കൊച്ചി: മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് ഇതു വരെയും ഔദ്യോഗികമായി ആരും അറിയിച്ചട്ടില്ല. പണം നല്കിയിട്ടുണ്ടെങ്കിൽ തിരിച്ചു പിടിക്കാനുള്ള എല്ലാ വഴികളും നോക്കുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മെസ്സിയെ കേരളത്തിലെത്തിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് അർജന്റീനയുമായി ധാരണയിലെത്തിയത്. 2025 ഒക്ടോബർ / നവംബർ മാസത്തിൽ മെസിയുടെ കേരളത്തിലേക്കുള്ള വരവ് ഉണ്ടാകും എന്ന് എല്ലാ ഉറപ്പും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നല്കിയത്. ഖത്തർ ലോകകപ്പ് വിജയിച്ച ടീമിനെയാണ് ഉദ്ദേശിച്ചത്. എന്നാൽ 2026 സെപ്തംബറിലേക്കു മാറ്റി എന്നാണ് ഇപ്പോൾ പറയുന്നത്. ഇതിനായി അവർ പുതിയ ധാരണ പത്രം അയച്ചു തന്നു. എന്നാൽ അത് സാധ്യമാകുന്നതല്ല എന്ന് ആന്റോ അഗസ്റ്റിൻ പറഞ്ഞു.
എഐഎഫ്എയുമായെല്ലാം പുതിയ കരാറിൽ ധാരണയുണ്ടാക്കേണ്ടതുണ്ട്. അതിൽ പെട്ടെന്ന് തീരുമാനമെടുക്കാനുമാകില്ല. പുതിയ കരാർ ആകാം എന്നത് പഴയ കരാറിന്റെ ലംഘനമാണ്. കേരളത്തിന്റെ ഫുട്ബോൾ സാധ്യത അർജന്റീന ഇപ്പോൾ മനസ്സിലാക്കിയട്ടുണ്ട്. പുതിയ നീക്കം വിലപേശലാണോയെന്ന് സംശയമുണ്ട്. അർജന്റീന ഇന്ത്യയിൽ വരുമെന്നു പറയുന്ന സംസ്ഥാനങ്ങളിലെല്ലാം ഈ ആശയക്കുഴപ്പമുണ്ട്. ഞങ്ങളുടെ കൈയിൽ എല്ലാ തെളിവുകളും ധാരണാ പത്രവും ഉണ്ട്. സ്റ്റേഡിയത്തിനും മാർക്കറ്റിംഗിനുമായി ഇതിനകം പണം നല്കിയട്ടുമുണ്ടെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി.
ഈ കരാർ റദ്ദായാൽ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും. അതുകൊണ്ട് കരാർ ലംഘനം ഉണ്ടായാൽ അതിനെതിരെ കമ്പനി ശക്തമായി നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അർജൻറീന ഫുട്ബോൾ അസോസിയേഷനുമായിട്ടാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കരാറിൽ ഏർപ്പെട്ടത്. കരാറിലെ എല്ലാ വ്യവസ്ഥകളും നൽകേണ്ട മുഴുവൻ തുകയും കൈമാറുന്നതടക്കം – കമ്പനി പാലിച്ചിട്ടുണ്ട്. അതനുസരിച്ച് ലയണൽ മെസ്സി ഉൾപ്പെട്ട അർജൻറീന ടീമിന്റെ ഇന്ത്യയിലെ മുഴുവൻ കളികളുടേയും നടത്തിപ്പ് ചുമതല റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കായിരിക്കും. ഈ വർഷം മെസ്സി ഉൾപ്പെടുന്ന ടീം ഇന്ത്യയിൽ കളിക്കാൻ എത്തുമെന്ന നിലവിലെ കരാറിൽ മാത്രമേ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് താത്പര്യമുള്ളു എന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.