കൊച്ചി: താരസംഘടനയായ എഎംഎംഎയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ പുതിയ വഴിത്തിരിവ്. നടിമാരുടെ ദുരനുഭവങ്ങള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച മെമ്മറിക്കാര്‍ഡ് തിരികെ ലഭിക്കണം എന്ന് ആവശ്യപ്പെട്ട് കുക്കു പരമേശ്വരനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംഘടനയിലെ ഒരു വിഭാഗം നടിമാര്‍.
കാര്‍ഡ് പുറത്തുപോയാല്‍ അത് സ്വകാര്യതയെ ബാധിക്കുമെന്നും ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ നടിമാരുടെ ജീവന് തന്നെ ഭീഷണിയാവുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് ആരോപിച്ചു മാലാ പാര്‍വതി രംഗത്തെത്തിയിരുന്നു. എന്നാൽ സ്ത്രീകൾക്ക് വേണ്ടി നിലനിൽക്കുന്ന ആളല്ല എന്ന് പറഞ്ഞു മാല പാർവതിയുടെ ആരോപണം ഉഷ ഹസീനയും പൊന്നമ്മ ബാബുവും തള്ളി.
നടിമാരായ പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ ഹസീന എന്നിവരാണ് കുക്കു പരമേശ്വരനെതിരെ പരസ്യമായി രംഗത്തുവന്നത്. 2018ല്‍ നടിമാരുടെ വെളിപ്പെടുത്തല്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് കുക്കുവിന്‍റെ കൈവശമുണ്ടെന്നും അതുപയോഗിച്ച് തെരഞ്ഞെടുപ്പ് സമയത്ത് പല താരങ്ങളെയും ഭീഷണിപ്പെടുത്തുകയാണെന്നുമാണ് നടിമാരുടെ ആരോപണം. അതിനാൽ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച മെമ്മറിക്കാര്‍ഡ് തിരികെ ലഭിക്കണം എന്ന് ആവശ്യപ്പെട്ട് കുക്കു പരമേശ്വരനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നടിമാര്‍.
നടിമാരുടെ ആരോപണങ്ങൾക്ക് പിന്നിൽ നടൻ ബാബുരാജാണെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ മത്സരത്തിൽ നിന്നും പിന്മാറില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് നടി കുക്കു പരമേശ്വരൻ.