മുംബൈ: ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് പുരുഷ ക്രിക്കറ്റ് ടൂർണമെന്റ് മത്സരങ്ങളുടെ മത്സര വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. യുഎഇയിൽ നടക്കുന്ന ടൂർണമെന്റിന് രണ്ട് വേദകളാണുള്ളത്. ദുബായിലും അബുദാബിയിലുമായി സെപ്തംബർ 9 മുതൽ 28 വരെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും നേർക്കുന്നേർ വരുന്ന ആദ്യ പോരാട്ടത്തിന് ദുബായി വേദിയാകും.
എട്ട് ടീമുകളാണ് ഇത്തവണ കിരീടത്തിന് മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ തവണ ഇത് ആറായിരുന്നു, പുതിയതായി രണ്ട് ടീമുകൾകൂടി ടൂർണമെന്റിന്റെ ഭാഗമാകും. ഫൈനൽ അടക്കം ആകെ 19 മത്സരങ്ങളുള്ളതിൽ 11 എണ്ണം അബദാബിയിലും എട്ട് എണ്ണം ദുബായിലുമാണ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഹോങ്-കോങ് അഫ്ഗാനിസ്ഥാനെ നേരിടും. അബുദാബിയിലാണ് മത്സരം. ഫൈനൽ മത്സരത്തിന് ദുബായിയും വേദിയാകും.
ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.
അതേസമയം, ഇന്ത്യ – പാക്കിസ്ഥാൻ മത്സരം സംഘടിപ്പിക്കുന്നതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. “നമ്മുടെ സഹ ഇന്ത്യക്കാരുടെയും യൂണിഫോമിലുള്ള നമ്മുടെ സൈനികരുടെയും രക്തത്തേക്കാൾ പണമാണ് പ്രധാനം. ഓപ്പറേഷൻ സിന്ദൂരിൽ കപടനാട്യക്കാരനായതിൽ ഇന്ത്യയ്ക്ക് നാണക്കേട്. പ്രിയപ്പെട്ട ബിസിസിഐ, ഇത് നിങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുന്ന രക്തപ്പണം മാത്രമല്ല, ശപിക്കപ്പെട്ട പണവുമാണ്,” രാജ്യ സഭ. എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു.