തിരുവനന്തപുരം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ നേരത്തെ കേരള പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സതീഷിനെ വലിയതുറ പൊലീസിന് കൈമാറി.
മരണത്തിന് പിന്നിൽ സതീഷാണെന്നാണ് അതുല്യയുടെ കുടുംബം ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസിൽ പരാതിയും നൽകിയിരുന്നു. സതീഷിൽ നിന്ന് അതുല്യ നിരന്തരം പീഡനം അനുഭവിച്ചിരിന്നുവെന്നും ഇതാണ് അതുല്യയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. അതുല്യയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് പിതാവ് രാജശേഖരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂലൈ 19നാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷിനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നത്. എന്നാൽ മാതാപിതാക്കളുടെ പരാതിയിൽ റീ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കുകയായിരുന്നു. ദേഹോദ്രവം ഉൾപ്പടെ അതുല്യ നേരിട്ടിരുന്നെന്നും പലതവണ വിവാഹ മോചനത്തിനായി ശ്രമിച്ചിരുന്നെങ്കിലും സതീഷ് സമ്മതിച്ചില്ലെന്നുമാണ് അതുല്യയുടെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആരോപണം. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തിരുന്ന സതീഷ് ശങ്കർ മദ്യത്തിന് അടിമയാണ്.