കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്ന് നിയുക്ത എഎംഎംഎ പ്രസിഡന്റ് ശ്വേത മേനോൻ. അതിജീവിത അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത ആവശ്യപ്പെട്ടു. കേസിൽ വലിയ കാലതാമസമാണ് ഇത് വരെ സംഭവിച്ചതെന്ന് പറഞ്ഞ ശ്വേത ഇനിയും വൈകരുതെന്നും കൂട്ടിച്ചേർത്തു.
“നടി ആക്രമിക്കപ്പെട്ട കേസ് ഏറെ ഗൗരവമേരിയ വിഷയമാണ്. ഞങ്ങൾ എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറൽ ബോഡിയിലെ എല്ലാ അംഗങ്ങളും അവൾക്കൊപ്പമാണ്. സ്ത്രീ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഞങ്ങൾ എല്ലാവരും ഒരു കൂട്ടുകെട്ടാണ്. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ, അതിനായി കാത്തിരിക്കുകയാണ്. അതിജീവിതയ്ക്കൊപ്പം എല്ലാവരുമുണ്ട്.” ശ്വേത മേനോൻ പറഞ്ഞു.
അതേസമയം, മെമ്മറി കാർഡ് വിഷയവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടില്ലെന്നും വിഷയം എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യുമെന്നും ശ്വേത അറിയിച്ചു. അമ്മ മക്കളുടേതാണ്, പെൺമക്കളുടേതല്ല എന്ന ശ്വേതയുടെ പ്രസ്താവനയും ചർച്ചകൾക്ക് തുടക്കമിട്ട് കഴിഞ്ഞു. താൻ ആരുടേയും മൗത്ത് പീസ് ആകില്ലെന്നും തനിക്ക് തന്റെ ശബ്ദം ഉണ്ടെന്നും ശ്വേത മേനോൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് പ്രധാന താരങ്ങൾ വോട്ട് ചെയ്യാൻ വരാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് ശ്വേത മേനോൻ പറയുന്നത്. താൻ എല്ലാവരെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഉർവശി ഉൾപ്പെടെ പിന്തുണ അറിയിച്ചിരുന്നുവെന്നും ശ്വേത അറിയിച്ചു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ അമ്മയുടെ രക്ഷാധികാരികളാണെന്നും ഭാരവാഹികൾ മാറിയത് സംഘടന ഫണ്ട് അടക്കം ഒരു തരത്തിലും ബാധിക്കില്ലെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
അതേസമയം, അമ്മയുമായി സഹകരിക്കുമോയെന്ന് ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു നടി ഭാവനയുടെ പ്രതികരണം. നിലവിൽ താൻ അമ്മയിൽ അംഗമല്ലെന്നും അങ്ങനെ ഒരു സാഹചര്യം വരുമ്പോൾ പ്രതികരിക്കാമെന്നും ഭാവന വ്യക്തമാക്കി.
വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 20 വോട്ടിനാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്. ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ.