എഎംഎംഎ തിരഞ്ഞെടുപ്പ്; ജഗദീഷും ശ്വേതാമേനോനും നേർക്കുനേർ, നേതൃത്വത്തിൽ സൂപ്പർ താരങ്ങളില്ലാതാകുമോ?

കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് പദവിയിലേക്ക് കടുത്ത മത്സരം. മത്സരിക്കാൻ മുതിർന്ന താരം ജഗദീഷും ശ്വേതാ മേനോനും നാമനിർദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. നിലവിൽ അഞ്ചിലധികം പത്രികകളാണ് പ്രസിഡന്റ് പദവിയിലേക്ക് സമർപ്പിച്ചത്. ജനറൽ സെക്രട്ടറി പദവിയിലേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനുമാണ് ഇതിനോടകം പത്രിക സമർപ്പിച്ചത്.

മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ മത്സരം നടക്കുന്നു എന്നതാണ് ശ്രദ്ധേയം. താരങ്ങളിലെ മിക്ക അംഗങ്ങളും ഇത്തവണ തെരഞ്ഞെടുപ്പിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. വലിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഘടനയുടെ തലപ്പത്തേക്ക് ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ അംഗം എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആകെ 508 അംഗങ്ങളാണ് എഎംഎംഎയിലുള്ളത്. അതിൽ ഇന്നലെവരെ പത്രിക സമർപ്പിച്ചത് 127 പേരാണ്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും.

കുഞ്ചാക്കോ ബോബൻ, വിജയരാഘവൻ എന്നിവരുടെ പേരും സംഘടനാ തലപ്പത്തേക്ക് ഉയർന്നു കേട്ടിരുന്നുവെങ്കിലും ഇവർ ആരും ഇതുവരെയും പത്രിക സമർപ്പിച്ചിട്ടില്ല. വരുന്ന മാസം പതിനഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുക എങ്കിലും നാമനിർദേശ പത്രിക സമപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. മുപ്പത്തിയൊന്നാം തിയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.

ഇന്നസെന്റിന്റെ മരണശേഷം മോഹൻലാലാണ് എഎംഎംഎ പ്രസിഡന്റ് പദവിയിൽ തുടർന്നിരുന്നത്. എന്നാൽ ഹേമക്കമ്മിറ്റി വിവാദത്തിന് പിന്നാലെ സംഘടനാ തലപ്പത്തുള്ളവർ രാജിവെച്ച് ഭരണ സമിതി പിരിച്ചുവിടുകയായിരുന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ മത്സരത്തിനില്ല എന്ന നിലപാടെടുത്തിരിക്കുകയാണ് മോഹൻലാൽ. തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ പ്രസിഡന്റ് പദവിയിൽ തുടരണം എന്ന അഡ്ഹോക് കമ്മിറ്റിയുടെ അഭ്യർഥന നിരസിച്ചാണ് മോഹൻ കടുത്ത തീരുമാനം അസന്നിഗ്ദമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞമാസം കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. ജനറൽ ബോഡിയിലെ ഭൂരിക്ഷം അംഗങ്ങളും മോഹൻലാലിനോട് സ്ഥാനത്ത് തുടരണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും മോഹൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. മാത്രമല്ല പതിവിന് വിപരീതമായി ഒരു ദിവസം മുഴുവൻ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് തീരുമാനത്തിൽ എത്തിയത്.

യോഗത്തിൽ പങ്കെടുത്തവരെല്ലാം മോഹൻലാൽ തുടരണം എന്ന ആവശ്യം ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ജനറൽ ബോഡിയിൽ കുറേപേർ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാവരുടേയും പിന്തുണയില്ലാതെ തുടരില്ലെന്ന നിലപാടെടുക്കുകയായിരുന്നു മോഹൻലാൽ. മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത് മോഹൻലാൽ തന്നെയാണ്.

പതിമൂന്ന് വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉൾപ്പെടെയുള്ളവർ ഈ മീറ്റിങിൽ പങ്കെടുത്തിരുന്നു. മോഹൻലാൽ മത്സരിക്കില്ലെന്ന നിലപാടെടുത്തതിന് പിന്നാലെ സമവായ ചർച്ചകളും യോഗത്തിലുണ്ടായി. ഒരു തരത്തിലും അദ്ദേഹം വഴങ്ങില്ലെന്ന് കണ്ടപ്പോൾ ചിലർ സമവായ നീക്കം നടത്തി. നിലവിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലാത്ത വിജയരാഘവന്റെയും കുഞ്ചാക്കോ ബോബന്റെയും പേരുകളാണ് സമവായത്തിൽ ഉയർന്നത്. ചിലർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജോയ് മാത്യുവിന്റെ പേരും നിർദേശിച്ചിരുന്നു. പക്ഷേ ഈ നിർദേശങ്ങളിലധികവും വന്നത് സംഘടനയ്ക്ക് പുറത്തു നിന്നാണ്.

ജോയ് മാത്യുവിന്റെ പേര് വന്നതോടെ പലരും നിലപാട് പറയാതെ മാറി നിന്നുവെന്നും പറയുന്നു. എന്നാൽ നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രൂപീകരിച്ച സിനിമയിലെ സ്ത്രീ കൂട്ടായ്മയോടുള്ള അടുപ്പവും ആ കൂട്ടായ്മയിലെ അംഗങ്ങൾ എഎംഎംഎയിൽ നിന്ന് രാജിവെച്ചതും ജോയ് മാത്യുവിന് തിരിച്ചടിയായി. സ്ത്രീപക്ഷ വാദികളാണ് എന്ന് പറയുന്ന ഭൂരിഭാഗം പേരും ഡബ്ല്യു സി സി യുമായി അകൽച്ചയിലാണ്.

നേരത്തെ ഡബ്ല്യു ഡി സിയുടെ ഭാഗമായിരുന്ന പലരും ഇപ്പോൾ സംഘടനാ തലത്തിൽ പോലും മൌനം പാലിക്കുകയാണ്. അതുകൊണ്ട് പ്രസിഡന്റ് പദവയിലേക്ക് ഒരു സ്ത്രീ എത്തിയാൽ ആ ചീത്തപ്പേര് മറികടക്കാനാവും എന്ന പ്രതീക്ഷയും സംഘടനയിലുള്ളവർക്കുണ്ട്. അതിനാൽ ശ്വേതാമോനോന് ഒരു പണത്തൂക്കം മുൻഗണ കിട്ടിയേക്കും. പക്ഷേ എല്ലാ സ്ത്രീകളും ഇവരെ പിന്തുണയ്ക്കും എന്നതിൽ പോലും ഉറപ്പില്ല. തെരഞ്ഞെടുപ്പാണ്, കേവലം ജൻഡൻ ഡിമാന്റിൽ മാത്രം ഒരാളെ പിന്തുണയ്കാനും ആവില്ല.

ജഗദീഷിന്റെ പേരിലും ചില അസ്വാരസ്യങ്ങൾ കേൾക്കുന്നുണ്ട്. ഹേമക്കമ്മിറ്റി റിപ്പോർട്ടിന് ശേഷവും തലയുയർത്തി നിൽക്കാനാവുന്ന താരം എന്നത് ആൾക്ക് മൈലേജാണ്. പക്ഷേ ആരോപണ വിധേയരായ സിദ്ദിഖിനെയും മുകേഷിനെയുമൊക്കെ ഒരുപോലെ പിന്തുണയ്ക്കുയും വിമർശിക്കുകയും ചെയ്തത് ജഗദീഷിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്.

മുൻനിര താരങ്ങൾ മത്സരിക്കാനില്ലാത്തത് തെരഞ്ഞെടുപ്പിന്റെ ആവേശത്തേയും ബാധിച്ചിട്ടുണ്ട്. മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരിൽ ആരെങ്കിലുമൊക്കെ ഭരണസമിതിയുടെ സുപ്രധാന പദവികളിൽ ഉണ്ടായിരുന്നു. അവരാരും ഇത്തവണ ചിത്രത്തിലില്ല. ആരോഗ്യപ്രശ്നങ്ങളുന്നയിച്ച് മമ്മുട്ടിയും പിന്മാറി. ഇവർ രണ്ടു പേരും ഇല്ലെന്ന് മനസ്സിലാക്കിയതോടെ പിന്നാക്കം വലിഞ്ഞ സുരേഷ് ഗോപിയെയുമാണ് നമുക്ക് കാണാൻ കഴിയുന്നത്. പിന്നീടുള്ളത് സിദ്ധിഖാണ്. നിലവിലെ സാഹചര്യത്തിൽ സിദ്ധിഖിന് മത്സരിക്കാനാവില്ല.

താരങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിലും വിലക്കുകളിലും കൃത്യമായ ഇടപെടൽ നടത്തുന്നത് താരസംഘടനയാണ്. അതിന്റെ നടത്തിപ്പിനെയും വിശ്വാസ്യതയെയും ബാധിക്കുന്ന തരത്തിലാണ് പുതിയ നീക്കങ്ങൾ. എന്തായാലും സംഘടനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിന്ധി ഘട്ടമാണിത് എന്നതിൽ സംശയമില്ല. കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പ് വരെ ഡിലീറ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ചർച്ചകളിൽ പങ്കെടുക്കാനുള്ള താത്പര്യക്കുറവാണ് ഗ്രൂപ്പ് തന്നെ ഇല്ലാതാക്കിയതിലേക്ക് എത്തിച്ചത്.

സംഘടനാ തലപ്പത്ത് മത്സരിക്കുന്ന ജഗദീഷ് അംഗങ്ങളിൽ നിന്ന് പിന്തുണ തേടിയതായി സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. ഇന്ന് വൈകുന്നേരം വരെ നാമനിർദേശ പത്രിക നൽകാമെന്നിരിക്കെ ഇനിയും കൂടുതൽ ആളുകൾ മത്സരത്തിന് തയ്യാറായേക്കും. അവസാന ഘട്ട മത്സര ചിത്രത്തിന് രണ്ട് നാല് ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *