ശ്വേത മേനോനെതിരെയുള്ള പരാതി: പങ്കുണ്ടെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് ബാബുരാജ് 

കൊച്ചി: ശ്വേത മേനോനെതിരെയുള്ള പരാതിക്ക് പിന്നിൽ തന്റെ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ്. ശ്വേത മേനോൻ തന്റെ അടുത്ത സുഹൃത്താണെന്നും സംഘടനയുടെ പുതിയ ഭരണസമിതിയിൽ ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അന്വേഷിച്ച് ആരാണ് അത്തരമൊരു പരാതിക്ക് പിന്നിലെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന എഎംഎംഎ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബാബുരാജ്.

“എനിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയതാണ് പത്രിക പിൻവലിക്കാൻ കാരണം. അമ്മ സംഘടനയുടെ തലപ്പത്തേക്ക് വനിതകൾ വരണമെന്നാണ് എന്റെയും ആഗ്രഹം. സംഘടനക്ക് അകത്തുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അകത്താണ് സംസാരിക്കേണ്ടത്. പറയാനുള്ള കാര്യങ്ങൾ അമ്മയുടെ ജനറൽബോഡിയിൽ പറയും. ആരോപണങ്ങളിൽ മറുപടി ഇല്ലാത്തത് കൊണ്ടല്ല മിണ്ടാതിരുന്നത്.”  ബാബൂരാജ് പറഞ്ഞു.

തന്നെ കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും എന്നതാണ് പലരും പറഞ്ഞു പരത്തിയതെന്ന് പറഞ്ഞ ബാബുരാജ് സംഘടന തുടങ്ങിവച്ച നല്ല പ്രവർത്തികൾ ഇനിയും തുടരുമെന്നും അമ്മയ്‌ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. അഡ്‌ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ടു പോയപ്പോൾ ഒരു ആരോപണവും ഉണ്ടായിരുന്നില്ല. ഇതിന് ശേഷമാണ് ആരോപണങ്ങൾ ഉയർന്നത്.

ആര് ജയിച്ചാലും അവർക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പിലൂടെ സംഘടനയിൽ ജനാധിപത്യം കൂടുതലായി എന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. ഏറെ വിവാദങ്ങൾക്കിടെ എഎംഎംഎ തിരഞ്ഞെടുപ്പ് പൂർത്തിയായി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയായി ഫലമറിയാനാകും. ശ്വേത മേനോനും ദേവനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 

സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചെന്നായിരുന്നു ശ്വേത മേനോനെതിരായ പരാതി. മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസാണ് നടിയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ താരം ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു. തിര‍‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രിയ ​ഗൂഢാലോചനയുടെ ഭാ​ഗമാണ് ശ്വേത മേനോനെതിരെയുള്ള പരാതിയെന്നും ബാബുരാജാണ് ഇതിന് പിന്നിൽ എന്ന് സംശയമുണ്ടെന്ന് ആരോപണവുമായി മാല പാർവ്വതി നേരത്തെ രം​ഗത്തെത്തിയതാണ് വിവാദങ്ങൾ തുറന്ന വാക്കു തർക്കത്തിലേക്ക് എത്തിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *