി ഡേറ്റകൾ പരിരക്ഷിക്കാനും ഹാക്കർമാർക്ക് എതിരെ മുൻകരുതൽ സ്വീകരിക്കാനുമാണ് പെൻ ടെസ്റ്റിങ് ഉപയോഗിക്കുന്നത്.

സോക് അനലിസ്റ്റ് (Security Operations Center Analyst)

നെറ്റ്‍വർക്ക്, സിസ്റ്റങ്ങൾ, ഡേറ്റ എന്നിവയെ സൈബർ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുകയാണ് സോക് അനലിസ്റ്റിന്‍റെ ധർമം. സോക് അനലിസ്റ്റ് സൈബർ പൊലീസ് പോലെയാണ്. സെർവറുകളും മറ്റും ഹാക്ക് ചെയ്യുന്നുണ്ടോ എന്ന് സദാ നിരീക്ഷിച്ചുകൊണ്ടിരിക്കും.

നെറ്റ്‌വർക്ക് മോണിറ്ററിങ്ങിലൂടെ സൈബർ ആക്രമണങ്ങൾ കണ്ടെത്തി ഫിഷിങ്, മാൽവെയർ അറ്റാക്കുകള്‍ തടയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച്‌ കമ്പ്യൂട്ടർ‍ നെറ്റ്‌വർക്കിലേക്ക്‌ അതിക്രമിച്ചു കയറുന്ന പ്രോഗ്രാമുകളെ തടയുന്ന സോഫ്റ്റ്‌വെയർ, ഹാർഡ്‌ വെയറുകളാണ് ഫയർവാൾ. ഇത് ഇന്‍റർനെറ്റിനെയും ഇൻട്രാനെറ്റിനെയും ഒരു പോലെ സുരക്ഷിതമാക്കുന്നു.

ലിനക്സ്, വിൻഡോസ്, ക്ലൗഡ് സെക്യൂരിറ്റി, സൈബർ സേഫ്റ്റി, എത്തിക്കൽ ഹാക്കിങ് എന്നിവ നിർബന്ധമായും സോക് അനലിസ്റ്റ് അറിഞ്ഞിരിക്കണം. SIEM (Splunk, IBM QRadar), Wireshark, Nessus, Kali Linux എന്നീ ടൂളുകളാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നത്.

ഐ.ടി കമ്പനികൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സോക് അനലിസ്റ്റായി ജോലി ചെയ്യാവുന്നതാണ്. സോക് എൻജിനീയർ, സെക്യൂരിറ്റി കൺസൾട്ടന്‍റ്, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസർ (CISO) എന്നീ ഉയർന്ന സൈബർ സെക്യൂരിറ്റി റോളുകളിലേക്ക് പോകാനും സോക് അനലിസ്റ്റുകളിലൂടെ സാധിക്കും. പഠനം തുടങ്ങാൻ CompTIA Security+, CEH, CCNA Cyber Ops തുടങ്ങിയ സർട്ടിഫിക്കേഷനുകൾ ഉപയോഗിക്കാം.

എത്തിക്കൽ ഹാക്കർ

നിയമവിധേയമായിതന്നെ നെറ്റ്‍വർക്ക് സുരക്ഷ ഉറപ്പാക്കുന്ന ഹാക്കർമാരാണ് സെക്യൂരിറ്റി ചെക്കർ, എത്തിക്കൽ ഹാക്കർ എന്നീ പേരുകളിൽ അറിയപ്പെടുന്നത്. സാധാരണ ഹാക്കർമാർ സിസ്റ്റം നശിപ്പിക്കാൻ ഹാക്ക് ചെയ്യുകയാണെങ്കിൽ എത്തിക്കൽ ഹാക്കർമാർ സുരക്ഷ മെച്ചപ്പെടുത്താനാണ് ഹാക്ക് ചെയ്യുന്നത്.

ഐ.ടി, ടെലികോം, ബാങ്കിങ് തുടങ്ങി രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ ഇവർക്ക് അവസരങ്ങളേറെയാണ്. തന്‍റെ മേഖലക്ക് പുറത്തു നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ചും സാങ്കേതിക വിദ്യയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ സംബന്ധിച്ചും തികഞ്ഞ അറിവുണ്ടെങ്കിൽ ജോലി വളരെ എളുപ്പം. പൈത്തൺ, ജാവാ സ്ക്രിപ്റ്റ്, SQL, C/C++ എന്നീ പ്രോഗ്രാമിങ് ലാംഗ്വേജ് അറിഞ്ഞിരിക്കണം.

ഹാക്കിങ് അനുബന്ധ കോഴ്‌സുകൾ പഠിക്കാൻ ഡിഗ്രി വേണമെന്ന് നിർബന്ധമില്ല. കമ്പ‍്യൂട്ടർ, ഇന്‍റർനെറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അറിവുകൾ അപ്‌ഡേറ്റ് ചെയ്‌തു കൊണ്ടേയിരിക്കണം. എല്ലാ ഓപറേഷൻ സോഫ്‌റ്റ് വെയറുകളെക്കുറിച്ചും അവ ഉപയോഗിക്കുന്ന രീതികളും നെറ്റ്‍വർക്കിങ്ങും അറിഞ്ഞിരിക്കണം.

കോഴ്‌സുകളിൽ രാജ്യാന്തര മേഖലയിൽ അംഗീകാരം ലഭിക്കാവുന്ന പല സർട്ടിഫിക്കറ്റുകളും നിലവിലുണ്ട്. ഇ.സി കൗൺസിൽ (EC-Council) സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ (സി.ഇ.എച്ച്) എന്ന സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. ഇവർക്ക് ഇന്ത്യയിൽ പരിശീലനകേന്ദ്രമുണ്ട്.

സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ (CEH), ഹാക്കിങ് ഫൊറൻസിക് ഇൻവസ്‌റ്റിഗേറ്റർ (CHFA), സർട്ടിഫൈഡ് സെക്യൂരിറ്റി സ്‌പെഷലിസ്‌റ്റ് (ECSS), CompTIA Security+ തുടങ്ങിയവ ഇതിനായുള്ള സർട്ടിഫിക്കേഷന്‍ കോഴ്സുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *