വനിതാ പ്രസിഡന്റ് വരുമോ? വിവാദങ്ങൾക്കിടെ ‘എഎംഎംഎ’ ഭാരവാഹികളെ ഇന്നറിയാം

കൊച്ചി: ദിവസങ്ങളോളം നീണ്ടുനിന്ന വിവാദങ്ങൾക്കും  ആരോപണ പ്രത്യാരോപണങ്ങൾക്കും അവസാനം  കുറിച്ച് താര സം​ഘടനയായ ‘എഎംഎംഎ’ പുതിയ ഭാരവാ​ഹികളെ ഇന്ന് തെരഞ്ഞെടുക്കും. മത്സരത്തിലെ പിന്മാറ്റങ്ങളും വിവാദങ്ങളും ശ്രദ്ധേയമാക്കിയ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ പത്ത് മണിക്ക് തുടങ്ങും. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പോളിങ് സമയം നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയായി ഫലമറിയാനാകും.

ശ്വേതാമേനോനും ദേവനും തമ്മിലാണ് സം​ഘടനയുടെ അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരം. ആറുപേർ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയിരുന്നെങ്കിലും നാലുപേർ പത്രിക പിൻവലിച്ചു. അതോടെ സംഘടനയുടെ അക്ഷ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ ദേവനും ശ്വേതയ്ക്കും വഴിതെളിഞ്ഞു. താരസംഘടന രൂപീകൃതമായതിന് ശേഷം ഇതാദ്യമായാണ് ഒരു സ്ത്രീ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വനിത പ്രസിഡന്റ് വരുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. 

കുക്കുപരമേശ്വരനും രവീന്ദ്രനുമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നേരത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയ ബാബുരാജും അനൂപ് ചന്ദ്രനും പിന്നീട് പത്രിക പിൻവലിച്ചിരുന്നു. കുക്കുവിന്റെ സ്ഥാനാർത്ഥിത്തത്തെ ചൊല്ലിയും വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉയർന്നുവന്നത്. സംഘടനയിലെ ഒരു വിഭാഗം വനിത അംഗങ്ങൾ കുക്കുവിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. 

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേയ്ക്ക് മത്സര രംഗത്തുള്ളത്.  ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമാണ് മത്സരിക്കുന്നത്. 

എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, വിനുമോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു എന്നിവരും  മത്സരിക്കുന്നുണ്ട്. നീനാ കുറുപ്പ്, സജിതാബേട്ടി, സരയൂമോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് എക്സിക്ക്യൂട്ടിവ് കമ്മിറ്റിയുടെ വനിതാ സംവരണത്തിലേക്ക് മത്സരിക്കുന്നത്. 506 അംഗങ്ങളുള്ള അമ്മ സം​ഘടനയിൽ ഭൂരിഭാ​ഗം അം​ഗങ്ങളും തിരഞ്ഞെടുപ്പിന് എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം കമൽ ഹാസൻ, ഐ.എം വിജയൻ തുടങ്ങിയ ഹോണററി അംഗങ്ങൾക്ക് വോട്ടവകാശമില്ല. 

Leave a Reply

Your email address will not be published. Required fields are marked *