എന്തിനും ഏതിനോടും ദേഷ്യപ്പെടുന്ന ചിലരുണ്ട്. മൂക്കത്താണ് ശുണ്ഠിയെന്ന് ഇത്തരക്കാരെ പൊതുവെ പറയാറുണ്ട്. പെട്ടെന്ന് ഉണ്ടാവുന്ന ദേഷ്യത്താൽ ആക്രോശിക്കുകയും കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിയുകയും ചെയ്യുന്നവരുമുണ്ട്. എന്നാൽ പിന്നീട് അതെല്ലാമോർത്ത് വിഷമിക്കുകയും, അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും.
ദേഷ്യം എന്നത് എല്ലാവരിലുമുള്ളൊരു സ്വാഭാവിക കാര്യമാണ്. ദേഷ്യം വരുന്നത് മാനുഷികവും സ്വാഭാവികവുമായ ഒന്നാണ്. എന്നാൽ അതിനെ സ്വയം നിയന്ത്രിച്ചു നിർത്താൻ കഴിയണം. അമിതമായി ദേഷ്യം വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് ഒരു തരത്തിലുള്ള മാനസിക രോഗമാണെന്ന് ഡോക്ടർമാർ പറയുന്നു. പെട്ടെന്ന് ദേഷ്യപ്പെടുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
- അമിതമായി ദേഷ്യപ്പെടുന്നത് മനസിനെയും ബാധിക്കും. നിങ്ങളുടെ നല്ല ചിന്തകളെയും സ്വപന്ങ്ങളെയും തകർത്തുകളയും.
- മനസിനെ മാത്രമല്ല ശരീരത്തെയും ദേഷ്യം പ്രതികൂലമായി ബാധിക്കും. രക്തസമ്മർദം ഉയരും, ഹൃദയമിടിപ്പ് വർധിപ്പിക്കും എന്നതടക്കം സ്ട്രോക്കിനു വരെ സാധ്യതയുണ്ട്.
- ദേഷ്യം അമിതമായുള്ളവർക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും. അതിനാൽതന്നെ രോഗങ്ങൾ പെട്ടെന്ന് ഇവരെ പിടികൂടാം.
- ദേഷ്യം നിയന്ത്രിക്കാനായില്ലെങ്കിൽ കാലക്രമേണ കടുത്ത വിഷാദത്തിന് അടിമപ്പെട്ടേക്കാം.
- അമിതമായ ദേഷ്യം പ്രകടിപ്പിക്കുന്നവർ ഇത്തരക്കാരിൽ ആത്മഹത്യാപ്രവണത കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ദേഷ്യം നിയന്ത്രിക്കാനുള്ള ചില വഴികള്‍
കാരണം കണ്ടെത്തുക: ദേഷ്യത്തിന്റെ കാരണം കണ്ടെത്തി അത്തരം സാഹചര്യത്തില്‍ ചെന്നുപെടാതെ ശ്രദ്ധിക്കുക. അത്തരം സാഹചര്യങ്ങളിന്‍ നിന്നും ഒഴിഞ്ഞു നില്ക്കുക.
എണ്ണിത്തീര്‍ക്കാം: ദേഷ്യം വന്നാല്‍ നൂറുമുതല്‍ ഒന്നു വരെ പിറകോട്ട് എണ്ണുക. കുറച്ചു കഴിയുമ്പോള്‍ ദേഷ്യം കുറയും.
സ്വയം സംസാരിക്കാം: മനസ്സിനോട് ശാന്തമാവൂ, അടങ്ങൂ എന്നൊക്കെ പറഞ്ഞ് സ്വയം റിലാക്സ് ആവാം.
ദീര്‍ഘനിശ്വാസം എടുക്കാം: 5-6 തവണ ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ നിശ്വസിച്ച് മനസ്സിനെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കാം.









