‘ബൈബിൾ വലിച്ചെറിഞ്ഞു, ബിജെപി ഭരണമെന്ന് ഓർക്കണമെന്ന് ആക്രോശം’; നേരിട്ട ദുരനുഭവത്തെക്കുറിച്ച് കന്യാസ്ത്രീ

ഭുവനേശ്വർ: ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് വൈദീകർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ അതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. എഴുപതോളം വരുന്ന ബജ്റംഗദൾ പ്രവർത്തകരാണ് ഒഡീഷയിലെ ജലേശ്വർ ജില്ലയിലെ ഗംഗാധറിൽ രണ്ട് വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അക്രമിച്ചത്. ബൈബിൾ വലിച്ചെറിഞ്ഞെന്നും രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചുവെന്നും അക്രമണത്തിന് ഇരയായ സിസ്റ്റർ എലേസ ചെറിയാൻ പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബിജെപി ഭരണമെന്ന് ഓർക്കണമെന്ന് അക്രമികൾ ആക്രോശിച്ചതായും കന്യാസ്ത്രി പറഞ്ഞു.

“ആണ്ട് കുർബാനയ്ക്ക് പോകുമ്പോഴാണ് അതിക്രമം നടന്നത്. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെയാണ് ആളുകൾ വന്നു തടഞ്ഞത്. ഒപ്പമുള്ളവരെ ക്രൂരമായി ആക്രമിക്കുകയും ബൈക്കിന്റെ എണ്ണവരെ ഊറ്റിക്കളയുകയും ചെയ്തു. രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചു. ബൈബിൾ വലിച്ചെറിയുകയും ബിജെപി ഭരണമെന്ന് ഓർക്കണമെന്ന് അക്രമികൾ ആക്രോശിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഡ്രൈവറെ മർദ്ദിക്കുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തു.” കന്യാസ്ത്രീ വ്യക്തമാക്കി. 

ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ.ലിജോ നിരപ്പേൽ, ഫാദർ വി.ജോജോ എന്നിവർക്കു ആക്രമണത്തിൽ പരുക്കേറ്റു. രണ്ടു വൈദികരുടേയും മൊബൈല്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു. രണ്ടുവര്‍ഷം മുന്‍പ് മരിച്ച പ്രാദേശിക ക്രിസ്ത്യന്‍ മതവിശ്വാസിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ് അക്രമണം ഉണ്ടായത്. 

അതേസമയം, ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ സഭ മാത്രമല്ല, ഭരണഘടന കൂടിയാണെന്ന് സിബിസിഐ അധ്യക്ഷന്‍ മാർ ആൻഡ്രൂസ് താഴത്ത്. ‘മതവിശ്വാസം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്.ഇന്ത്യയിൽ എല്ലാവർക്കും ഭയമില്ലാതെ ജീവിക്കാൻ സാധിക്കണം. ആ സാഹചര്യം ഒരുക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്.ഭരിക്കുന്ന സർക്കാറിനാണ് അതിന്‍റെ ഉത്തരവാദിത്തം.കൃത്യമായ നടപടികൾ ഇല്ലാത്തത് കൂടുതൽ ആക്രമണങ്ങൾക്ക് വഴിയൊരുക്കുന്നുതായും’ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *