പ്രമേഹത്തിൽ നിന്ന് രക്ഷ വേണോ?; ഈ 5 പാനീയങ്ങൾ ഒഴിവാക്കാം

പ്രമേഹ ബാധിതരുടെ എണ്ണം ഇന്ത്യയിൽ ദിനംപ്രതി ഉയരുകയാണ്. പ്രായഭേദമന്യേ നിരവധി പേരെ ഇന്ന് ഈ ജീവിതശൈലി രോഗം ബാധിക്കുന്നുണ്ട്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രമേഹരോ​ഗ വളർച്ചയ്ക്ക് കാരണമായ പ്രധാന ഘടകമായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ കർശനമായ നിയന്ത്രണം വരുത്തണം. പ്രമേഹ സാധ്യത വർധിപ്പിക്കുന്ന 5 പാനീയങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

  1. കൃത്രിമമധുരം ചേർത്ത പാനീയങ്ങൾ

കൃത്രിമമധുരം ചേർത്ത സോഫ്റ്റ് ഡ്രിങ്കുകളും ഷുഗർ ഫ്രീ പാനീയങ്ങളും കുടിക്കാതിരിക്കുക. ഈ പാനീയങ്ങളിൽ കലോറി കുറവാണെങ്കിലും ടൈപ്പ്-2 ഡയബറ്റീസിന് സാധ്യത കൂട്ടാനുള്ള ഘടകങ്ങളുണ്ട്. ആർട്ടിഫിഷ്യൽ മധുരം ഗ്ലൂക്കോസ് ഇൻടോളറൻസ് ഉണ്ടാക്കുകയും പ്രമേഹത്തിന് കാരണമാവുകയും ചെയ്യും.

  1. എനർജി ഡ്രിങ്കുകൾ

വ്യായാമത്തിന് മുമ്പും ഊർജം നേടുന്നതിനുമൊക്കെയായി കൗമാരക്കാരും മുതിർന്നവരും എനർജി ഡ്രിങ്കുകൾ കുടിക്കാറുണ്ട്. മിക്ക എനർജി ഡ്രിങ്കുകളിലും ഉയർന്ന അളവിൽ പഞ്ചസാരയും കഫീനും അടങ്ങിയിട്ടുണ്ട്. പലതിലും ശീതളപാനീയങ്ങളിൽ കാണുന്നതിലും കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ്-2 ഡയബറ്റീസിനുള്ള സാധ്യത വർധിപ്പിക്കും.

  1. സോഫ്റ്റ് ഡ്രിങ്ക്

വലിയ അളവിൽ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിങ്കുകളിലുള്ളത്. ഒരു കാനിൽ തന്നെ 35 മുതൽ 40 ഗ്രാമിലധികം പഞ്ചസാരയുണ്ടാകാൻ സാധ്യതയുണ്ട്. ഇത് പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കും. സോഫ്റ്റ് ഡ്രിങ്കിന് പകരം മധുരമില്ലാത്ത നാരങ്ങാവെള്ളം, ഇളനീർ എന്നിവ കുടിക്കുന്നതായിരിക്കും ഉത്തമം. ഇവ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാതെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

  1. ബ്ലെൻഡഡ് കോഫി

വിപ്പ്ഡ് ക്രീമും സിറപ്പുകളും ഉപയോ​ഗിക്കുന്ന ബ്ലെൻഡഡ് കോഫി ഡ്രിങ്കുകളിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിരിക്കാം. ഇത്തരം ഡ്രിങ്കുകൾ ഒരു കപ്പ് കുടിച്ചാൽ പോലും 300-400 കലോറി വരെ ശരീരത്തിലെത്തും. സ്ഥിരമായുള്ള ഇവയുടെ ഉപഭോഗം പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കും.

  1. മദ്യപാനം

പല മദ്യങ്ങളിലും പഞ്ചസാരയും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. സ്ഥിരമായി മദ്യപിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കരളിന്റെ കഴിവിനെ തടസ്സപ്പെടുത്തിയേക്കാം. അമിതമായി ആൽക്കഹോൾ രക്തത്തിലെത്തുന്നതോടെ കുത്തിവയ്ക്കുന്ന ഇൻസുലിന്റെയും കഴിക്കുന്ന മരുന്നുകളുടെയും പ്രവർത്തനം തടസപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *