കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കണ്ണൂരിലെ വിചാരണ കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രശാന്തനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഇക്കാര്യം തെറ്റെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി എസ്ഐടി പ്രത്യേക അന്വേഷണം നടത്തിയില്ല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ല.
നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിട്ടില്ല. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണവും മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് എസ്ഐടി അന്വേഷിച്ചില്ല. മൊഴികള്‍ അവഗണിച്ചതിലൂടെ അന്വേഷണം എസ്ഐടി അട്ടിമറിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയുമെന്നും ഹർജിയിൽ പറയുന്നു.
കേസില്‍ എസ്ഐടി നടത്തിയ അന്വേഷണം പക്ഷപാതപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. റവന്യൂ മന്ത്രിയെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പ്രതിയെ സഹായിക്കാനാണ്. പി പി ദിവ്യയുടെ ബെനാമിയാണ് പെട്രോള്‍ പമ്പ് ലൈസന്‍സ് നേടാന്‍ ശ്രമിച്ച പ്രശാന്തന്‍. ഇതാണ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ തിരിയാന്‍ കാരണം. പെട്രോള്‍ പമ്പ് നടത്താനുള്ള ആസ്തി പ്രശാന്തനില്ല. ആശുപത്രി ജീവനക്കാരനായ പ്രശാന്തന് പെട്രോള്‍ പമ്പ് ലൈസന്‍സിന് അപേക്ഷിക്കാനാവില്ല.
പി പി ദിവ്യയും പ്രശാന്തനുമായുള്ള ബന്ധം എസ്ഐടി അന്വേഷിച്ചില്ല. ഇത് അന്വേഷണത്തിലെ വീഴ്ചയെന്നും ഹര്‍ജിയില്‍ പറയുന്നു. കുറ്റം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ മറച്ചുവെച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.