എല്ലാം ‘തള്ളലോ’; അര്‍ജന്റീന കേരള സന്ദർശനത്തിന്റെ ഭാവിയെന്ത്?

സൂപ്പര്‍താരം ലയണല്‍ മെസിയുടെ കേരളത്തിലേക്കുള്ള വരവിനെ ചൊല്ലി തര്‍ക്കം രൂക്ഷം. കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തി. മെസിയെയും സംഘത്തെയും കേരളത്തില്‍ കളിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു.

എ.എഫ്.എയുടെ പ്രതികരണം

ആദ്യമായാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ) ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. മെസിയുടെ കേരള സന്ദര്‍ശനം വിഷയത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്ത് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് എ.എഫ്.എ ചീഫ് കൊമേഴ്‌സ്യല്‍ ആന്റ് മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥന്‍ ലീന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു.

അര്‍ജന്റീനയുടെ ഭാഗത്തല്ല തെറ്റ്. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നടത്തിയ കരാര്‍ ലംഘനത്തിന്റെ വിശദാംശങ്ങള്‍ എ.എഫ്.എ പുറത്തുവിട്ടില്ല.

മന്ത്രിയുടെ കൂടിക്കാഴ്ചയും 13 ലക്ഷം ചെലവും !

മെസി കേരളത്തിലെത്തില്ല എന്ന വാര്‍ത്തയ്‌ക്കൊപ്പം കേരള സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത് കായികമന്ത്രി വി.അബ്ദുറഹിമാന്റെയും സംഘത്തിന്റെയും സ്‌പെയിന്‍ യാത്രയാണ്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടത്താനാണ് മന്ത്രിയും സംഘവും സ്‌പെയിനില്‍ പോയത്. ഇതിനു 13 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായെന്നാണ് കണക്കുകള്‍. നടക്കാത്ത ഒരു കാര്യത്തിനു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ചത് എന്തിനാണെന്ന ചോദ്യത്തിനു മുന്നില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

രണ്ട് മത്സരങ്ങള്‍ക്കായി 130 കോടി രൂപ അടച്ചെന്ന് റിപ്പോര്‍ട്ടര്‍

അര്‍ജന്റീനയുടെ രണ്ട് മത്സരങ്ങള്‍ക്കായി 130 കോടി രൂപ ഫീസായി അടച്ചുവെന്നാണ് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പറയുന്നത്. ഇത്രയും പണം അടച്ചിട്ടും മെസി കളിക്കാന്‍ എത്തിയില്ലെങ്കില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്നത് കരാര്‍ ലംഘനമാണെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പറഞ്ഞിരുന്നു. അതേസമയം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പറയുന്ന 130 കോടി ഫീസുമായി ബന്ധപ്പെട്ട കണക്കുകള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മന്ത്രിയുടെ വാക്കുകള്‍

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ലംഘിച്ചെന്ന എ.എഫ്.എ മാര്‍ക്കറ്റിങ് മേധാവിയുടെ ആരോപണം കായികമന്ത്രി അബ്ദുറഹിമാന്‍ നിഷേധിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സ്പോണ്‍സര്‍മാരാണ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളം അത്തരത്തിലൊരു കരാര്‍ ഒപ്പിട്ടിട്ടില്ല. കരാര്‍ ഉള്ളത് സ്‌പോണസര്‍മാരുമായി മാത്രമാണ്. അനാവശ്യ വിവാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *