കളിക്കുന്നതാര് ? കരാര്‍ ലംഘനം നടത്തിയത് കേരളമെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ

തിരുവനന്തപുരം: ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിൽ എത്തുന്നത് സംബന്ധിച്ചുള്ള വിവാദങ്ങൾക്കിടെ കേരള സര്‍ക്കാരിനെതിരെ ആരോപണവുമായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്ത്. കരാര്‍ ലംഘനം നടത്തിയത് കേരളം ആണെന്നാണ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്റെ (എഎഫ്എ) പ്രതികരണം.

അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നാണെന്ന് എഎഫ്എ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ലിയാന്‍ഡ്രോ പീറ്റേഴ്സനുമായി സ്പാനിഷ് ഭാഷയില്‍ ആശയവിനിമയം നടത്തിയതിന്‍റെ വിശദാംശങ്ങളാണ് പ്രാദേശിക മാധ്യമം പുറത്തുവിട്ടിരിക്കുന്നത്.

130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്പോണ്‍സറില്‍ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദ‍ർശിക്കുന്നതില്‍ നിന്ന് പിന്‍മാറി അര്‍ജന്‍റീന ടീം കരാര്‍ ലംഘനം നടത്തിയല്ലോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പ്രതികരിച്ചത്. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു എന്നാണ് റിപ്പോർട്ട്.

അതേസമയം അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സറാണ്. അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള പണവും സ്പോണ്‍സര്‍ അടച്ചിട്ടുണ്ട്. സര്‍ക്കാരിന് ആരുമായും കരാറില്ല. സ്പോണ്‍സര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാറൊപ്പിട്ടതെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അർജന്‍റീനയുടെ മാർക്കറ്റിങ് ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്സന്‍റേതെന്നന്ന പേരില്‍ ഇപ്പോള്‍ പുറത്തുവന്ന ചാറ്റിന് വിശ്വസ്യതയില്ല. എന്‍റെ കയ്യിലുള്ള ലിയാൻഡ്രോയുടെ പ്രൊഫൈൽ അല്ല ഇന്ന് പുറത്ത് വന്നത്. മാധ്യമങ്ങൾ സർക്കാരിന് ഒപ്പം നിൽക്കണമെന്നും കായിക മന്ത്രി പറഞ്ഞു.

നേരത്തെ കരാര്‍ ലംഘനം നടത്തിയത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്പോണ്‍സര്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അര്‍ജന്‍റീന ടീമോ സൂപ്പര്‍ താരം ലിയോണല്‍ മെസിയോ ഇന്ത്യയില്‍ എവിടെ കളിക്കണമെങ്കിലും ഇനി തങ്ങളുടെ അനുമതിയോടെ മാത്രമെ കഴിയൂവെന്നും കരാറുണ്ടാക്കിയത് തങ്ങളുമായാണെന്നും സ്പോണ്‍സര്‍ പറഞ്ഞിരുന്നു.

മെസ്സി ഉൾപ്പെട്ട ടീം ഇന്ത്യയിലേക്ക് വരില്ല എന്ന് ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല. പകരം അടുത്ത വർഷം, 2026ലെ ലോകകപ്പിന് ശേഷം, സെപ്റ്റംബറിൽ വരാം എന്നാണ് പറയുന്നത്. എന്നാൽ കഴിഞ്ഞ ഖത്തർ ലോകകപ്പ് ജയിച്ച മെസ്സി ഉൾപ്പെട്ട അർജൻറീന ടീമിനെ ഈ വർഷം ഒക്ടോബറിലോ, നവംബറിലോ ഏഴ് ദിവസം ഇന്ത്യയിൽ എത്തിക്കാമെന്നാണ് കരാർ.

ഈ കരാർ റദ്ദായാൽ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും. അതുകൊണ്ട് കരാർ ലംഘനം ഉണ്ടായാൽ അതിനെതിരെ കമ്പനി ശക്തമായി നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സ്പോണ്‍സര്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വിവാദ വിഷയത്തിൽ കേരളം സർക്കാർ, സ്പോൺസർ, അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ എന്നീ മൂന്നു കൂട്ടരിൽ ആരാണ് ശരിക്കും കളിക്കുന്നത് എന്നാണ് ഫുട്‍ബോൾ പ്രേമികളുടെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *