വായ്നാറ്റം പലരുടെയും ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ആളുകളോട് സംസാരിക്കുന്നതിൽനിന്നും അവരോട് ഇടപഴകുന്നതിൽനിന്നും അകന്നുനിൽക്കാൻ ഇടവരുത്തും. വായ് ശുചിത്വത്തിലെ പാളിച്ചകൾ മാത്രമല്ല, ചില ആരോഗ്യപ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാണ്. ഈ കാരണങ്ങളെ പ്രധാനമായും രണ്ടായി തരംതിരിക്കാം.
- വായിലെ കാരണങ്ങൾ: ദന്തക്ഷയം, മോണവീക്കം, മോണപഴുപ്പ്, നാവിനെ ബാധിക്കുന്ന പൂപ്പൽബാധ, ഹെർപ്പിസ് വൈറസ് ബാധമൂലമുണ്ടാകുന്ന ദന്തരോഗങ്ങൾ, പല്ലെടുത്ത ഭാഗത്തെ ഉണങ്ങാത്ത മുറിവും പഴുപ്പും, കൃത്രിമ ദന്തങ്ങൾ വൃത്തിയായി സൂക്ഷിക്കാത്തവരിൽ, വായിലുണ്ടാകുന്ന വ്രണങ്ങൾ, മുറിവുകൾ എന്നിവയാണ് വായുമായി ബന്ധപ്പെട്ട കാരണങ്ങൾ. മൂക്കിലെയും തൊണ്ടയിലെയും അസുഖങ്ങൾ, സൈനസൈറ്റിസ് (sinusitis), മുക്കിലുള്ള പഴുപ്പ്, ശ്വസനനാളിയിലെ അണുബാധ, ശബ്ദനാളത്തിലെ അണുബാധ, ശബ്ദനാളത്തിലെ അർബുദം എന്നിവയും മറ്റു ചില കാരമങ്ങളാണ്.
- മറ്റ് അവയവങ്ങളിലെ അസുഖങ്ങൾ: ശ്വാസകോശ സംബന്ധിയായ രോഗങ്ങളായ ശ്വാസകോശത്തിലെ അണുബാധ, പഴുപ്പ്, ശ്വാസംമുട്ട്, ആസ്മ, ക്ഷയരോഗം, ശ്വാസകോശാർബുദം, ന്യൂമോണിയ തുടങ്ങിയവ വായ്നാറ്റത്തിന് കാരണമാകും. ഉദരസംബന്ധിയായ രോഗങ്ങളായ ഉദരത്തിലെ അണുബാധ, പഴുപ്പ്, ഗ്യാസ്ട്രബിൾ, ഹെർണിയ തുടങ്ങിയ അസുഖങ്ങളും കരൾ രോഗങ്ങളും വൃക്ക രോഗങ്ങളും കാരണമാകാറുണ്ട്.
ദന്തശുചിത്വം ഉറപ്പുവരുത്തുക, ശരിയായ രീതിയിലുള്ള ബ്രഷിങ് രീതി, ബ്രഷിന്റെ പ്രതലമോ ടംങ് ക്ലീനറോ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത് ശീലമാക്കു, ആറു മാസത്തിലൊരിക്കൽ മോണരോഗ വിദഗ്ധനെ കാണുക, ദന്തക്ഷയം ചികിത്സിച്ച് ഭേദമാക്കുക തുടങ്ങിയവയിലൂടെ വായിലെ കാരണങ്ങൾ മൂലമുള്ള വായ്നാറ്റത്തെ മറികടക്കാനാകും. പ്രമേഹം നിയന്ത്രിച്ച് നിർത്തുക, ∙ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, മൂക്കിലേയും തൊണ്ടയിലേയും രോഗങ്ങൾ, കരൾ രോഗങ്ങൾ, ഉദര രോഗങ്ങൾ തുടങ്ങിയവയെല്ലാം ചികിത്സിക്കുക, വായ്നാറ്റമുണ്ടാക്കുന്ന മരുന്നുകൾ ഡോക്ടറോട് ചോദിച്ച് മാറ്റി വാങ്ങുക തുടങ്ങിയ കാര്യങ്ങളിലൂടെ മറ്റു കാരണങ്ങൾ മൂലമുണ്ടാകുന്ന വായ്നാറ്റത്തിന് പരിഹാരം കാണാൻ സാധിക്കും.
വായ്നാറ്റം അകറ്റാൻ സഹായിക്കുന്ന കാര്യങ്ങൾ?
ഉയർന്ന നാരുകളുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക. സിട്രസ് അടങ്ങിയ ഭക്ഷണം/ബെറികൾ, നാരങ്ങ പോലുള്ളവയും വായ്നാറ്റത്തെ ചെറുക്കാൻ സഹായിക്കും. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് വായ്നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെയും ഭക്ഷണ അവശിഷ്ടങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു. വെള്ളരിക്ക, കാരറ്റ്, വാഴപ്പഴം, ഗ്രീൻ ടീ, ഇഞ്ചി, മഞ്ഞൾ, പേര, ആപ്പിൾ, സെലറി എന്നിവയെല്ലാം ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിനുശേഷം വായും തൊണ്ടയും വെള്ളം ഉപയോഗിച്ച് കഴുകുക. വായ് ശുചിത്വവും പ്രധാനമാണ്. ഉറക്കമുണർന്നതിനുശേഷവും ഉറങ്ങുന്നതിനു മുൻപും പല്ലു തേയ്ക്കുന്നത് വായ്നാറ്റം ഒരു പരിധിവരെ കുറയ്ക്കും.