ടെക് ഭീമനായ ആപ്പിളിന് പുതിയൊരു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) എത്തി .കമ്പനിയിലെ ഇൻസൈഡറും നിലവിൽ സീനിയർ വൈസ് പ്രസിഡന്റുമായ, ഇന്ത്യയിൽ വേരുകളുള്ള, സബിഹ് ഖാൻ ആണ് പുതിയ സിഒഒ .
58 കാരനായ ഖാൻ, ജെഫ് വില്യംസിന് പകരക്കാരനായി ഈ മാസം അവസാനം പുതിയ ചുമതല ഏറ്റെടുക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഡിസൈൻ ടീമിനെയും ആപ്പിൾ വാച്ചിനെയും നയിക്കാൻ വില്യംസ് ആപ്പിളിൽ തുടരും. കൂടാതെ അതിന്റെ സിഇഒ ടിം കുക്കിന് റിപ്പോർട്ട് ചെയ്യുന്നതും വില്യംസ് ആയിരിക്കും . വില്യംസിന്റെ വിരമിക്കലിനുശേഷം, ഡിസൈൻ ടീം നേരിട്ട് കുക്കിന് റിപ്പോർട്ട് ചെയ്യും എന്നാണ് വിവരം .
ഖാനെ “ബുദ്ധിമാനായ തന്ത്രജ്ഞൻ” എന്ന് വിളിക്കുന്ന കുക്ക്, പുതിയ നിയമനം ദീർഘകാലമായി ആസൂത്രണം ചെയ്തതാനെന്നു പറഞ്ഞു.
മൊറാദാബാദിൽ ജനിച്ച ഖാൻ 1995-ൽ ഐഫോൺ നിർമ്മാതാക്കളുടെ സംഭരണ ഗ്രൂപ്പിൽ ചേർന്നു. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി ബിരുദധാരിയായ അദ്ദേഹം ആപ്പിളിന്റെ ആഗോള വിതരണ ശൃംഖല, പ്രവർത്തന ടീമുകൾ, വിതരണ ഉത്തരവാദിത്ത പരിപാടികൾ എന്നിവയുടെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ജിഇ പ്ലാസ്റ്റിക്‌സിൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് എഞ്ചിനീയറും കീ അക്കൗണ്ട് ടെക്‌നിക്കൽ ലീഡറുമായിരുന്നു.
ഖാന്റെ കുടുംബം സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് സിംഗപ്പൂരിലേക്ക് താമസം മാറിയവരാണ് . പിന്നീട് യുഎസിലേക്ക് താമസം മാറി.ഖാൻ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കൽ എഞ്ചിനീയറിംഗിലും ഡ്യുവൽ ബാച്ചിലേഴ്സ് ബിരുദവും തുടർന്ന് ന്യൂയോർക്കിലെ റെൻസെലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ (ആർപിഐ) നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയതായി ആപ്പിൾ വെബ്സൈറ്റ് പറയുന്നു.
ആപ്പിളിന്റെ ഏറ്റവും നൂതനമായ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ച ഖാൻ, കമ്പനിയുടെ ആഗോള പ്രവർത്തന തന്ത്രത്തിന് രൂപം നൽകുന്നതിൽ പ്രധാനി ആയിരുന്നു.2019 ൽ, ഖാനെ സീനിയർ വൈസ് പ്രസിഡന്റായി നിയമിച്ചു. മഹാമാരിയുടെ സമയത്ത് വിതരണക്കാരുടെ പ്രവർത്തനങ്ങൾ മാറ്റുന്നതിനും പരിസ്ഥിതി സൗഹൃദ ഉൽപാദന വിതരണക്കാരുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനും അദ്ദേഹം നിരന്തരം ശ്രമിച്ചു.